ന്യൂഡൽഹി: ഇന്ത്യൻ പ്രദേശത്തെ ഭൂപടത്തിൽ ഉൾപ്പെടുത്തുകയും ദേശീയ മുദ്രയിൽ ചേർക്കാനുമുള്ള നേപ്പാളിന്റെ തീരുമാനത്തിനെതിരെ ശക്തമായ വിയോജിപ്പറിയിച്ച് ഇന്ത്യ. നേപ്പാൾ തങ്ങളുടെ 'അവകാശവാദത്തെ കൃത്രിമമായി വലുതാക്കി' കാണിക്കുകയാണെന്നാണ് ഇന്ത്യ പ്രതികരിച്ചിരിക്കുന്നത്.
ഇന്ത്യ ഇക്കാര്യത്തിലുള്ള നിലപാട് നേരത്തെ തന്നെ അറിയിച്ചതാണെന്നും ചർച്ചകൾ നടത്തി പ്രശ്നങ്ങൾ പരിഹരിക്കാമെന്ന് ഇരു രാജ്യങ്ങളും തമ്മിൽ ഉണ്ടാക്കിയ ധാരണയ്ക്ക് വിഘാതമാണ് ഈ പുതിയ നീക്കമെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
നേപ്പാളിന്റെ അവകാശവാദങ്ങൾക്ക് ചരിത്രപരമായ വസ്തുതകളുടെയോ മറ്റ് തെളിവുകളുടെയോ അടിസ്ഥാനത്തിലല്ലെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു.
ഇന്ത്യൻ ഭൂപ്രദേശമായ ലിപുലേഖിനെ നേപ്പാളിന്റെ പ്രദേശമായി കണക്കാക്കികൊണ്ടുള്ള ഭൂപടത്തെ ഭരണഘടനയിൽ ഭേദഗതി വരുത്തികൊണ്ട് ദേശീയ മുദ്രയിൽ ചേർക്കാനുള്ള ബില്ലാണ് നേപ്പാൾ പാർലമെന്റ് ശനിയാഴ്ച പാസാക്കിയത്.
ഇന്ത്യയുടെ താത്പര്യങ്ങൾക്ക് വിഘാതമായി തീരുമാനമെടുത്ത നേപ്പാൾ ഇപ്പോൾ വിഷയത്തിലുള്ള ചർച്ചയ്ക്കുള്ള സാദ്ധ്യതകൾക്ക് തടസ്സം സൃഷ്ടിച്ചിരിക്കുകയാണ്.