mask

ഡെറാഡൂൺ: സംസ്ഥാനത്ത് കൊവിഡ് രോഗബാധ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ മുൻകരുതലുകൾ സ്വീകരിക്കാത്തവർക്ക് കടുത്ത ശിക്ഷയുമായി ഉത്തരാഖണ്ഡ്. സംസ്ഥാനത്ത് മാസ്ക്ക് ധരിക്കാതിരുന്നാൽ ആറ് മാസം തടവും 5000 രൂപ പിഴയുമാണ് ലഭിക്കുക.

സർക്കാർ ഇതുസംബന്ധിച്ചുള്ള ഓർഡിനൻസ് ഇറക്കിയിട്ടുണ്ട്. ഗവർണർ ബേബി റാണി മൗര്യ ഓർഡിനൻസിൽ ഇന്ന് ഒപ്പുവച്ചു. പകർച്ചവ്യാധി നിയമം ഭേദഗതി ചെയ്താണ് സംസ്ഥാനത്ത് മാസ്ക് നിർബന്ധമാക്കിയിരിക്കുന്നത്.

ക്വാറന്റീൻ നിർദേശങ്ങളും സംസ്ഥാനത്ത് കർശനമാക്കിയിട്ടുണ്ട്. ടൂറിസം പ്രധാന വരുമാന സ്രോതസ്സായ ഉത്തരാഖണ്ഡിൽ കോവിഡ് ബാധിതരുടെ എണ്ണം നിലവിൽ 1700 കടന്നിരിക്കുകയാണ്. രോഗം മൂലം ഇതുവരെ 21 പേരാണ് മരിച്ചത്.

ലോക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചതോടെ ആളുകൾ മുൻകരുതൽ കൂടാതെ നഗരങ്ങളിലേക്ക് ഇറങ്ങിയതോടെയാണ് നിയമങ്ങൾ കർശനമാക്കാൻ സർക്കാർ തീരുമാനിച്ചത്.