covid-19

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് കേസുകൾ കുത്തനെ ഉയരുന്നു. രോഗബാധിതരുടെ എണ്ണം മൂന്ന് ലക്ഷം പിന്നിട്ടു. മരണം 9,000കടന്നു. ഡൽഹിയിലും മഹാരാഷ്ട്രയിലുമാണ് സ്ഥിതി ഏറ്റവും ഗുരുതരം. മഹാരാഷ്ട്രയിൽ 3400ൽ കൂടുതലാളുകൾക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 1,04,568 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ നൂറിൽ കൂടുതൽ മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്തെ ആകെ മരണസംഖ്യ 3830 ആയി.

ഡൽഹിയിലും കൊവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുകയാണ്. ആകെ രോഗികളുടെ എണ്ണം നാൽപതിനായിരത്തിനടുത്തെത്തി. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഇന്ന് രാവിലെ 11 മണിക്ക് ഡൽഹിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ അദ്ധ്യക്ഷതയിൽ ഉന്നതതലയോഗം ചേർന്ന് സ്ഥിതി വിലയിരുത്തും.

അതേസമയം, രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ സ്ഥിതിഗതികൾ വിലയിരുത്താൻ പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നു. അമിത് ഷാ, ആരോഗ്യമന്ത്രി ഡോ ഹർഷ വർദ്ധൻ, ക്യാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബെ എന്നിവർ യോഗത്തിൽ പങ്കെടുത്തു. ചികിത്സ സൗകര്യങ്ങൾ വർദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് യോഗം ചർച്ച ചെയ്തു.