depression-
DEPRESSION

കേരളത്തിലെ ഒരു തീരദേശ നഗരപാതയിലെ മേൽപ്പാലം.സമയം വൈകിട്ട് ആറര മണി.

25 വയസുകാരനായ യുവാവ് സ്കൂട്ടറിൽ വന്നിറങ്ങി പാലത്തിൽ നിന്ന് കായലിലേക്ക് നോക്കിനിന്നു.കഴുത്തിൽ കിടന്ന മാലയും മൊബൈലും വീട്ടിൽ വച്ചിട്ടാണ് വരവ്. ഒപ്പം പഠിച്ച ഇതര മതസ്ഥയായ പെൺകുട്ടി പ്രണയത്തിൽ നിന്ന് പിന്തിരിയുന്നതായി അറിയിച്ചതോടെ ഇനി ജീവിച്ചിരുന്നിട്ടു കാര്യമില്ലെന്ന് ആ യുവാവ് തീരുമാനിച്ചിരുന്നു.അയാൾക്ക് അച്ഛനെ ഒന്ന് വിളിക്കണമെന്ന് തോന്നി.അപ്പോൾ അതുവഴി ബൈക്കിൽ വന്ന ഒരാൾ വണ്ടി നിറുത്തി മൊബൈൽ ഫോണിൽ സംസാരിക്കുന്നുണ്ടായിരുന്നു. ഒരു കോൾ വിളിക്കാൻ അനുവദിക്കുമോയെന്ന് യുവാവ് അയാളോട് ചോദിച്ചു.അതിൽ അച്ഛനെ വിളിച്ച് അയാൾ പറഞ്ഞു

" ഞാൻ പോവുകയാണെന്ന് ".ആദ്യം അച്ഛന് കാര്യം പിടികിട്ടിയില്ല. സംശയം തോന്നി ആ മൊബൈലിലേക്ക് തിരികെ വിളിച്ചു. കുറെ റിംഗ് ചെയ്ത ശേഷം മൊബൈലിന്റെ ഉടമ ഫോൺ എടുത്തു. ഒരു യുവാവ് തന്റെ കൈയിൽ നിന്നും ഫോൺ വാങ്ങി സംസാരിച്ചുവെന്നല്ലാതെ കൂടുതൽ വിവരങ്ങളൊന്നും തനിക്കറിയില്ലെന്നും താൻ ഒരുപാട് ദൂരം പിന്നിട്ടെന്നും അയാൾ അറിയിച്ചതോടെ അച്ഛന് അപകടം മണത്തു. ഉടൻ തന്നെ പാലത്തിന് സമീപസ്ഥലത്ത് താമസിക്കുന്ന ബന്ധുവിനെ വിളിക്കുകയും എത്രയും വേഗം അവിടേക്ക് പോകാനും ആവശ്യപ്പെട്ടു. സമപ്രായക്കാരനായ കസിനാണ് യുവാവിനടുത്തെത്തിയത്. ഭാഗ്യം യുവാവ് അപ്പോഴും പാലത്തിൽ നിൽക്കുന്നുണ്ടായിരുന്നു. അനുനയത്തിൽ സംസാരിച്ച കസിൻ വീട്ടിലേക്ക് പോകാമെന്നു പറഞ്ഞ് തോളിൽ കൈയ്യിട്ടതും യുവാവ് കുതറിമാറി പാലത്തിൽ നിന്ന് കായലിലേക്ക് ചാടി. രണ്ടാം ദിവസം യുവാവിന്റെ മൃതദേഹം കിട്ടി. രണ്ടാഴ്ച മുമ്പായിരുന്നു സംഭവം.

കേരളത്തിൽ ആത്മഹത്യകൾ കൂടുകയാണ്. പ്രത്യേകിച്ചും യുവതലമുറ വിലപ്പെട്ട ജീവിതമുപേക്ഷിച്ച് മരണതീരത്തേക്ക് നടക്കുന്നു.അതിൽ സ്കൂൾ വിദ്യാർത്ഥികൾപോലും ഉണ്ടെന്നതിന് കഴിഞ്ഞ ഒരാഴ്ച കേരളത്തിൽ നടന്ന ആത്മഹത്യകളുടെ എണ്ണത്തിലേക്ക് കണ്ണോടിച്ചാൽ മാത്രം മതി. ഓരോരുത്തർക്കും അവരവരുടേതായ കാരണങ്ങൾ ഉണ്ടാകാം. പക്ഷേ ആത്മഹത്യ ഒന്നിനും ഒരു പരിഹാരമാകുന്നില്ലല്ലോ.

ദംഗൽ എന്ന ചിത്രത്തിനുശേഷം നിതേഷ് തിവാരി സംവിധാനം ചെയ്ത സിനിമയായിരുന്നു ചിച്ചോരെ. പ്രവേശന പരീക്ഷയിൽ വിജയിക്കാത്തതിനാൽ ആത്മഹത്യയ്ക്കു ശ്രമിച്ച മകന്റെ ജീവൻ തിരിച്ചുപിടിക്കാൻ ശ്രമിച്ച തന്റെ ജീവിതകഥ അച്ഛൻ സുഹൃത്തുക്കളുടെ സഹായത്തോടെ പറയുന്നതാണ് പ്രമേയം. സുശാന്ത് സിംഗ് രാജ്പുതും ശ്രദ്ധാകപൂറുമായിരുന്നു മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. കഴിഞ്ഞവർഷം ഇറങ്ങിയ ഈ ചിത്രം ആത്മഹത്യ ഒന്നിനുമൊരു പ്രതിവിധിയല്ലെന്ന വലിയൊരു സന്ദേശമാണ് മുന്നോട്ടുവച്ചത്. പ്രണയിച്ചു വിവാഹം ചെയ്തിട്ട് അകന്നുകഴിയുന്ന മാതാപിതാക്കൾ. അച്ഛനൊപ്പമാണ് മകന്റെ വാസം. എൻജിനിയറിംഗ് പ്രവേശന പരീക്ഷാഫലത്തിന്റെ തലേദിവസം അച്ഛൻ ഒരു ഷാംപെയ്‌ൻ കുപ്പി വാങ്ങി വരുന്നുണ്ട്. ജയിക്കുമ്പോൾ ഒരുമിച്ചിരുന്ന് കഴിക്കാൻ വേണ്ടിയാണെന്ന് മകനോട് പറയുകയും ചെയ്യുന്നു. ഇതെല്ലാം കുട്ടിയിൽ സമ്മർദ്ദം കൂട്ടുന്നു. റിസൽട്ട് അറിയാൻ കൂട്ടുകാരന്റെ ഫ്ളാറ്റിൽ പോകുന്ന മകൻ താൻ തോറ്റെന്നറിഞ്ഞ് പരിഭ്രാന്തനാകുന്നു. റാങ്ക് ഹോൾഡേഴ്സായ അച്ഛനും അമ്മയ്ക്കും തന്റെ പരാജയം സഹിക്കാനാവില്ലെന്ന് പറഞ്ഞ് കൂട്ടുകാരന്റെ മുന്നിൽ വച്ച് ഫ്ളാറ്റിൽ നിന്ന് താഴേക്ക് ചാടുകയാണ്. തലച്ചോറിന് ക്ഷതമേറ്റ മകൻ ഗുരുതരാവസ്ഥയിലായി. അപ്പോൾ തനിക്കൊപ്പം പഠിച്ച കൂട്ടുകാരെ വരുത്തി പരാജയത്തിൽ നിന്നും വിജയത്തിലേക്ക് നടന്ന തന്റെ അനുഭവം ആ അച്ഛൻ മകനു മുന്നിൽ അവതരിപ്പിക്കുകയാണ്. പഠിച്ച കോളേജിൽ നാല് ഹോസ്റ്റലുകളുണ്ടായിരുന്നതിൽ ലൂസേഴ്സ് ഹോസ്റ്റലിലാണ് അയാൾ താമസിച്ചിരുന്നത്. എല്ലാ മത്സരത്തിലും പരാജയപ്പെടുന്ന ടീം പരിശ്രമങ്ങളിലൂടെ വിജയത്തോടടുക്കുന്നതാണ് കഥ. ഈ സിനിമയിലെ ഒരു കഥാപാത്രം ശ്രദ്ധേയമായ ഒരു കാര്യം പറയുന്നുണ്ട്. പരീക്ഷയ്ക്ക് ജയിച്ച് വന്നാൽ ബൈക്ക് വാങ്ങിത്തരാം അല്ലെങ്കിൽ സൈക്കിൾ വാങ്ങി നൽകാമെന്നൊക്കെ മാതാപിതാക്കൾ വാഗ്ദാനം ചെയ്യും. എന്നാൽ തോറ്റുപോയാൽ എന്ത് ചെയ്യണമെന്ന് ആരും മക്കളോട് പറയാറില്ല.സ്വാഭാവികമായും കുട്ടി പ്രതിസന്ധിയിലാകുന്നു. മാതാപിതാക്കൾ എന്ത് വിചാരിക്കുമെന്ന് അവർ ആശങ്കപ്പെടും. പത്മവ്യൂഹത്തിലകപ്പെട്ടപോലെ കടുംകൈ ചെയ്യും.

നിർബന്ധമായും മികച്ച വിജയം നേടണമെന്ന് ആവശ്യപ്പെടാം. എന്നാൽ പരാജയപ്പെട്ടാലും അവർക്കൊപ്പമുണ്ടാകുമെന്നും വിഷമിക്കേണ്ട കാര്യമില്ലെന്നും കൂടി പറയേണ്ടതല്ലേ. വിജയവും തോൽവിയുമെല്ലാം താത്ക്കാലികമാണെന്നും കാത്തിരിക്കുന്ന അവസരങ്ങൾക്കായി ജീവിക്കുകയെന്നതാണ് സുപ്രധാനമെന്നും പറഞ്ഞിരുന്നെങ്കിലോ? വിജയികളുടെ കഥയെ ചരിത്രം രേഖപ്പെടുത്തുകയുള്ളുവെന്ന് പറയാറുണ്ട്. എന്നാൽ ചരിത്രസൃഷ്ടി ഒരുപാട് ശ്രമങ്ങൾ നടത്തി പരാജയപ്പെട്ടവരുടെ കഥ കൂടിയാണ് . പല പരാജയങ്ങൾക്കു ശേഷമാണ് ഒടുവിൽ വിജയമെത്തുന്നത്.

ആത്മഹത്യ നിരക്കിൽ കേരളത്തിന്റെ സ്ഥാനം ഇന്ത്യയിൽത്തന്നെ

മുൻനിരയിലാണ്. സാക്ഷരതയിലും വിദ്യാഭ്യാസത്തിലും ആരോഗ്യപരിപാലനത്തിലുമൊക്കെ മുന്നിൽ നിൽക്കുന്ന മലയാളിക്ക് എന്തുപറ്റി? ഈ ലോക്ക് ഡൗൺ കാലത്ത് എത്രയെത്ര ആത്മഹത്യകൾ. എന്തായിരിക്കും കാരണം ? പല ഘടകങ്ങൾ ചേരുമ്പോഴാണ് ആത്മഹത്യ സംഭവിക്കുന്നതെന്ന് പ്രശസ്ത മന:ശാസ്ത്രജ്ഞനായ ഡോക്ടർ സി.ജെ.ജോൺ വിലയിരുത്തുന്നു. പെട്ടെന്നുള്ള പ്രതികരണമെന്നപോലെ ജീവനൊടുക്കുന്നവർ 10 ശതമാനം മാത്രമാണ്. മറ്റെല്ലാ ആത്മഹത്യകളിലും അത് ചെയ്യാൻ ആലോചിക്കുന്നയാളിൽ പെരുമാറ്റ വ്യത്യാസമുണ്ടാകും. ആരോടും മിണ്ടാതെ ഉൾവലിയും.ഈ ഭാവവ്യത്യാസങ്ങൾ അച്ഛനമ്മമാർ,മറ്റു കുടുംബാംഗങ്ങൾ,അദ്ധ്യാപകർ,കൂട്ടുകാർ ഇവരിലാരെങ്കിലുമൊക്കെ ശ്രദ്ധിക്കുകയും അവരെ ചേർത്തുപിടിക്കുകയും ചെയ്താൽ പല മരണങ്ങളും ഒഴിവാക്കാനാകും. കുറ്റം പറയാതെ ,ശിക്ഷിക്കാതെ അവരുടെ വീഴ്ചകളെയും ഉൾക്കൊള്ളണം.ആശ്രയിക്കാവുന്ന ഒരഭയസ്ഥാനമുണ്ടെങ്കിൽ പല ആത്മഹത്യകളും ഒഴിവാകും. അവരുടെ സങ്കടം തുറന്നു പറയാൻ , അതിന് പരിഹാരം നിർദ്ദേശിക്കാൻ,ചുമലുരുമ്മിക്കരയാൻ ഒരു തോളെന്നപോലെ ഒരു ആശ്വാസകേന്ദ്രം .അത് ഇന്ന് വിരളമാണ്. കൂട്ടുകുടുംബങ്ങളുടെ കാലത്ത് കുട്ടികൾക്ക് സ്നേഹവാതിലുകൾ ഒട്ടേറെയുണ്ടായിരുന്നു. ഇന്നത്തെ അണുകുടുംബത്തിൽ പരസ്പരം മിണ്ടാതെ മൊബൈലിൽ കുത്തിയിരിക്കുന്ന മാതാപിതാക്കളോട് ദുഖം പങ്കുവയ്ക്കാനാവാതെ കുട്ടികൾ മറ്റു വഴികളിലൂടെ മരണത്തിലേക്ക് നടക്കുന്നു.

ജീവിതത്തിൽ ഒരു വ്യക്തി തിരസ്കരിച്ചതിനാൽ തന്റെ ജീവിതം ശൂന്യമായെന്ന് കായലിൽ ചാടി മരിച്ച യുവാവ് ചിന്തിച്ചിട്ടുണ്ടാകാം. ആ പെൺകുട്ടിയില്ലെങ്കിലും ജീവിതത്തിൽ മുന്നേറാനുള്ള ശക്തി തന്നിലുണ്ടെന്ന് അയാൾ തിരിച്ചറിഞ്ഞില്ല. ആത്മഹത്യകളുടെ മാതൃകകളാണ് ഇപ്പോൾ മുന്നിലുള്ളത്. ആ മാതൃകകൾ പൊളിച്ചടുക്കി ജീവിതത്തിന്റെ വെല്ലുവിളികളെ സധൈര്യം നേരിടാനുള്ള മാതൃകകൾ നമ്മൾ നൽകേണ്ടിയിരിക്കുന്നു.

ഈ കുറിപ്പ് അവസാനിപ്പിക്കുമ്പോൾ വ്യക്തിപരമായ ഒരു പരാമർശം നടത്താതിരിക്കാൻ കഴിയില്ല. ചിച്ചോരെ എന്ന ഹിന്ദി സിനിമ ഈയിടെ കണ്ടപ്പോൾ അതിലെ ചില സന്ദേശങ്ങൾ ഈ പംക്തിയിൽ രേഖപ്പെടുത്തണമെന്ന് തോന്നിയിരുന്നു. ഒരിക്കൽ കൂടി ആ ചിത്രം കാണുകയും ചെയ്തു. അതിലെ സുശാന്ത് സിംഗ് രാജ്പുതിന്റെ അഭിനയം വല്ലാതെ ആകർഷിച്ചിരുന്നു. അണ്ണി എന്ന് കൂട്ടുകാർ വിളിക്കുന്ന അനിരുദ്ധ് പഥക് എന്ന കഥാപാത്രം മനസിൽ നിന്ന് മാഞ്ഞിരുന്നില്ല. ജീവിച്ചിരിക്കേണ്ടതിന്റെ പ്രാധാന്യമാണ് ആ കഥാപാത്രം മകനോട് പറയുന്നത്. ഈ പംക്തി എഴുതുമ്പോഴാണ് സുശാന്തിന്റെ ആത്മഹത്യയുടെ വാർത്ത വന്നത്. ഒരു തരത്തിൽ അറംപറ്റിയതുപോലെ തോന്നി. സുശാന്ത് എന്തിനിത് ചെയ്തു? ആത്മഹത്യ ചെയ്യുന്നവർ ഈ ഒരു ചോദ്യത്തിന് ഉത്തരം പറയാതെയാണല്ലോ പോകുന്നത്.