jeep-wrangler-rubicon

അമേരിക്കൻ വിപണിയിൽ മഹീന്ദ്ര ആൻഡ് മഹീന്ദ്ര അവതരിപ്പിച്ച പുത്തൻ ഓഫ്-റോഡ് യൂട്ടിലിറ്രി മോഡലായ റോക്‌സറിന്റെ പുതിയമുഖം ഫിയറ്ര് ക്രൈസ്‌ലർ ഓട്ടോമൊബൈൽസിന് (എഫ്.സി.എ) ഇഷ്‌ടപ്പെടും! കാരണം മറ്റൊന്നുമല്ല, ഈ മുഖം മിനുക്കലിന് കാരണക്കാർ ഫിയറ്ര് തന്നെയാണ്. റോക്‌സറിന്റെ പഴയ രൂപകല്‌പന, ഫിയറ്റിന്റെ ഉപ ബ്രാൻഡായ ജീപ്പിന്റെ റാംഗ്ളർ എസ്.യു.വിയെ അനുസ്‌മരിപ്പിക്കുന്നതാണെന്ന് കാട്ടി അവർ അമേരിക്കൻ ഇന്റർനാഷണൽ ട്രേഡ് കമ്മിഷനെ (ഐ.ടി.സി) സമീപിച്ചിരുന്നു.

റാംഗ്ളറിന്റെ 'വേഷമാണ്" റോക്‌സർ ഇട്ടിരിക്കുന്നതെന്ന് പറഞ്ഞ കമ്മിഷൻ, അമേരിക്കൻ വിപണിയിൽ റോക്‌സറിന്റെ ഇറക്കുമതിയും വില്പനയും സ്‌പെയർപാർട്‌സ് വില്പനയും തടഞ്ഞു. ഇതോടെയാണ്, രൂപകല്പനയിൽ മാറ്റം വരുത്താൻ മഹീന്ദ്ര തയ്യാറായത്. മഹീന്ദ്രയുടെ അമേരിക്കൻ ഉപസ്ഥാപനമായ മഹീന്ദ്ര ഓട്ടോമോട്ടീവ് നോർത്ത് അമേരിക്കയാണ്, ഇന്ത്യയിൽ നിന്ന് ഘടകങ്ങൾ ഇറക്കുമതി ചെയ്‌ത് നോർത്ത് ഡിട്രോയിറ്റിലെ ഓബോൺ ഹിൽസ് പ്ളാന്റിൽ റോക്‌സറിനെ അസംബിൾ ചെയ്യുന്നത്.

റാംഗ്ളറിന് സമാനമായ ബോക്‌സ് ശൈലിയിലെ രൂപകല്പന, വൃത്താകൃതിയിലെ ഹെഡ്‌ലൈറ്ര്, ഫ്രണ്ട് ഗ്രിൽ എന്നിവയാണ് റോക്‌സറിലുള്ളതെന്ന് ഫിയറ്ര് ചൂണ്ടിക്കാട്ടി. അതേസമയം, അമേരിക്കൻ വ്യാപാരനയത്തിന്റെ ഭാഗമായി 60 ദിവസത്തിനകം ഐ.ടി.സിയുടെ വിധിയോട് വിയോജിക്കാൻ അമേരിക്കൻ ട്രേഡ് റെപ്രസന്റേറ്റീവിന് അധികാരമുണ്ട്. എഫ്.സി.എയുടെ ട്രേഡ്മാർക്ക് റോക്‌സർ ലംഘിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയ മഹീന്ദ്ര, റോക്‌സറിന്റെ പഴയമുഖത്തോട് കൂടിയ വേർഷൻ ഇപ്പോൾ നിർമ്മിക്കുന്നില്ലെന്നും പുതിയ പതിപ്പാണ് അവതരിപ്പിക്കുന്നതെന്നും വ്യക്തമാക്കിയിട്ടുണ്ട്.

കോവിഡ് പോരാളികൾക്ക്

മഹീന്ദ്രയുടെ പ്രത്യേക വായ്പ

കൊവിഡ്-19ന് എതിരായ പോരാട്ടത്തിൽ മുൻനിരയിലുള്ള ഡോക്‌ടർമാർ, നഴ്‌സുമാർ, പാരാമെഡിക്കൽ സ്‌റ്റാഫ്, മാദ്ധ്യമപ്രവർത്തകർ, സർക്കാർ ഉദ്യോഗസ്ഥർ, പൊലീസുകാർ, റെയിൽവേ, വിമാന ജീവനക്കാർ തുടങ്ങിയവർക്ക് മഹീന്ദ്ര ആൻഡ് മഹീന്ദ്ര വാഹനം സ്വന്തമാക്കാൻ പ്രത്യേക വായ്‌പ ലഭ്യമാക്കുന്നു. ഇതുപ്രകാരം വാഹനം വാങ്ങുന്നവർ 2021 മുതൽ തിരിച്ചടവ് ആരംഭിച്ചാൽ മതി.

എട്ടുവർഷമാണ് തിരിച്ചടവ് കാലാവധി. 100 ശതമാനം വായ്‌പയും കിട്ടും. തിരിച്ചടവിന് 90 ദിവസം മോറട്ടോറിയവുമുണ്ട്. ഡോക്‌ടർമാർക്ക് പ്രോസസിംഗ് ഫീസിൽ 50 ശതമാനം ഇളവുലഭിക്കും.