ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തിയെ യഥാർത്ഥ നിയന്ത്രണ രേഖ എന്ന് വിശേഷിപ്പിക്കുമ്പോൾ, ഈ അതിർത്തി കൃത്യമായി വേർതിരിക്കുകയോ അടയാളപ്പെടുത്തുകയോ ചെയ്തിട്ടില്ല എന്നതാണ് യാഥാർത്ഥ്യം. വൻശക്തി എന്ന മട്ടിൽ ചൈന ഇന്ത്യയെ വെല്ലുവിളിച്ചു നടത്തുന്ന ചാഞ്ചാട്ടങ്ങൾക്കൊപ്പം ഈ അതിർത്തിയുടെ അലൈൻമെന്റ് മാറിക്കൊണ്ടിരിക്കുന്നു. രണ്ട് രാജ്യങ്ങൾക്കും ഇടയിൽ വ്യക്തമായി നിർവചിച്ച അന്താരാഷ്ട്ര അതിർത്തി ഇല്ല. ജന്മശത്രുക്കളായ ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയിൽ പോലും വ്യക്തമായ അന്താരാഷ്ട്ര അതിർത്തിയും അത് രേഖപ്പെടുത്തിയ ഭൂപടവും ഉണ്ട്. പാകിസ്ഥാൻ ആ ഭൂപടം അംഗീകരിക്കുന്നില്ലെങ്കിൽ പോലും. ഇന്ത്യയുടെയും പാകിസ്ഥാന്റെയും അധികാര പരിധി അവസാനിക്കുന്ന നിയന്ത്രണ രേഖ അഥവാ ലൈൻ ഒഫ് കൺട്രോൾ ( എൽ. ഒ. സി ) ആണ് ഫലത്തിൽ അതിർത്തി. ഈ എൽ. ഒ. സിയും ഭൂപടത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ചൈനയുടെ കാര്യത്തിൽ അന്താരാഷ്ട്ര അതിർത്തിയോ യഥാർത്ഥ നിയന്ത്രണ രേഖയോ അടയാളപ്പെടുത്തി ഇരുപക്ഷവും അംഗീകരിച്ച ഒരു ഭൂപടം പോലും ഇല്ല. ഇന്ത്യ - ചൈന അതിർത്തിയും എൽ. എ. സിയും അവ്യക്തമായ ഒരു ആശയം മാത്രമാണ്.
പാക് എൽ. ഒ. സിയുമായി താരതമ്യപ്പെടുത്തിയാൽ ചൈനയുമായുള്ള എൽ. എ. സി ശാന്തമായിരുന്നു. പാക് എൽ.ഒ.സിയിൽ വെടിവയ്പില്ലാത്ത ദിവസമില്ല. ചൈനയുടെ എൽ. എ. സിയിൽ 1975ന് ശേഷം ഇതുവരെ വെടിയൊച്ച മുഴങ്ങിയിട്ടില്ല. ദോക്ലാമും ഇപ്പോൾ ഗാൽവനും ആണ് ഇക്കാലത്തെ വലിയ സംഘർഷങ്ങൾ.
മൊത്തം 4056 കിലോമീറ്റർ
കേന്ദ്രഭരണപ്രദേശമായ ലഡാക്കിലും ഉത്തരാഖണ്ഡ്, ഹിമാചൽപ്രദേശ്, സിക്കിം, അരുണാചൽ പ്രദേശ് സംസ്ഥാനങ്ങളിലുമായി മൊത്തം 4056 കിലോമീറ്ററാണ് ഇന്ത്യ - ചൈന അതിർത്തി. ഇതിൽ ഏകദേശം മദ്ധ്യ ഭാഗം ഒഴിച്ചാൽ ബാക്കിയത്രയും തർക്കപ്രദേശമാണ്. എൽ.എ.സിയുടെ തുടക്കം കാരക്കോറം ചുരത്തിന് വടക്കുപടിഞ്ഞാറാണെന്നാണ് ഇന്ത്യ പറയുന്നത്. അതിന് തെക്കാണെന്ന് ചൈന. കിഴക്ക് അരുണാചൽ പ്രദേശിനെ ടിബറ്റുമായി തിരിക്കുന്ന മക്മഹോൻ രേഖയാണ് എൽ. എ. സി. സിക്കിം ഉൾപ്പെടുന്ന മദ്ധ്യഭാഗത്താണ് വലിയ തർക്കങ്ങൾ ഇല്ലാതിരുന്നത്. അരുണാചൽ മൊത്തമായും തങ്ങളുടേതാണെന്നും ചൈന അവകാശപ്പെട്ടിട്ടുണ്ട്. പ്രധാനമായും പതിമ്മൂന്ന് കേന്ദ്രങ്ങളിലാണ് തർക്കം. പടിഞ്ഞാറൻ സെക്ടറിൽ ചുമാർ. ദെംചോക്ക്, പാങ്ഗോംഗ് തടാകത്തിന്റെ വടക്കൻ തീരം, മദ്ധ്യഭാഗത്തെ ബരാഹോതി, കിഴക്കൻ സെക്ടറിലെ സുംദൊറോങ് ചു എന്നിവിടങ്ങൾ തർക്കപ്രദേശങ്ങളിൽ ഉൾപ്പെടുന്നു. പാങ്ഗോംഗിൽ ഇന്ത്യ അംഗീകരിക്കുന്ന എൽ. എ. സി ഫിംഗർ 8 ആണ്. ചൈന പറയുന്നത് ഫിംഗർ 4 ആണ്. പാങ്ഗോംഗ് തടാകത്തിന്റെ വടക്കേ കരയിൽ പടിഞ്ഞാറു നിന്ന് കിഴക്കോട്ട് പർവത നിരകളിലെ ഒന്നു മുതൽ എട്ട് വരെയുള്ള മുനമ്പുകളാണ് ഫിംഗേഴ്സ്. ഇതിൽ ഫിംഗർ 4ൽ ചൈന ടെന്റുകൾ സ്ഥാപിച്ചു.അതുവഴി ഫിംഗർ എട്ടിലെ സ്വന്തം നിയന്ത്രണ രേഖയിലേക്ക് പോകാൻ ഇന്ത്യയെ ചൈന അനുവദിക്കുന്നില്ല. അതാണ് അവിടത്തെ സംഘർഷത്തിന് കാരണം.
ആരെ വിഡ്ഢിയാക്കാൻ? നെഹ്രുവിന്റെ ചോദ്യം
1959 നവംബർ 7ന് പ്രധാനമന്ത്രി ജവഹർലാൽ നെഹ്രുവിന് അന്നത്തെ ചൈനീസ് പ്രധാനമന്ത്രി ചൗഎൻ ലായി എഴുതിയ കത്തിലാണ് യഥാർത്ഥ നിയന്ത്രണ രേഖ എന്ന് ആദ്യം പ്രയോഗിച്ചത്. കിഴക്ക് മക് മഹോൻ രേഖ എന്നറിയപ്പെടുന്ന ഇന്ത്യ - ടിബറ്റ് അതിരും പടിഞ്ഞാറ് ഇരുപക്ഷത്തിനും നിയന്ത്രണമുള്ള പ്രദേശവും യഥാർത്ഥ നിയന്തണരേഖയിൽ വരുമെന്നും അവിടെ നിന്ന് ഇരു സേനകളും ഇരുപത് കിലോമീറ്റർ പിറകോട്ട് മാറണമെന്നുമായിരുന്നു ചൗ എൻ ലായിയുടെ നിർദ്ദേശം. അതിന് മുമ്പേ ചൈനീസ് സൈന്യം ഇന്ത്യൻ പ്രദേശത്തേക്ക് 60 കിലോമീറ്ററോളം കടന്നു കയറിയിരുന്നു. അതിന് ശേഷമാണ് 20 കിലോമീറ്റർ പിൻമാറണമെന്ന ചൗ എൻ ലായിയുടെ നിർദ്ദേശം.1962ലെ യുദ്ധത്തിന് ഒരു കാരണം ചൈനയുടെ ഈ കടന്നുകയറ്റമായിരുന്നു. നെഹ്രു ഈ നിയന്ത്രണ രേഖ അംഗീകരിച്ചില്ല. നഗ്നമായ സൈനിക അതിക്രമത്തിലൂടെ 40 മുതൽ 60 കിലോമീറ്റർ വരെ ഇന്ത്യൻ പ്രദേശത്തേക്ക് കയറി അവർ സൃഷ്ടിച്ചതാണ് അവർ പറയുന്ന യഥാർത്ഥ നിയന്ത്രണ രേഖ. അവിടെ നിന്ന് 20 കിലോമീറ്റർ പിറകോട്ട് മാറാമെന്ന് പറയുന്നത് ആരെ വിഢ്ഢിയാക്കാൻ എന്നായിരുന്നു നെഹ്രുവിന്റെ ചോദ്യം.
ചാഞ്ചാടിയാടുന്ന ചൈന
നിയന്ത്രണ രേഖ എന്നും തർക്കവിഷയമായി തുടരാൻ കാരണം ചൈന അതിർത്തിയിലെ തങ്ങളുടെ സ്ഥാനം ( അലൈൻമെന്റ് ) അടിക്കടി മാറ്റുന്നതാണ്. 1960ലും 1962ലും ചൈന അവകാശപ്പെട്ട യഥാർത്ഥ നിയന്ത്രണ രേഖ 1959ൽ പറഞ്ഞ എൽ. എ. സി ആയിരുന്നില്ല. 1993ൽ പി. വി. നരസിംഹ റാവു പ്രധാനമന്ത്രി ആയിരിക്കുമ്പോഴാണ് എൽ. എ. സിയെ ആദ്യമായി നിയമപരമായി അംഗീകരിക്കുന്ന ചരിത്രം കുറിച്ച ഒരു കരാർ ചൈനയുമായി ഒപ്പിട്ടത്. അതിർത്തിയിൽ സമാധാനവും ശാന്തിയും നിലനിർത്താനുള്ള (ബോർഡർ പീസ് ആൻഡ് ട്രാങ്ക്വിലിറ്റി എഗ്രിമെന്റ് - ബി. പി. ടി. എ ) ആ കരാറിലും പ്രശ്നത്തിന് പരിഹാരം കണ്ടില്ല. 1959ലെയോ 1960ലെയോ 1962ലെയോ എൽ. എ. സിയല്ല അതിൽ ഉൾപ്പെടുത്തിയത്. അതിനെല്ലാം വെവ്വേറെ അർത്ഥമാണുള്ളത്. അതിന് പകരം 93ൽ നിലനിന്ന അലൈൻമെന്റാണ് യഥാർത്ഥ നിയന്ത്രണ രേഖയായി കരാറിൽ ഉൾപ്പെടുത്തിയത്. ഇത് ചൈന കാട്ടിയ ചതിയായും ഇന്ത്യയ്ക്ക് പറ്റിയ അബദ്ധമായും ഒക്കെ വിശേഷിപ്പിക്കപ്പെടുന്നുണ്ട്. എങ്കിലും ഇരുപക്ഷവും തങ്ങളുടെ പ്രദേശങ്ങൾ നിർവചിച്ച് എൽ. എ. സി നിശ്ചയിക്കുമെന്നായിരുന്നു ധാരണ. പിന്നീട് പരസ്പര വിശ്വാസം ഊട്ടിയുറപ്പിക്കാനായി 1996ൽ സി. ബി. എം. ( കോൺഫിഡൻസ് ബിൽഡിംഗ് മെഷേഴ്സ് ) കരാറും ഒപ്പിട്ടു. അതിനനുസരിച്ച് ഇരുപക്ഷവും ഭൂപടങ്ങൾ തയ്യാറാക്കണമായിരുന്നു. അവിടെയും ചൈന കബളിപ്പിച്ചു. 2002ൽ പടിഞ്ഞാറൻ സെക്ടറിലെ ഭൂപടങ്ങൾ പരസ്പരം കൈമാറുന്നതിൽ നിന്ന് ചൈന വിദഗ്ദ്ധമായി പിന്മാറിക്കളഞ്ഞു. അതോടെ തുടർ പ്രക്രിയകൾ നിലച്ചു. 2015ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈന സന്ദർശിച്ചപ്പോൾ ഈ പ്രക്രിയ പുനരുജ്ജീവിപ്പിക്കാൻ ശ്രമിച്ചു. വ്യക്തത വരുത്തണമെന്ന അദ്ദേഹത്തിന്റെ അപേക്ഷ ചൈന കാര്യമായെടുത്തതേയില്ല. അതിർത്തി തർക്കങ്ങളിൽ ചാഞ്ചാട്ടം ചൈനയുടെ സ്ഥിരം കലാപരിപാടിയാണ്. മനഃപൂർവം അവ്യക്തത നിലനിർത്തും. ഒരിക്കലും ഒരു നിലപാടിൽ ഉറച്ചു നിൽക്കില്ല. അടിക്കടി മാറ്റിക്കൊണ്ടിരിക്കും. ഈ ചാഞ്ചാട്ടത്തിന്റെ ഉസ്താദാണ് ചൈന. അതുകൊണ്ടാണ് ചൈനയെ വിശ്വസിക്കാൻ പറ്റാത്തത്. യഥാർത്ഥ നിയന്ത്രണ രേഖ ചൈനയ്ക്ക് മാറ്റമില്ലാത്ത അതിർത്തി അല്ല. അത് മാറ്റിവരയ്ക്കാനുള്ള ഒരു പഴുത് അവർ എപ്പോഴും കരുതി വച്ചിട്ടുണ്ടാവും. എൽ.എ.സി സംബന്ധിച്ച ചൈനയുടെ ഭൂപടം ഇന്ത്യയെ ഒരിക്കൽ പോലും കാണിച്ചിട്ടില്ല.