കൊച്ചി: ബാങ്കിംഗ് രംഗത്തെ നവീന ഡിജിറ്റൽ സേവനങ്ങൾക്കുള്ള ആഗോള പുരസ്‌കാരമായ ഇൻഫോസിസ് ഫിനാക്കിൾ ഇന്നൊവേഷൻ അവാർഡ്-2020ൽ മൂന്നു വിഭാഗങ്ങളിൽ ജേതാക്കളായി ഫെഡറൽ ബാങ്ക്. ഉപഭോക്തൃസേവനം ലളിതമാക്കാൻ ബാങ്ക് നടപ്പാക്കിയ നൂതന ഡിജിറ്റൽ സാങ്കേതിക സേവനങ്ങൾക്ക് 'കസ്‌റ്റമർ ജേർജി റീഇമാജിനേഷൻ", കോർപ്പറേറ്ര് ബാങ്കിംഗ് രംഗത്തെ മികച്ച സേവനങ്ങൾക്ക് 'കോർപ്പറേറ്റ് ബാങ്കിംഗ് ഡിജിറ്റൈസേഷൻ" വിഭാഗങ്ങളിൽ ഒന്നാംസ്ഥാനവും പ്രൊഡക്ഷൻ ഇന്നൊവേഷൻ വിഭാഗത്തിൽ രണ്ടാംസ്ഥാനവുമാണ് ബാങ്ക് നേടിയത്.
ഡിജിറ്റൽ ബാങ്കിംഗ് സേവനത്തിനുള്ള ഇൻഫോസിസ് ഫിനാക്കിൾ സോഫ്‌റ്ര്‌വെയർ ഉപയോഗിക്കുന്ന ബാങ്കുകളുടെയും മറ്ര് ധനകാര്യസ്ഥാപനങ്ങളുടെയും മികവ് വിലയിരുത്തിയാണ് ജേതാക്കളെ നിർണയിക്കുന്നത്. ആറു രാജ്യങ്ങളിൽ നിന്നുള്ള ബാങ്ക്, ധനകാര്യ സ്ഥാപനങ്ങളിൽ നിന്നാണ് ഇക്കുറി ജേതാക്കളെ കണ്ടെത്തിയത്. ബാങ്കിംഗ്, ധനകാര്യ സേവനങ്ങൾ കൂടുതൽ കാര്യക്ഷമവും സുരക്ഷിതവും ലളിതവുമാക്കാൻ ഫെഡറൽ ബാങ്ക് ഉപയോഗിക്കുന്ന ഏറ്റവും നൂതന ആശയങ്ങൾക്ക് ലഭിച്ച അംഗീകാരമാണിതെന്ന് ബാങ്കിന്റെ എക്‌സിക്യൂട്ടീവ് ഡയറക്‌ടർ ശാലിനി വാര്യർ പറഞ്ഞു.