അഭിനയവും നൃത്തവും ഒരുപോലെ അലിഞ്ഞുചേർന്ന ജീവിതമാണ് ഷംന കാസിമിന്റേത്.
സിനിമയുടെയും നൃത്തത്തിന്റെയും പുതിയ വിശേഷങ്ങൾ ഷംന പങ്കുവയ്ക്കുന്നു....
ജീവിതത്തിൽ നൃത്തത്തെയും അഭിനയത്തെയും ഒരേപോലെ കാണുന്ന നടി..നൃത്തവേദികളിൽ നിന്നാണ് ഷംന കാസീം വെള്ളിത്തിരയിലേക്ക് എത്തുന്നത്.ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ നായിക. നായികയായും സ്വഭാവ നടിയായും ഡാൻസറായും മലയാളം ,തമിഴ്, തെലുങ്ക് സിനിമകളിൽ ഷംന തിളങ്ങി. നടിയുടെ പുത്തൻ സിനിമ നൃത്ത വിശേഷങ്ങൾ പങ്കുവെയ്ക്കുന്നു....
ഷംനയുടെ നല്ല സമയമായി എന്നു തോന്നുന്നുണ്ടോ?
കുറേ വർഷങ്ങളായി ഞാൻ സിനിമയിലെത്തിയിട്ട്. മറ്റ് ഭാഷകളിൽ മികച്ച കഥാപാത്രങ്ങൾ കിട്ടിയിട്ടുണ്ട്. പക്ഷേ, മലയാളത്തിൽ തുടർച്ചയായി നല്ല സിനിമകളിൽ അഭിനയിക്കുന്നത് ഇപ്പോഴാണ്.
കൂടുതൽ സുന്ദരിയായി, ആരാധകരുടെ എണ്ണം കൂടിയോ?
ചിലർക്ക് പതിനെട്ടാം വയസിൽ ഭാഗ്യം വരും. മറ്റു ചിലർക്കത് 28-ാം വയസിലാകും. നല്ല സിനിമകൾ ചെയ്താലേ പ്രേക്ഷകർ നമ്മളെ ഓർത്തിരിക്കൂ. എന്റെ ഡാൻസ് പ്രോഗ്രാമുകൾ കണ്ടിട്ട് എന്താ ഷംന മലയാളത്തിൽ അഭിനയിക്കാത്തതെന്ന് എല്ലാവരും ചോദിക്കാറുണ്ടായിരുന്നു.
മലയാളത്തിൽ അംഗീകാരം കിട്ടാൻ വൈകി
2008ലാണ് ആദ്യം നായികയായി അഭിനയിച്ചത്. അതിനു മുമ്പ് ചെയ്തതെല്ലാം കാരക്ടർറോളുകളാണ്. അനിയത്തിയുടെയും കൂട്ടുകാരിയുടെയും വേഷങ്ങൾചെയ്താൽ നായികയായി അഭിനയിപ്പിക്കാൻ ആളുകൾമടിക്കുമെന്ന് എനിക്കറിയില്ലായിരുന്നു.
ഏതായാലും മലയാളത്തിൽ നായികയാവാൻ അവസരംവന്നില്ല.അങ്ങനെയിരിക്കുമ്പോഴാണ് ഭരതിന്റെ നായികയായി മുനിയാണ്ടിയിൽ അഭിനയിക്കാൻ തമിഴിൽ നിന്ന് ഓഫർ വരുന്നത്. പിന്നീട് കാരക്ടർ റോളുകൾ സ്വീകരിച്ചിട്ടില്ല. ചെറിയറോളുകൾചെയ്ത ഷംനയെ എങ്ങനെ നായികയായി വിളിക്കും എന്നൊരു സംശയം അപ്പോഴും മലയാളംഇൻഡസ്ട്രിയിൽഉണ്ടായിരുന്നെന്ന് തോന്നുന്നു. ഞാൻ തമിഴിൽ തന്നെ തുടർന്നു. ഇതിനിടയിൽ മലയാളത്തിലെ ഒരു വലിയ സംവിധായകന്റെ സിനിമയിലേക്ക് വിളിച്ചിട്ട് അവസാന നിമിഷം ഒഴിവാക്കിയ സംഭവമുണ്ടായി. ഒരുകാര്യംഅത്രത്തോളംആഗ്രഹിച്ചിട്ട് കിട്ടാതാവുമ്പോൾ വേദനയുണ്ടാകും.
മുടിമുറിച്ചപ്പോഴാണോ ഭാഗ്യം വന്നത്?
കുട്ടനാടൻ ബ്ളോഗിലെ നീന കുറുപ്പ് എന്ന കഥാപാത്രമായി എന്റെ മുഖം സംവിധായകന്റെ മനസിൽ വരാൻ കാരണം മുടിമുറിച്ചതാണ്. ചിലരെതേടി വളരെ ചെറുപ്പത്തിൽ തന്നെ ഭാഗ്യം വരും. ചിലർക്ക് അല്പം കൂടി പക്വത വന്ന ശേഷമായിരിക്കും. അത്രയേ ഞാൻ കരുതുന്നുള്ളൂ. മുടിയുള്ളപ്പോൾ ഭാഗ്യമില്ലായിരുന്നു എന്നു പറയാൻ കഴിയില്ല. കേരളത്തിലെ ജനങ്ങൾ ഷംന കാസിമിനെ ഇഷ്ടപ്പെട്ടത് ഡാൻസിലൂടെയാണ്. അപ്പോഴെല്ലാം എനിക്ക് മുടിയുണ്ട്.
സിനിമയിൽ തുടരാൻ പ്രേരിപ്പിച്ച ഘടകം
ആറ് വർഷം മുമ്പ് ഇനി സിനിമ വേണ്ടെന്ന് തീരുമാനിച്ചയാളാണ് ഞാൻ. സിനിമയല്ല ഡാൻസ് മാത്രമാണ് എന്റെ ജീവിതമെന്ന് കരുതിയ സമയമുണ്ട്. അപ്പോഴാണ് തെലുങ്കിൽ എന്റെ ഹിറ്റ് സിനിമകൾ വരുന്നത്. അതോടെ തുടരാൻ തീരുമാനിച്ചു. ഇതുവരെയുള്ള കരിയർ നോക്കിയാൽ തെലുങ്കിലാണ് ബോക്സോഫീസ് ഹിറ്റുകൾ ലഭിച്ചത്. ഏതൊരു അഭിനേതാവിനും ഹിറ്റുകളാണ് പ്രധാനം. അതിനു ശേഷമേ കഴിവിനു പോലും സ്ഥാനമുള്ളൂ.പക്ഷേ,കഴിവുണ്ടെങ്കിൽ അല്പം ബുദ്ധിമുട്ടിയാലുംതിരിച്ചു വരവ്സാദ്ധ്യമാണ്.നമ്മൾ ചെയ്യുന്ന ജോലിയിൽ നിന്ന് സന്തോഷംലഭിക്കുന്നുണ്ടെങ്കിൽഅംഗീകാരം പിന്നാലെവരുമെന്ന് അനുഭവത്തിൽനിന്ന് ഞാൻ പഠിച്ചു.
അഭിനയം vs നൃത്തം
എന്റെ ജീവിതത്തിൽ അച്ഛനും അമ്മയ്ക്കും ഒരുപോലെ പ്രാധാന്യമുണ്ട്. അതുപോലെയാണ് നൃത്തവും അഭിനയവും. സിനിമ ചിലപ്പോൾ എന്നെ വിട്ടുപോകാം. ഡാൻസ് ഞാൻ ഉപേക്ഷിച്ചാലേ പോകൂ.പക്ഷേ,കുറേപ്പേർ എന്നോട്പറഞ്ഞിട്ടുണ്ട്,ഷംനയ്ക്ക് മലയാളത്തിൽ അവസരംകുറയുന്നതിന് കാരണം ഒരുപാട് ഡാൻസ്ഷോകൾചെയ്യുന്നതാണെന്ന്.ആ അഭിപ്രായംഎനിക്ക് സ്വീകരിക്കാൻപറ്റില്ല.സീരിയലിലൂടെ വന്ന എത്രയോ നടന്മാർബോളിവുഡിലൊക്കെ വലിയതാരങ്ങളായി. ഡാൻസിലൂടെയാണ്ഞാൻതുടങ്ങിയത്.വന്നവഴിമറക്കാൻപറ്റില്ല. ഡാൻസ് ഉപേക്ഷിച്ചിട്ട് ഒരു കല്യാണംപോലുംവേണ്ടെന്നു മമ്മിയോട് പറഞ്ഞിട്ടുണ്ട്.
മമ്മൂക്കയോടൊപ്പം വീണ്ടും അഭിനയിച്ചു
അതെ മധുരരാജയിൽ അദ്ദേഹത്തോടൊപ്പം അഭിനയിക്കാൻ ഭാഗ്യം ലഭിച്ചു . ഉദയേട്ടനാണ് (ഉദയകൃഷ്ണ) എന്നെ ആ സിനിമയിലേക്ക് വിളിച്ചത്. ഒരു വലിയ സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. കഥാപാത്രം ചെറുതാണെങ്കിലും വലുതാണെങ്കിലും നമുക്ക് ലഭിക്കുന്ന സ്ക്രീൻ സ്പേസ് നന്നായി ഉപയോഗപ്പെടുത്തുന്നതിലാണ് കാര്യം. മമ്മൂക്കയോടൊപ്പം വീണ്ടും ഒരവസരം ലഭിച്ചതിൽ ഒരുപാട് സന്തോഷം.
അന്യഭാഷയിലും തിരക്കിലാണ്?
ഒരു തെലുങ്ക് സിനിമയ്ക്ക് വേണ്ടി പ്രമോ സോംഗ് ചെയ്തിരുന്നു. അത് വൻ ഹിറ്റായി. ഒരു പന്നിയുടെ കൂടെയായിരുന്നു ആ ഡാൻസ്. നിരവധി സ്റ്റേജുകളിൽ ഒരുപാട് ആളുകളോടൊപ്പം ഡാൻസ് ചെയ്തിട്ടുണ്ട്. പക്ഷേ, ആദ്യമായിട്ടാണ് പന്നിയോടൊപ്പം ഡാൻസ് ചെയ്തത്. വിശാലിന്റെ തമിഴ് സിനിമയിൽ പൊലീസ് വേഷം ചെയ്തു . ജയംരവിയുടെ പടത്തിൽ കാമിയോ റോളും ചെയ്തു.