movies-on-sports

മുംബയ് : ഇന്ത്യയിൽ കായിക താരങ്ങളുടെ ജീവിതകഥ സിനിമയാകുന്നത് അസാധാരണ സംഭവമല്ല. ക്രിക്കറ്റ് താരങ്ങളായ സച്ചിൻ ടെൻഡുൽക്കർ, മുഹമ്മദ് അസ്ഹറുദ്ദീൻ, മഹേന്ദ്രസിംഗ് ധോണി, ബോക്സിംഗ്താരം മേരി കോം, ഓട്ടക്കാരൻ മിൽഖ സിംഗ് തുടങ്ങിയവരുടെ ജീവിതം ആസ്പദമാക്കിയുള്ള സിനിമകൾ പുറത്തിറിയിട്ടുമുണ്ട്.

അക്കൂട്ടത്തിൽ വിജയകരമായൊരു ചലച്ചിത്രമായിരുന്നു ധോണിയുടെ ജീവിതകഥ പറഞ്ഞ എം.എസ് ധോണി : ദ അൺടോൾഡ് സ്റ്റോറി. ഇൗ ചിത്രത്തിൽ ഇന്ത്യൻ ടീമിലേക്കെത്താനുള്ള ധോണിയുടെ പടപൊരുതലുകൾ തന്മയത്വത്തോടെ അവതരിപ്പിച്ച നായകനാണ് ഇന്നലെ ആത്മഹത്യയിലൂടെ ജീവിതപോരാട്ടം അവസാനിപ്പിച്ച സുശാന്ത് സിംഗ് രാജ്പുത്ത്. 2016 ലാണ് സുശാന്തിന് കരിയറിൽ ബ്രേക്ക് നൽകിയ ധോണിയുടെ കഥ റിലീസായത്. ഇൗ ചിത്രത്തിൽ സുശാന്തിന് ധോണിയാകാൻ വിക്കറ്റ് കീപ്പിംഗിലെയും ബാറ്റിംഗിലെയും ടെക്നിക്കുകൾ പഠിപ്പിച്ചുകൊടുത്തത് മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ കിരൺ മോറെയായിരുന്നു.

2012ൽ കായിക ജീവിതം ഉപേക്ഷിച്ച് കൊള്ളത്തലവനായി മാറിയ പാൻ സിംഗ് ടോമറിന്റെ ജീവിതം ആസ്പദമാക്കി ഇതേപേരിൽ പുറത്തുവന്ന ചിത്രത്തിലൂടെയാണ് ബോളിവുഡിൽ കായിക താരങ്ങളുടെ കഥയ്ക്ക് മാർക്കറ്റുണ്ടാകുന്നത്. അടുത്തിടെ മരണപ്പെട്ട ഇർഫാൻ ഖാനാണ് പാൻ സിംഗിന്റെ വേഷം വെള്ളിത്തിരയിൽ കെട്ടിയാടിയത്. 2013ൽ ഫർഹാൻ അക്തർ നായകനായ ഭാഗ് മിൽഖ ഭാഗിലൂടെ അത്‌ലറ്റിക് ഇതിഹാസം മിൽഖാസിംഗിന്റെ ജീവിതം അഭ്രപാളികളിലെത്തി. 2014ൽ പ്രിയങ്ക ചോപ്ര വനിതാ ബോക്സിംഗ് ഇതിഹാസം എം.സി മേരിക്കോമിന്റെ വേഷത്തിലെത്തിയ മേരികോമും വൻ വിജയമായിരുന്നു.

കോഴക്കേസിൽപ്പെട്ട് വിവാദ നായകനായിരുന്ന മുൻ ഇന്ത്യൻ ക്രിക്കറ്റ് നായകൻ മുഹമ്മദ് അസ്ഹറുദ്ദീന്റെ ജീവിത കഥ പറഞ്ഞ് 2016ൽ പുറത്തിറങ്ങിയ അസ്ഹർ എന്ന ചിത്രത്തിൽ നായകനായത് ബോളിവുഡിലെ ചുംബനവീരൻ ഇമ്രാൻ ഹഷ്മിയായിരുന്നു. അസ്ഹറുമായി അധികം ശാരീരികസാമ്യം തോന്നിപ്പിക്കാതിരുന്ന ഹഷ്മിക്ക് കഥാപാത്രത്തോട് നീതിപുലർത്താനായില്ല. 2017ൽ സച്ചിന്റെ ജീവിതകഥ ഡോക്യുമെന്ററി രൂപത്തിൽ അവതരിപ്പിച്ചതും ബോക്സോഫിസിൽ വലിയ വിജയമായിരുന്നില്ല. 2018ൽ അക്ഷയ് കുമാർ നായകനായി അഭിനയിച്ച ഗോൾഡ് എന്ന ചിത്രം പറഞ്ഞത് സ്വാതന്ത്യത്തിന് മുമ്പും പിമ്പുമുള്ള ഇന്ത്യൻ ഹോക്കി ടീമിന്റെ കഥയാണ്.അടുത്തിടെ അന്തരിച്ച ഹോക്കി ഇതിഹാസം ബൽബീർ സിംഗ് സീനിയറും ഇതിലെ ഒരു കഥാപാത്രമായിരുന്നു. അന്നത്തെ ഇന്ത്യൻ ടീം മാനേജരുടെ വേഷമായിരുന്നു അക്ഷയ്കുമാറിന്.

കായിക താരങ്ങളുടെ ജീവിതം ആധാരമാക്കി ഒരുപിടി ചിത്രങ്ങൾ കൂടി ബോളിവുഡിൽ ഒരുങ്ങുകയാണ്. ബാഡ്മിന്റൺ താരം സൈന നെഹ്‌വാളിന്റെ വേഷത്തിൽ പരിണീതി ചോപ്ര എത്തുന്ന സൈന ഇൗ വർഷം റിലീസാകേണ്ടതാണ്. 1983ൽ ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിന്റെ കഥപറയുന്ന 83 എന്ന ഹിന്ദി ചിത്രത്തിൽ രൺവീർ സിംഗാണ് കപിൽ ദേവിന്റെ വേഷം അഭിനയിക്കുന്നത്. ഇൗ ചിത്രത്തിൽ കപിലിനെ അനുകരിച്ച് നടരാജൻ ഷോട്ട് കളിക്കുന്ന രൺവീറിന്റെ ചിത്രം വൈറലായിരുന്നു. പയ്യോളി എക്സ്പ്രസ് പി.ടി ഉഷയുടെ ജീവിതകഥ സിനിമയാക്കുന്നതായി ബോളിവുഡിൽ പല തവണ വാർത്തയുണ്ടായിരുന്നു. കത്രീന കൈഫ്, പ്രിയങ്കചോപ്ര തുടങ്ങിയവരുടെയൊക്കെ പേര് ഉഷയാകാൻ പരിഗണിച്ചിരുന്നു.