അറ്റ്‌ലാന്റ: വംശീയവിദ്വേഷത്തിനെതിരായുള്ള കലാപം തുടരുന്നതിനിടെ അമേരിക്കയിൽ കറുത്തവർഗക്കാരനായ ഒരു യുവാവ് കൂടി പൊലീസിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടു. റെയ്ഷാർഡ് ബ്രൂക്ക്‌സ് എന്ന 27കാരനാണ് വെള്ളിയാഴ്ച അറ്റ്ലാന്റ പൊലീസിന്റെ വെടിയേറ്റ് മരിച്ചത്. ആഫ്രോ - അമേരിക്കൻ വംശജനായ ജോർജ് ഫ്ളോയ്ഡ് പൊലീസ് അതിക്രമത്തിൽ കൊല്ലപ്പെട്ടതിന്റെ പേരിൽ പ്രതിഷേധം രൂക്ഷമായിരിക്കെയാണ് പുതിയ സംഭവം.
അറ്റ്‌ലാന്റയിലെ ഒരു റസ്‌റ്റോറന്റിന്റെ മുന്നിൽ കാർ നിറുത്തിയിട്ട് റെയ്ഷാർഡ് ഉറങ്ങിയതിന്റെ പേരിൽ തർക്കം നടക്കുന്നതിനിടെയാണ് പൊലീസ് സ്ഥലത്തെത്തിയത്. തുടർന്ന് പൊലീസുമായുണ്ടായ തർക്കത്തെ തുടർന്ന് പൊലീസിന്റെ തോക്ക് തട്ടിയെടുത്ത് ഓടി രക്ഷപ്പെടാൻ ശ്രമിച്ച റെയ്ഷാർഡിനെ പൊലീസ് വെടിവച്ചു വീഴ്ത്തുകയായിരുന്നെന്നാണ് വിശദീകരണം. അതേസമയം, പൊലീസ് അറസ്റ്റ് ചെയ്യാൻ ശ്രമിച്ചതിനെ തുടർന്നാണ് ബ്രൂക്ക്‌സും പൊലീസ് ഉദ്യോഗസ്ഥരുമായി തർക്കമുണ്ടായതെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. തുടർന്ന് പൊലീസുകാരിൽ ഒരാൾ ഇയാൾക്ക് നേരെ മൂന്നു തവണ വെടി വയ്ക്കുകയായിരുന്നു. ബ്രൂക്‌സിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പ്രതിഷേധം ശക്തമായതിനെ തുടർന്ന് സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് അറ്റ്‌ലാന്റ പൊലീസ് ചീഫ് എറിക്ക ഷീൽഡ്‌സ് രാജിവെച്ചു. തുടർന്ന് അറ്റ്‌ലാന്റ മേയർ കെയ്ഷ ലാൻസ് ബോട്ടംസ് കൊല നടത്തിയ പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തു. റെയ്ഷാർഡിനെ കൊലപാതകത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് അമേരിക്കയിൽ ഉയരുന്നത്.
പ്രതിഷേധത്തിൽ തിളച്ച് ഫ്രാൻസും
പാരിസ്: ആഫ്രോ-അമേരിക്കൻ വംശജൻ ജോർജ് ഫ്ലോയ്ഡിന്റെ മരണത്തോടെ അമേരിക്കയിൽ ശക്തമായ വംശവെറിക്കെതിരായ പ്രക്ഷോഭം ഫ്രാൻസിലും. ബ്രിട്ടന് പിന്നാലെയാണ് ഫ്രാൻസിലും വംശീയ വിരുദ്ധ പ്രക്ഷോഭം ആരംഭിച്ചത്. പാരിസിൽ കഴിഞ്ഞ ദിവസം ആയിരക്കണക്കിന് പേരാണ് പ്രതിഷേധ റാലിയിൽ പങ്കെടുത്തത്. സെൻട്രൽ പാരിസിൽ നടന്ന റാലിയിൽ പങ്കെടുത്തവർക്കെതിരെ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. പ്ലാസ് ദെ ലാ റിപ്പബ്ലികിൽ ഒത്തുകൂടിയവർ ഓപ്പറാ ഹൗസിലേക്ക് കയറാൻ ശ്രമിച്ചെങ്കിലും പൊലീസ് തടഞ്ഞു. ആദ്യം സമാധാനപരമായിരുന്ന പ്രതിഷേധം മണിക്കൂറുകൾക്ക് ശേഷം അക്രമാസക്തമായെന്നാണ് റിപ്പോർട്ട്. 2016ൽ പൊലീസ് കസ്റ്റഡിയിൽ മരിച്ച 24കാരനായ മാലി-ഫ്രാൻസ് വംശജൻ അഡാമ ട്രോറിന്റെ സഹോദരി അസ്സ ട്രോർ റാലിയെ അഭിസംബോധന ചെയ്തു.
'യു.എസിൽ സംഭവിക്കുന്നത് ഫ്രാൻസിലും നടക്കുന്നുണ്ട്, നമ്മുടെ സഹോദരങ്ങൾ മരിച്ചുകൊണ്ടേയിരിക്കുകയാണ്." - അവർ പറഞ്ഞു.