ബീജിംഗ്: കൊവിഡിനെ തൂത്തെറിഞ്ഞെന്ന് ആശ്വസിക്കുന്നതിനിടെ, ചൈനയിൽ വീണ്ടും കൊവിഡ് വ്യാപിക്കുന്നു. കൊവിഡിന്റെ പ്രഭവകേന്ദ്രമായ ചൈന രോഗത്തെ പിടിച്ചുകെട്ടിയത് മറ്റ് ലോകരാജ്യങ്ങൾക്കും പ്രചോദനമായിരുന്നു. എന്നാൽ ഇന്നലെ മാത്രം 57 പുതിയ കേസുകളാണ് ചൈനയിൽ റിപ്പോർട്ട് ചെയ്തത്. ഏപ്രിലിന് ശേഷമുണ്ടായിരിക്കുന്ന ഏറ്റവും ഉയർന്ന കണക്കാണിത്. നിലവിൽ ദക്ഷിണ ബീജിംഗിലെ പച്ചക്കറി - ഇറച്ചി മാർക്കറ്റിലാണ് കൊവിഡ് വ്യാപനം കൂടുതൽ. 36 കേസുകൾ പ്രാദേശികമായി തന്നെ പടർന്നതാണെന്ന് ചൈനീസ് ഹെൽത്ത് കമ്മിഷൻ വ്യക്തമാക്കി. വടക്കു കിഴക്കൻ ലിയോണിംഗ് പ്രവശ്യയിൽ സ്ഥിരീകരിച്ച രണ്ട് കേസുകളും ചൈനയുടെ തലസ്ഥാനമായ ബീജിംഗിൽ നിന്ന് തന്നെ വ്യാപിച്ചതാണ്. രാജ്യത്ത് പ്രാദേശിക വ്യാപനം ഏറെക്കുറെ സ്ഥിരീകരിച്ചെന്നും റിപ്പോർട്ടുകളുണ്ട്.
രോഗവ്യാപനം കണക്കിലെടുത്ത് മാർക്കറ്റിലും 11 റസിഡൻഷ്യൽ എസ്റ്റേറ്റുകളിലും ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. മാർക്കറ്റിന് സമീപത്തുള്ള 9 സ്‌കൂളുകളുടേയും നഴ്സറികളുടേയും പ്രവർത്തനം നിറുത്തിവച്ചു. ആളുകൾ ഒത്തു കൂടുന്നതിനും യാത്ര പോകുന്നതിനും വിലക്കുണ്ട്. മാർക്കറ്റിൽ നൂറിലധികം പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. നിലവിൽ ഫുഡ് സേഫ്റ്റി ജീവനക്കാരുടെ നിരീക്ഷണത്തിലാണ് മാർക്കറ്റ്.
അമേരിക്കയിൽ രോഗികൾ 21 ലക്ഷമായി. മരണം 1.17 ലക്ഷം.
ബ്രസീലിൽ രോഗികൾ 8.50 ലക്ഷം. മരണം 42,791.
റഷ്യയിൽ ഇന്നലെയും 8000ത്തിലധികംപേർക്ക് രോഗം സ്ഥിരീകരിച്ചു. ആകെ രോഗികൾ അഞ്ച് ലക്ഷം. പ്രതിദിന മരണം ഇപ്പോഴും 100നുള്ളിൽ. ആകെ മരണം 6,948.
ലോകത്ത് രോഗികൾ 79 ലക്ഷം
മരണം - 4.32 ലക്ഷം
ഭേദമായവർ - 40 ലക്ഷം
ദക്ഷിണ കൊറിയയിൽ 34 പുതിയ കേസുകൾ
ദക്ഷിണാഫ്രിക്കയിൽ പരിശോധനാ സംവിധാനങ്ങൾക്ക് ക്ഷാമം