dulqar-salman-with-raina

തന്റെ ജീവിതകഥ സിനിമയാക്കിയാൽ ദുൽഖർ സൽമാൻ അഭിനയിക്കണമെന്ന് റെയ്ന

മഹേന്ദ്ര സിംഗ് ധോണിയുടെ ജീവിതകഥ സിനിമയാക്കിയപ്പോൾ ധോണിയായി അഭിനയിച്ച സുശാന്ത് സിംഗ് രാജ്പുത്ത് ആത്മഹത്യ ചെയ്ത വാർത്തകൾ പുറത്തുവന്നതിന് തൊട്ടുമുമ്പ് ഒരു സോഷ്യൽ മീഡിയ ചാറ്റിൽ ഇന്ത്യൻ ക്രിക്കറ്റർ സുരേഷ് റെയ്ന തന്റെ ജീവിത കഥ സിനിമയാക്കിയാലുള്ള കാര്യത്തെക്കുറിച്ച് അഭിപ്രായം പറഞ്ഞിരുന്നു.

കഴിഞ്ഞ ദിവസം ട്വിറ്ററിൽ സംഘടിപ്പിച്ച ചോദ്യോത്തര പരിപാടിയിൽ, താങ്കളുടെ ജീവിതം സിനിമയാക്കിയാൽ സ്വന്തം വേഷം ചെയ്യാൻ ആരെ നിർദ്ദേശിക്കുമെന്നായിരുന്നു റെയ്നയോടുള്ള ഒരു ആരാധകന്റെ ചോദ്യം.

രണ്ടു താരങ്ങളുടെ പേരാണ് റെയ്ന നിർദ്ദേശിച്ചത്. അതിലൊന്ന് മലയാളത്തിന്റെ സ്വന്തം ദുൽഖർ സൽമാന്റെ പേര്. മറ്റൊന്ന് ഹിന്ദി നടൻ ഷാഹിദ് കപൂറും. അതിന് ശേഷം ആരാധകനോട് താങ്കളുടെ അഭിപ്രായം എന്തെന്നും ആരാഞ്ഞു.‘ദുൽഖർ സൽമാനാകും‌ ഉചിത’മെന്നായിരുന്നു ചോദ്യമുയർത്തിയ ചൗധരി യൂസഫിന്റെ മറുപടി.

ഏതാനും മാസങ്ങൾക്കു മുൻപ് സുരേഷ് റെയ്നയുമായി ചെന്നൈയിൽവച്ച് കണ്ടുമുട്ടിയ സംഭവം വിവരിച്ച് ദുൽഖർ അദ്ദേഹവുമൊത്തുള്ള ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു. തമിഴ് നടൻ വിക്രം പ്രഭുവും ഉൾപ്പെടുന്നതായിരുന്നു ചിത്രം. സുരേഷ് റെയ്നയെ പരിചയപ്പെടാനായതിൽ സന്തോഷം അറിയിച്ച ദുൽഖർ, താനൊരു ചെന്നൈ സൂപ്പർ കിംഗ്സ് ആരാധകനാണെന്നും വെളിപ്പെടുത്തിയിരുന്നു.

നേരത്തെ, ‘ദി സോയ ഫാക്ടർ’ എന്ന ബോളിവുഡ് ചിത്രത്തിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകനായ നിഖിൽ ഖോഡയുടെ വേഷത്തിൽ ദുൽഖർ സൽമാൻ പ്രത്യക്ഷപ്പെട്ടിരുന്നു.