umra
UMRA

റിയാദ്: ഹജ്ജ് തീർത്ഥാടനം ഈ വർഷം ഉപേക്ഷിക്കുന്ന കാര്യം പരിഗണനയിലെന്ന് റിപ്പോർട്ട്. ഒരു ലക്ഷത്തിലധികം കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ഹജ്ജ് വേണ്ടെന്ന് വയ്ക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നതായി ഹജ്ജ്, ഉംറ തീർത്ഥാടനവുമായി ബന്ധപ്പെട്ട സൗദി മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി. ബ്രിട്ടീഷ് മാദ്ധ്യമമായ 'ഫിനാൻഷ്യൽ ടൈംസി'നെ ഉദ്ധരിച്ച് 'ഗൾഫ് ന്യൂസാണ് ' വാർത്ത റിപ്പോർട്ട് ചെയ്തത്. ഇതുമായി ബന്ധപ്പെട്ട് വിവിധ സാഹചര്യങ്ങൾ കണക്കിലെടുക്കുകയാണെന്നും ഒരാഴ്ചക്കുള്ളിൽ ഔദ്യോഗിക തീരുമാനം ഉണ്ടാകുമെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു. 20 ലക്ഷത്തിലധികം തീർത്ഥാടകരാണ് ഓരോ വർഷവും ഹജ്ജിനായി സൗദിയിലെത്തുന്നത്.

അതേസമയം, കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ലേബർ ക്യാമ്പുകളിൽ തൊഴിലാളികൾ തിങ്ങിപ്പാർക്കുന്നത് കുറയ്ക്കുന്നതിന്റെ ഭാഗമായി 50,000 തൊഴിലാളികളെ 2,000 പുതിയ കെട്ടിടങ്ങളിലേക്ക് ലേബർ ഹൗസിംഗ് കമ്മറ്റികൾ മാറ്റിയതായി റിപ്പോർട്ട്. കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഹൗസിംഗ് കോമ്പൗണ്ടുകളിൽ തന്നെ തൊഴിലാളികൾക്കായി ഐസൊലേഷൻ മുറികളും സജ്ജമാക്കാൻ കമ്മറ്റികൾ തീരുമാനിച്ചു. രാജ്യത്തെ തൊഴിലാളികൾക്കിടയിൽ കൊവിഡ് പടരുന്നത് തടയാനുള്ള നടപടികളുടെ ഭാഗമായാണിത്.

ഒമാനിൽ വിസിറ്റിംഗ് വിസ കാലാവധി 30 വരെ നീട്ടി

മസ്​കത്ത്​: കൊവിഡിനെ തുടർന്ന്​ ഒമാനിൽ കുടുങ്ങിയ വിദേശികളുടെ വിസിറ്റ്​, എക്​സ്​പ്രസ്​ വിസകളുടെ കാലാവധി ഈ മാസം 30 വരെ നീട്ടി. നേരത്തേ ജൂൺ 15 വരെയാണ്​ ഈ ആനുകൂല്യം ലഭ്യമായിരുന്നത്​. വിമാനത്താവളം അടച്ചതിനാൽ സ്വദേശത്തേക്ക്​ മടങ്ങാൻ കഴിയാത്തവർക്കാണ്​ ഈ ആനുകൂല്യം ലഭ്യമാവുക. സന്ദർശന വിസകൾ പുതുക്കാനായി ഒന്നും ചെയ്യേണ്ടതില്ല. തനിയെ സൗജന്യമായി പുതുക്കി നൽകുകയാണ്​ ചെയ്യുക.