മുംബയ്: ബി.സി.സി.ഐയുമായി ബന്ധപ്പെട്ട വാർത്തകൾ പുറത്ത് പറഞ്ഞാൽ കടുത്ത നടപടി സ്വീകരിക്കുമെന്ന് ബി.സി.സി.ഐ സെക്രട്ടറി ജയ്ഷാ ജീവനക്കാർക്ക് മുന്നറിയിപ്പ് നൽകി.
മാദ്ധ്യമങ്ങൾക്കോ മറ്രുള്ളവർക്കോ ബി.സി.സി.ഐയിലെ കാര്യങ്ങൾ ചോർത്തിക്കൊടുത്താൽ പിരിച്ചുവിടലും സസ്പെൻഷനും ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്ന് ജയ് ഷായുടെ ഓഫീസിൽ നിന്ന് ബി.സി.സി.ഐയുടെ അംഗങ്ങൾക്ക് അയച്ച സന്ദേശത്തിൽ പറയുന്നു. ബി.സി.സി.ഐയുടെ മുംബയിലെ ആസ്ഥാനത്തും ബംഗളുരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയിലും ജോലി ചെയ്യുന്ന നൂറോളം ജീവനക്കാർക്കാണ് സന്ദേശമയച്ചത്.
ബി.സി.സി.ഐയുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങൾ മാധ്യമങ്ങളിലൂടെ പുറത്തുവരുന്ന സാഹചര്യത്തിലാണ് നിലപാട് കർശനമാക്കിയത്. അംഗങ്ങൾ മാദ്ധ്യമങ്ങളുമായി സംസാരിക്കണമെങ്കിൽ മുൻകൂട്ടി അനുമതി വാങ്ങിയിരിക്കണമെന്നും നിർദ്ദേശമുണ്ട്.