-sushant-singh-rajputs

ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുതിന്റെ മരണവാര്‍ത്തയുടെ ഞെട്ടലിലാണ് ഇന്ത്യൻ സിനിമാലോകം. മുംബയ് ബാന്ദ്രയിലെ വസതിയില്‍ ഞായറാഴ്ച ഉച്ചയോടെയാണ് സുശാന്ത് സിംഗ് രാജ്പുതിനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടത്. നടൻ എന്നതിൽ ഉപരിയായി സാമൂഹ്യപ്രവർത്തിലും ഏറെ തത്പരനായിരുന്നു സുശാന്ത്.

കേരളത്തിലെ പ്രളയ സമയത്ത് ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാൻ ആഗ്രഹമുണ്ടായിട്ടും അതിന് പണമില്ലെന്ന് പരിതപിച്ച ആരാധകന്റെ പേരിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് ഒരു കോടി രൂപ അദ്ദേഹം സംഭാവന നൽകി. ഇതുസംബന്ധിച്ച് ഫേസ്ബുക്ക് പോസ്റ്റ് പങ്കുവച്ചിരിക്കുകയാണ് നെൾസൻ ജോസഫ്.

" സിനിമകൾക്കപ്പുറത്ത് സുശാന്ത് ഒരു നല്ല മനുഷ്യനായിരുന്നുവെന്ന് ഓർമിപ്പിച്ച ഒരു സംഭവമുണ്ട്. കേരളം മുഴുവൻ വെള്ളത്തിൽ മുങ്ങിനിന്ന ഒരു പ്രളയകാലം. സഹായിക്കണമെന്ന് ആഗ്രഹമുണ്ട്, കയ്യിൽ പണമില്ല എന്ന് സുശാന്തിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ കമൻ്റ് ചെയ്ത ആരാധകന് കിട്ടിയ മറുപടി " ,​താങ്കളുടെ പേരിൽ ഒരു കോടി രൂപ ഞാൻ നൽകാം "എന്നായിരുന്നു. അത് നൽകുകയും ചെയ്തു"- ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ഒരേയൊരു സിനിമയാണ് അയാൾ നായകനായത് കണ്ടിട്ടുള്ളത്.

എം.എസ്. ധോണി ദി അൺടോൾഡ് സ്റ്റോറി. മഹേന്ദ്ര സിങ്ങ് ധോണിയുടെ ജീവിതം അയാൾ ജീവിച്ചിരിക്കുമ്പൊത്തന്നെ സ്ക്രീനിൽ അവതരിപ്പിക്കുന്നത് ഒരു ചെറിയ ജോലിയല്ല.

നോക്കിലും നടപ്പിലും മാത്രമല്ല ധോണിയെ കാണിക്കേണ്ടത്. ഓരോ ഷോട്ടിലും സ്റ്റാൻസിലും വരെ അന്നത്തെ ഇൻഡ്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ്റെ ഓരോ ചലനവും ഓരോ ക്രിക്കറ്റ് പ്രേമിക്കും സുപരിചിതമാണ്.

അത് അയാൾ അനായാസം എടുത്ത് തോളത്ത് വച്ചുവെന്ന് മാത്രമല്ല, ഓരോ സെക്കൻഡും ഭംഗിയായിത്തന്നെ പൂർത്തിയാക്കുകയും ചെയ്തു. ഡിറ്റക്ടീവ് ബ്യോംകേഷ് ബക്ഷി എന്തുകൊണ്ടോ പാതിവഴിയിൽ കാഴ്ച നിന്നുപോയ സിനിമയാണ്.

സിനിമകൾക്കപ്പുറത്ത് സുശാന്ത് ഒരു നല്ല മനുഷ്യനായിരുന്നുവെന്ന് ഓർമിപ്പിച്ച ഒരു സംഭവമുണ്ട്.

കേരളം മുഴുവൻ വെള്ളത്തിൽ മുങ്ങിനിന്ന ഒരു പ്രളയകാലം. സഹായിക്കണമെന്ന് ആഗ്രഹമുണ്ട്, കയ്യിൽ പണമില്ല എന്ന് സുശാന്തിൻ്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ കമൻ്റ് ചെയ്ത ആരാധകന് കിട്ടിയ മറുപടി " താങ്കളുടെ പേരിൽ ഒരു കോടി രൂപ ഞാൻ നൽകാം " എന്നായിരുന്നു.

അത് നൽകുകയും ചെയ്തു..

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്.. ഒരു നല്ല നടൻ മാത്രമല്ല, നല്ലൊരു മനുഷ്യനെക്കൂടിയാണ് നഷ്ടപ്പെട്ടത്...

അയാളെക്കുറിച്ച് നല്ലത് മാത്രം ഓർമിച്ചു വയ്ക്കാനാണിഷ്ടം.

എന്തിന് ചെയ്തു എന്ന ചോദ്യത്തിൽ കാര്യമില്ല. അയാളെ ഇഷ്ടമുള്ള നമുക്ക്, അയാൾക്കുവേണ്ടി ചെയ്യാൻ കഴിയുന്ന ഒന്നേയുള്ളൂ.

ഒരു മിനിറ്റ് നീക്കിവയ്ക്കുക..

നമ്മുടെ ചുറ്റുമുള്ളവരെ കാണാനും അവർക്ക് സഹായം ആവശ്യമുണ്ടെങ്കിൽ നൽകാനും..

ഏറ്റവും പ്രധാനം മാനസികാരോഗ്യവും ശരീരത്തിൻ്റെ ആരോഗ്യം പോലെ പ്രാധാന്യമുള്ള, ആവശ്യമുള്ളപ്പോൾ സഹായം സ്വീകരിക്കേണ്ട ഒന്നാണെന്ന് തിരിച്ചറിയുകയാണ്.

സ്വയം ഇല്ലാതാവുന്നതിനെക്കുറിച്ച് ആരെങ്കിലും സൂചിപ്പിച്ചാൽ അവഗണിക്കാതിരിക്കുക. വിദഗ്ധ സഹായം തേടുവാൻ ശ്രമിക്കുക.

ഒരു നിമിഷം കൊണ്ട് ഒരാളെ നമുക്ക് രക്ഷിക്കാനായേക്കാം..

ഒറ്റയ്ക്ക് പൊരുതാൻ വിട്ടുകൊടുക്കാതെ ഒന്നിച്ച് നിൽക്കാം..