മുംബയ്: ബോളിവുഡ് നടൻ സുശാന്ത് സിംഗ് രജ്പുതിനെ (34) മുംബയ് ബാന്ദ്രയിലെ വസതിയിൽ ഇന്നലെ രാവിലെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
സുശാന്ത് സിംഗ് ആറു മാസമായി വിഷാദരോഗത്തിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. ആത്മഹത്യ കുറിപ്പൊന്നും ലഭിച്ചിട്ടില്ല. ശനിയാഴ്ച രാത്രി സുശാന്ത് സിംഗും ഏറ്റവും അടുത്ത സുഹൃത്തുക്കളും ബാന്ദ്രയിലെ ഫ്ളാറ്റിലുണ്ടായിരുന്നതായാണ് വിവരം. സുശാന്ത് ഏറെ വൈകിയാണ് ഉറങ്ങാൻ പോയത്. അതിനാൽ, രാവിലെ എഴുന്നേൽക്കാത്തതിൽ വീട്ടുജോലിക്കാർക്ക് സംശയമൊന്നും തോന്നിയിരുന്നില്ല. പിന്നീട് സുശാന്തിന്റെ മുറിയുടെ വാതിലിൽ തട്ടി വിളിച്ചിട്ടും പ്രതികരണമില്ലാത്തതിനാൽ ജോലിക്കാരൻ വീട്ടിലുണ്ടായിരുന്ന സുഹൃത്തുക്കളെ അറിയിക്കുകയായിരുന്നു. അവർ ബലംപ്രയോഗിച്ച് വാതിൽ തുറന്നപ്പോഴാണ് സുശാന്തിനെ തൂങ്ങിയ നിലയിൽ കണ്ടത്.
ബിഹാറിലെ പാട്നയിലാണ് സുശാന്തിന്റെ ജനനം. അച്ഛൻ കെ.കെ. സിംഗ് സർക്കാർ ജീവനക്കാരനായിരുന്നു. സംസ്ഥാന ക്രിക്കറ്റ് താരം മിട്ടു സിംഗ് ഉൾപ്പെടെ നാലു സഹോദരിമാരുണ്ട്. 2002ൽ അമ്മ മരിച്ചതോടെ സുശാന്ത് മാനസികമായി തകർന്നു. തുടർന്ന് കുടുംബം പാറ്റ്ന വിട്ട് ഡൽഹിയിൽ ചേക്കേറി. എൻജിനീയറിംഗ് പഠനം പാതിവഴിയിൽ ഉപേക്ഷിച്ചാണ് സുശാന്ത് അഭിനയത്തിലേക്ക് കടക്കുന്നത്.
ധോണിയായി വെള്ളിത്തിരയിൽ തിളങ്ങി
ടെലിവിഷൻ സീരിയലുകളിലൂടെയാണ് സുശാന്ത് സിംഗ് അഭിനയരംഗത്ത് പ്രവേശിക്കുന്നത്. കിസ് ദേശ് മേം ഹായ് മെരാ ദിൽ എന്ന ഷോയിലൂടെ ഏക്‌താ കപൂറാണ് സുശാന്ത് സിംഗിന് ടി.വിയിൽ ആദ്യ അവസരം നൽകിയത്. തുടർന്ന് പവിത്ര റിഷ്‌ട എന്ന സീരിയലിൽ പ്രധാന വേഷം ചെയ്തു.
ചേതൻ ഭഗതിന്റെ ത്രീ മിസ്റ്റേക്ക്‌സ് ഒഫ് മൈ ലൈഫ് എന്ന നോവലിന്റെ ചലച്ചിത്രാവിഷ്‌കാരമായ 'കായ് പോ ചേ" എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചു. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച നവാഗത നടനുള്ള മൂന്നു അവാർഡുകൾ ലഭിച്ചു. 'എം.എസ് ധോണി അൺടോൾഡ് സ്റ്റോറി" എന്ന ചിത്രത്തിൽ ക്രിക്കറ്റ് താരം മഹേന്ദ്രസിംഗ് ധോണിയുടെ വേഷം അവതരിപ്പിച്ച് ഏറെ ശ്രദ്ധ നേടി. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള സ്‌ക്രീൻ അവാർഡ് (നിരൂപകരുടെ) നേടി. ചിച്ചോർ, പി.കെ, കേദാർനാഥ്, വെൽകം ടു ന്യൂയോർക്ക് എന്നിവയാണ് മറ്റ് പ്രധാന ചിത്രങ്ങൾ.നെറ്റ്ഫ്‌ളിക്‌സ് ഫിലിം 'ഡ്രൈവിലാണ്" സുശാന്ത് അവസാനമായി പ്രത്യക്ഷപ്പെട്ടത്.