നാടകത്തിൽ നിന്ന് സീരിയലിലേക്കും പിന്നീട് സിനിമയിലേക്കുമുള്ള എന്റെ യാത്രയിൽ ഇതുവരെ നിരാശ ഉണ്ടായിട്ടില്ല.
- സുശാന്ത് സിംഗ് രജ്പുത്
മുംബയ്: 'കിസ് ദേശ് മേം ഹെ മേരാ ദിൽ' എന്ന സീരിയലിലെ പ്രീത് ജുനേജ എന്ന കഥാപാത്രത്തെ പ്രേക്ഷകർ മറന്നിരിക്കില്ല. ചിരിക്കുന്ന കണ്ണുകളുള്ള സുശാന്ത് സിംഗ് രജ്പുത് എന്ന സുന്ദരൻ ബീഹാറിപ്പയ്യ
നെ അന്നേ ആസ്വാദകർ നെഞ്ചിലേറ്റി.
ഷാരൂഖ് ഖാൻ ചിത്രങ്ങൾ കണ്ട് ഹരംകൊണ്ടാണ് എൻജിനീയറിംഗ് പഠനം മൂന്നാംവർഷം ഉപേക്ഷിച്ച് സുശാന്ത് അഭിനയത്തിലേക്ക് എത്തുന്നത്. ബഹിരാകാശ യാത്രികനാവുകയെന്ന ആഗ്രഹം അഭിനയമോഹത്തിനു മുന്നിൽ മുട്ടുമടക്കി. കോളേജ് വിട്ട് താമസിയാതെ പ്രശസ്ത നൃത്താദ്ധ്യാപകനും നൃത്ത സംവിധായകനുമായ ഷൈമക് ധാവറിന്റെ നൃത്തസംഘത്തിൽ ചേർന്നു. ചില സിനിമകളിൽ ബാക്ക് ഗ്രൗണ്ട് നർത്തകനായി വേഷമിട്ടു. നാടകങ്ങളിലും അഭിനയിച്ചു. പിന്നീട് ജൂനിയർ ആർട്ടിസ്റ്റായി. അവിടെനിന്നാണ് ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ട താരമായി മാറിയത്.
ആരവങ്ങളില്ലാതെയായിരുന്നു ബോളിവുഡിലേക്ക് സുശാന്തിന്റെ കടന്നുവരവ്. അതിഭാവുകത്വം കലരാത്ത അഭിനയനമികവിലൂടെ ഹിന്ദി സിനിമാലോകത്ത് ചുവടുറപ്പിക്കാൻ സുശാന്തിനായി. ആദ്യ ചിത്രമായ 'കായ് പോ ചെ'യിലൂടെ പുരസ്കാരങ്ങൾ വാരിക്കൂട്ടിയപ്പോൾ ബോളിവുഡും ആരാധകവൃന്ദവും പറഞ്ഞു: ഇതാ, അടുത്ത സൂപ്പർതാരം! എം.എസ് ധോണി: ദി അൺടോൾഡ് സ്റ്റോറി' എന്ന ചിത്രം തിയേറ്ററുകളിലെത്തിയതോടെ സുശാന്ത് ഇന്ത്യൻ സിനിമയിലെ മിന്നുംതാരമായി. ഈ ചിത്രത്തിനു വേണ്ടി 2016ൽ മറ്റു സിനിമകളെല്ലാം സുശാന്ത് മാറ്റിവച്ചു. ചെയ്തയെല്ലാം, പ്രേക്ഷകരുടെ മനസിൽ ചിരപ്രതിഷ്ഠ നേടിയ കഥാപാത്രങ്ങൾ.
'ശുദ്ധ് ദേശി റൊമാൻസ്' കൂടിയെത്തിയതോടെ ബോളിവുഡിൽ ‘അയലത്തെ വീട്ടിലെ പയ്യനായി’സുശാന്ത്. അത്രയേറെ അടുപ്പം തോന്നിക്കുന്ന അഭിനയം. ഇന്ത്യക്കാരിയെ പ്രണയിക്കുന്ന പാക്കിസ്ഥാൻ പയ്യൻ സർഫറാസായി ‘പി.കെ’യിലെ ക്ലൈമാക്സിൽ സുശാന്ത് നടത്തിയ അഭിനയം ഇന്നും പ്രേക്ഷകരുടെ കണ്ണു നനയിക്കും. 2015ൽ ഡിറ്റക്ടീവ് ബ്യോംകേഷ് ഭക്ഷി എന്ന ആക്‌ഷൻ ത്രില്ലറിലും തകർപ്പൻ പ്രകടനമായിരുന്നു. ഈ ചിത്രങ്ങൾ കോടികൾ വാരിക്കൂട്ടിയപ്പോഴും അമിതാഹ്ലാദം പ്രകടിപ്പിക്കാൻ സുശാന്ത് തയ്യാറായിരുന്നില്ല. പതിനഞ്ചു ചിത്രങ്ങൾ പോലും തികയ്ക്കാതെ തന്നെ സുശാന്ത് ഇന്ത്യയൊട്ടാകെ അറിയപ്പെടുന്ന യുവ നടനായി! തിരക്കഥയിൽ അനാവശ്യ കൂട്ടിച്ചേർക്കലുകൾ നടത്തുന്നുവെന്നും കൂടെ ജോലി ചെയ്യാൻ ബുദ്ധിമുട്ടാണെന്നും സംവിധായകർ ആരോപണം ഉയർത്തിയപ്പോഴും സുശാന്ത് തളർന്നില്ല. തട്ടുപൊളിപ്പൻ ആക്ഷൻ പടങ്ങൾക്കു പിന്നാലെ പോകാതെ കാമ്പുള്ള കഥകളിലൂടെ അദ്ദേഹം ബോളിവുഡിൽ നിറഞ്ഞു നിന്നു.
കഥയിലും ജീവിതത്തിലും മരണം
തന്റെ ആദ്യ സീരിയലായ കിസ് ദേശ് മേ ഹൈ മേരാ ദില്ലിലും ആദ്യ ചിത്രമായ കായ് പോ ചെയിലും സുശാന്തിന്റെ കഥാപാത്രങ്ങൾ ചെറുപ്പത്തിൽ തന്നെ മരണത്തെ പുൽകുന്നവരാണ്. 2019ൽ ഇറങ്ങിയ ചിച്ചോരെ എന്ന ചിത്രത്തിൽ ആത്മഹത്യയ്ക്കു ശ്രമിച്ച മകന് പ്രചോദനം നൽകി ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാൻ ശ്രമിക്കുന്ന അച്ഛന്റെ വേഷത്തിലാണ് സുശാന്ത് എത്തിയത്. സ്വന്തം ജീവിതത്തിൽ സുശാന്തിന്റെ വിധി മറിച്ചായി.