കോഫി വിത്ത് കരൺ വിവാദവും വിലക്കും തന്നെ മികച്ച ക്രിക്കറ്ററാക്കിയെന്ന് കെ.എൽ.രാഹുൽ
ബംഗളൂരു: കോഫി വിത്ത് കരൺ എന്ന ടി.വി പരിപാടിയിൽ പങ്കെടുത്ത് നടത്തിയ അഭിപ്രായ പ്രകടനങ്ങൾ വിവാദമായതും തുടർന്ന് വിലക്ക് ലഭിച്ചതും തന്റെ ചിന്താഗതിയെ മാറ്രിമറിച്ചെന്നും സ്ഥിരതയുള്ള ക്രിക്കറ്രറാക്കിമാറ്രിയെന്നും ഇന്ത്യൻ ക്രിക്കറ്രർ കെ.എൽ.രാഹുൽ. കോഫി വിത്ത് കരൺ എന്ന ചാനൽ പരിപാടിയിൽ സ്ത്രീകളെക്കുറിച്ച് അശ്ലീലച്ചുവയോടെ സംസാരിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് രാഹുലിനെയും ഹാർദ്ദിക് പാണ്ഡ്യയേയും 2019 ജനുവരിയിൽ ആസ്ട്രേലിയൻ പര്യടനത്തിനിടെ ബി.സി.സി.ഐ നാട്ടിലേക്ക് തിരിച്ചു വിളിക്കുകയും വിലക്കേർപ്പെടുത്തുകയും ചെയ്തത്. സംഭവത്തിൽ രാഹുലും പാണ്ഡ്യയും ഏറെ വിമർശനങ്ങളും കേട്ടിരുന്നു. ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇരുപത്തെട്ടുകാരനായ രാഹുൽ തന്റെ ജീവിതം മാറ്റിമറിച്ച ആ വിലക്ക് കാലത്തേക്കുറിച്ച് വെളിപ്പെടുത്തിയത്. രാഹുലിന്റെ വാക്കുകളിലൂടെ...
വിലക്കിൽ കിട്ടിയ വെളിവ്
കൂടുതൽ സ്ഥിരതയോടെ എനിക്കിപ്പോൾ കളിക്കാൻ കഴിയുന്നുണ്ട്. 2019ലെ വിലക്കിന് ശേഷമാണ് കളിയോടുള്ള എന്റെ സമീപനവും ചിന്താഗതിയും മാറ്രിയത്. അതിന് മുമ്പ് ഞാൻ സ്വാർത്ഥനായിരുന്നു. ഞാൻ എനിക്ക് വേണ്ടിയാണ് കളിച്ചുകൊണ്ടിരുന്നത്. അതിനാൽ തന്നെ പലപ്പോഴും പരാജയപ്പെട്ടു.
എന്നാൽ വിലക്കിന്റെ സമയത്ത് ഞാൻ സ്വയം എന്നെ വിലയിരുത്തി.തെറ്രുകൾ മനസിലാക്കി. ടീം ആവശ്യപ്പെടുന്നപോലെ കളിക്കുകയാണ് വേണ്ടത് എന്ന സത്യം മനസിലാക്കി. അത് എന്റെ പ്രകടനത്തെ മെച്ചപ്പെടുത്തി. കൂടുതൽ സ്ഥിരത കൈവരിക്കാനായി.
ക്രിക്കറ്റിൽ സമർപ്പിച്ചു
ഒരു ക്രിക്കറ്ററുടെ കരിയർ അത്രവലുതൊന്നുമല്ലെന്ന് വിലക്കിന്റെ കാലത്ത് ഞാൻ മനസിലാക്കി.ഒരു പതിനൊന്ന് പന്ത്രണ്ട് വർഷം കളക്കളത്തിൽ തുടരാനാകുമെന്നാണ് പ്രതീക്ഷ. മറ്രൊന്നിലും ശ്രദ്ധിക്കാതെ മുഴുവൻ സമയവും ശക്തിയും ക്രിക്കറ്രിൽ അർപ്പിച്ചാൽ മികച്ച കളിക്കാരനും ടീം മാനുമാകാം. മാനസിക നില മാറിയപ്പോൾ എന്റെ സമ്മർദ്ദവും വളരെക്കുറഞ്ഞു.
രോഹിത് പ്രചോദനം
ട്വന്റി-20യിൽ ഓപ്പണിംഗ് സ്ലോട്ടിൽ ഞാനാണ് ഫസ്റ്ര് ചോയ്സ് എന്ന് രോഹിത് പറഞ്ഞത് എനിക്ക് കിട്ടിയ വലിയ ബഹുമതിയാണ്. അദ്ദേഹത്തെപ്പോലൊരു സീനിയർ താരം എന്നിൽ അർപ്പിക്കുന്ന വിശ്വാസവും പ്രോത്സാഹനവും ആത്മവിശ്വാസം ഏറെ വർദ്ധിപ്പിച്ചു. ഞാനദ്ദേഹത്തിന്റെ വലിയ ഫാനാണ്,. സച്ചിൻ ടെൻഡുൽക്കറെക്കാണുനമ്പോൾ എന്ത് ചെയ്യണമെന്നറിയാതെ തരിച്ച് നിൽക്കുന്ന പോലെയാണ് മൈതാനത്തിന് പുറത്ത് വച്ച് രോഹിതിനെ കാണുമ്പോഴും.