gold-etf1

കൊച്ചി: കൊവിഡ് ഭീതിമൂലം ആഗോളതലത്തിൽ ഓഹരി വിപണികൾ നേരിടുന്ന തളർച്ച വളമാകുന്നത് സ്വർണത്തിന്. കഴിഞ്ഞ ആഗസ്‌റ്റ് മുതൽ ഇതുവരെ ബോംബെ ഓഹരി സൂചികയുടെ (സെൻസെക്‌സ്) മൂല്യത്തിലുണ്ടായ നഷ്‌‌ടം 6.97 ലക്ഷം കോടി രൂപയാണ്. 140.98 ലക്ഷം കോടി രൂപയിൽ നിന്ന് 134 ലക്ഷം കോടി രൂപയിലേക്കാണ് മൂല്യം താഴ്‌ന്നത്. എന്നാൽ, ഇക്കാലയളവിൽ ഗോൾഡ് എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടുകളിലേക്ക് (ഗോൾഡ് ഇ.ടി.എഫ്) ഒഴുകിയ നിക്ഷേപം 3,299 കോടി രൂപയാണ്.

ഏപ്രിലിൽ 731 കോടി രൂപയും മാ‌ർച്ചിൽ 195 കോടി രൂപയുമാണ് ഗോൾഡ് ഇ.ടി.എഫ് നേടിയതെന്ന് അസോസിയേഷൻ ഒഫ് മ്യൂച്വൽഫണ്ട്‌സ് ഇന്ത്യ (ആംഫി) വ്യക്തമാക്കി. ജനുവരിയിൽ 202 കോടി രൂപയും ഫെബ്രുവരിയിൽ 1,483 കോടി രൂപയും ഗോൾഡ് ഇ.ടി.എഫിലേക്ക് എത്തി. ആഗോളതലത്തിൽ കൊവിഡ് ഭീതി ഉയരുന്നതിന് മുമ്പുള്ള മാസങ്ങളിൽ ഗോൾഡ് ഇ.ടി.എഫിലേക്ക് എത്തിയ നിക്ഷേപം തുച്ഛമാണ്. ഡിസംബറിൽ 27 കോടി രൂപയും നവംബറിൽ വെറും 7.68 കോടി രൂപയും. ഒക്‌ടോബറിൽ 31.45 കോടി രൂപ കൊഴിയുകയും ചെയ്‌തിരുന്നു.

ഗോൾഡ് ഫണ്ട് കമ്പനികൾ കൈകാര്യം ചെയ്യുന്ന മൊത്തം ആസ്‌തി (അസറ്ര് അണ്ടർ മാനേജ്‌‌മെന്റ് - എ.യു.എം) മേയിൽ 10,102 കോടി രൂപയായി. ഏപ്രിലിൽ ഇത് 9,198 കോടി രൂപയായിരുന്നു. മ്യൂച്വൽഫണ്ടുകളിലെ എല്ലാ വിഭാഗങ്ങളിലുമായി കഴിഞ്ഞമാസം എത്തിയ നിക്ഷേപം 70,800 കോടി രൂപയാണ്. ഏപ്രിലിൽ 46,000 കോടി രൂപയായിരുന്നു. മ്യൂച്വൽഫണ്ട് മേഖലയിലെ ആകെയുള്ള 44 സ്ഥാപനങ്ങളുടെ സംയുക്ത ആസ്‌തി (എ.യു.എം) ഏപ്രിലിലെ 24 ലക്ഷം കോടി രൂപയിൽ നിന്ന് 24.55 ലക്ഷം കോടി രൂപയായും വർദ്ധിച്ചു.

ആഗോള പ്രിയം

വേൾഡ് ഗോൾഡ് കൗൺസിലിന്റെ മേയിലെ റിപ്പോർട്ട് പ്രകാരം ഗോൾഡ് ഇ.ടി.എഫിലെ മൊത്തം നിക്ഷേപം 3,370 കോടി ഡോളറാണ്; ഏകദേശം 2.55 ലക്ഷം കോടി രൂപ. 623 മെട്രിക് ടൺ സ്വർ‌ണത്തിന് തുല്യമാണിത്. 2016ൽ നിക്ഷേപം 2,400 കോടി ഡോളർ (2.04 ലക്ഷം കോടി രൂപ) ആയിരുന്നു. മേയിൽ മാത്രം 154 മെട്രിക് ടണ്ണിന് തുല്യനിക്ഷേപം ഇ.ടി.എഫ് നേടി. 850 കോടി ഡോളറാണ് (65,000 കോടി രൂപ) മൂല്യം.