പൂനിലാവു പോലെയായിരുന്നു ആ പുഞ്ചിരി.നിഷ്ക്കളങ്കമായ, എന്നാൽ കുസൃതി ഒളിപ്പിച്ചുവച്ച ചിരി.സുശാന്ത് സിംഗ് രാജ്പുത് ഓർമ്മയിലേക്ക് മറയുമ്പോൾ ഒന്നുറപ്പാണ് ,പ്രേക്ഷക മനസ്സിൽ ആ ചിരി ഒരിക്കലും മായില്ല..സിനിമയിൽ എത്തിയിട്ട് ഇത് ഏഴാം വർഷമാണ്.വലിയൊരു കുതിപ്പിലേക്ക് പോകുന്ന വേളയിലാണ് മുപ്പത്തിനാലാം വയസിൽ സ്വയം സുശാന്ത് മരണത്തെ വരിച്ചത്.എല്ലാവരും ചോദിക്കുന്നു എന്തിനിത് ചെയ്തു.?വിഷാദ രോഗത്തിന് ചികിത്സയിലായിരുന്നുവെന്ന് ബോളിവുഡ്ഢിലെ സുഹൃത്തുക്കൾ പറയുന്നു.ഒരാഴ്ച മുമ്പാണ് സുശാന്തിന്റെ മുൻ മാനേജരായിരുന്ന ദിശ പതിന്നാല് നില കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി ജീവനൊടുക്കിയത്.ജീവിതത്തിന്റെ ഗതിമാറ്റങ്ങൾ ആർക്ക് പ്രവചിക്കാനാവും.
ബീഹാറിലെ പാറ്റ്ന സ്വദേശിയാണ്.2002 ൽ അമ്മ മരിച്ചു.ആ വിയോഗം സുശാന്തിനെ വല്ലാതെ തളർത്തിയിരുന്നു.അതോടെ കുടുംബം ബിഹാറിൽ നിന്ന് ഡൽഹിയിലേക്ക് ചേക്കേറി.
പഠിക്കാൻ മിടുക്കനായിരുന്നു.പ്രവേശന പരീക്ഷകൾ എഴുതി വിജയിക്കുകയെന്നത് സുശാന്തിന് കൗതുകമായിരുന്നു.പതിനൊന്നോളം പ്രവേശന പരീക്ഷകളാണ് എഴുതി ജയിച്ചത്.
എഞ്ചിനീയറിംഗ് വിദ്യാർത്ഥിയായിരിക്കുമ്പോഴാണ് സിനിമയും അഭിനയവും അഭിനിവേശമാകുന്നത്.ആദ്യം ഡാൻസ് ട്രൂപ്പിൽ സജീവമാവുകയായിരുന്നു.ഷമിക് ദാവറിന്റെ നൃത്തപരിശീലനത്തിൽ പങ്കെടുത്ത സുശാന്ത് സുഹൃത്തുക്കളുടെ താത്പ്പര്യാർത്ഥം അഭിനയവും പഠിച്ചു.അമ്പത്തിയൊന്നാം ഫിലിംഫെയർ അവാർഡ് ദാന ചടങ്ങിൽ നൃത്തപരിപാടി അവതരിപ്പിച്ച സംഘത്തിൽ സുശാന്തുമുണ്ടായിരുന്നു.2006 ൽ ആസ്ട്രലിയയിൽ നടന്ന കോമൺവെൽത്ത് ഗെയിംസിൽ സാംസ്കാരിക പരിപാടി അവതരിപ്പിക്കാൻ ഇതേ സംഘം പോയപ്പോൾ കൂട്ടത്തിൽ സുശാന്തുമുണ്ടായിരുന്നു.
അഭിനയ മോഹം കൂടി വന്നപ്പോഴാണ് സുശാന്ത് മുംബൈയിലേക്ക് പോയത്.അവിടെ നദീറാ ബബ്ബാറിന്റെ തിയറ്റർ ഗ്രൂപ്പിൽ ചേർന്നു.ഈ വേളയിലാണ് നെസ്ലെ മഞ്ചിന്റെ ഇന്ത്യ മുഴുവൻ പ്രശസ്തമായ പരസ്യ ചിത്രത്തിൽ അഭിനയിച്ചത്.മഞ്ചിന്റെ പരസ്യത്തിലൂടെയാണ് ആ ചിരി ഇന്ത്യൻ പ്രേക്ഷകർ ആദ്യമായി കണ്ടത്.കിസ് ദേശ് മേം ഹായ് മേരാ ദിൽ എന്ന സ്റ്റാർ പ്ളസ് ചാനൽ സീരീസിലൂടെ സുശാന്ത് അഭിനയത്തിൽ അരങ്ങേറ്റം കുറിച്ചു.തുടർന്ന് ഏക്താ കപൂറിന്റെ പവിത്ര റിസ്തയടക്കം നിരവധി സീരിയലുകൾ.ചേതൻ ഭഗതിന്റെ ത്രീ മിസ്റ്റേക്സ് ഓഫ് മൈ ലൈഫിനെ ആധാരമാക്കി അഭിഷേക് കപൂറെടുത്ത കാ പോ ചെയിലൂടെ സിനിമയിൽ തുടക്കം കുറിച്ചു.അമീർഖാനൊപ്പം പി.കെയിൽ തിളങ്ങി.ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസതാരം മഹേന്ദ്രസിംഗ് ധോണിയുടെ ജീവിതത്തെ ആസ്പദമാക്കിയെടുത്ത എം.എസ്.ധോണി ദി അൺടോൾഡ് സ്റ്റോറി സുശാന്തിനെ താരപദവിയിലേക്ക് ഉയർത്തി.കഴിഞ്ഞ വർഷമിറങ്ങിയ ചിച്ചോരെ കുടുംബ പ്രേക്ഷകർക്കും പ്രിയങ്കരനാക്കി.
ആയുഷ്മാൻ ഖുറാന,രാജ്കുമാർ റാവു, വിക്കികൗശൽ തുടങ്ങി ബോളിവുഡ്ഢിലെ പുതിയ താരോദയത്തിനൊപ്പം ചേർത്തുവച്ച പേരായിരുന്നു സുശാന്ത് സിംഗ് രാജ്പുത്.ആ താരകം പൊലിഞ്ഞിരിക്കുന്നു.