modi-

മുംബയ്: യുവ നടൻ സുശാന്ത് സിംഗ് രജ്പുതിന്റെ മരണത്തിൽ ഞെട്ടിത്തരിച്ച് ബോളിവുഡ്. സുശാന്ത് ജീവനൊടുക്കിയെന്ന വാർത്ത വിശ്വസിക്കാനാകുന്നില്ലെന്ന് പ്രമുഖതാരങ്ങൾ ട്വീറ്റ് ചെയ്തു.

വിവരം അറിഞ്ഞ് നടുങ്ങിപ്പോയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചന ട്വീറ്റിൽ കുറിച്ചു.

'സുശാന്ത് സിംഗ് രാജ്പുത്... പ്രതിഭയുള്ള ഒരു നടൻ വളരെ നേരത്തെ പോയി. ടിവിയിലും സിനിമകളിലും അദ്ദേഹം മികവ് പുലർത്തി. എന്റർടെയ്ൻമെന്റ് മേഖലയിൽ പലർക്കും പ്രചോദനമായാണ് അദ്ദേഹം ഉയർന്നുവന്നത്. അവിസ്മരണീയമായ നിരവധി പ്രകടനങ്ങൾ അദ്ദേഹം കാഴ്ച വച്ചു. അദ്ദേഹത്തിന്റെ മരണത്തിൽ നടുങ്ങിപ്പോയി. കുടുംബത്തിനും ആരാധകർക്കും ഒപ്പം. ഓം ശാന്തി' -

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

 സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണത്തിൽ അതിയായ ദുഃഖമുണ്ട്. പെട്ടെന്നുള്ള അദ്ദേഹത്തിന്റെ വിയോഗം ഇന്ത്യൻ ചലച്ചിത്രമേഖലയ്ക്ക് വലിയ നഷ്ടമാണ്. അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും ആരാധകർക്കും ഹൃദയംഗമമായ അനുശോചനം. കേരളത്തിലെ വെള്ളപ്പൊക്കസമയത്ത് അദ്ദേഹം നൽകിയ പിന്തുണ ഈ സമയത്ത് ഓർക്കുന്നു.

– മുഖ്യമന്ത്രി പിണറായിവിജയൻ

സുശാന്ത് ഇന്ത്യൻ സിനിമയ്ക്ക് നൽകിയ സംഭാവനകൾ എന്നെന്നും സ്മരിക്കപ്പെടും

-കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ

' ഞങ്ങൾ ഇരുവരുടെയും ജന്മദേശം പട്നയാണ്. സുശാന്ത് സിംഗ് ജീവനോടെയില്ലെന്ന് അറിഞ്ഞത് ഞെട്ടിച്ചു. കഴിഞ്ഞവർഷം സത്യപ്രതിജ്ഞാ ചടങ്ങിനിടെ രാഷ്ട്രപതി ഭവനിൽ വച്ച് സുശാന്തിനെ നേരിൽക്കണ്ടിരുന്നു. ഇനിയും മൈലുകൾ താണ്ടാനുണ്ടായിരുന്നു, അവൻ നേരത്തെ പോയി.'

-കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്

 ' നീയെന്തിനാണ് ഇത് ചെയ്തതെന്ന് എനിക്കറിയില്ല. ബാലാജിയിലൂടെ എത്തിയ ചെറിയ കുട്ടിയിൽ നിന്ന് ഏറെ ദൂരം സഞ്ചരിക്കാനുണ്ടായിരുന്നു. പക്ഷേ,​ വളരെ പെട്ടെന്ന് യാത്രയായി.

- കേന്ദ്രമന്ത്രി സ്മൃതി ഇറാനി

 സത്യം പറഞ്ഞാൽ താൻ ഞെട്ടിപ്പോയി. ഒന്നും പറയാൻ കഴിയുന്നില്ല. സുശാന്തിന്റെ വിയോഗം സഹിക്കാൻ കുടുംബത്തിന് കരുത്തുണ്ടാകട്ടെ.'

- അക്ഷയ് കുമാർ

 വാക്കുകൾ കൊണ്ട് പറയാൻ കഴിയാത്ത വിധം നടുക്കമുണ്ട്

- റിതേഷ് ദേശ്‌മുഖ്

അതിഭീകരമായ വാർത്ത. നിനക്ക് ശാന്തി ലഭിക്കട്ടെ സുശാന്ത്

- കരീന കപൂർ, സെയ്ഫ് അലിഖാൻ

 മലയാളസിനിമാലോകവും സോഷ്യൽ മീഡിയയിൽ ആദരാഞ്ജലികൾ അർപ്പിച്ചു.

വാർത്ത കേട്ടപ്പോൾ ഹൃദയം തകർന്നുപോയെന്ന് ദുൽഖർ സൽമാൻ കുറിച്ചു. 'വ്യക്തിപരമായി അറിയില്ല. നേരിട്ട് കണ്ടിട്ടില്ല. പക്ഷേ,​ കടുത്ത വേദനയുണ്ട്.'- ദുൽഖർ സൽമാൻ കുറിച്ചു.

കമഞ്ജു വാര്യർ, ടൊവിനോ തോമസ്, സണ്ണി വെയ്ൻ, നിവിൻ പോളി എന്നിവരും സുശാന്ത് സിംഗിന്റെ മരണത്തിൽ നടുക്കം രേഖപ്പെടുത്തുകയും ആദരാഞ്ജലി അർപ്പിക്കുകയും ചെയ്തു.