ന്യൂഡൽഹി: കൊവിഡിന് പ്രതിരോധ മരുന്ന് കണ്ടെത്തിയെന്ന അവകാശവാദവുമായി ബാബ രാംദേവിന്റെ പതഞ്ജലി ഗ്രൂപ്പ്. പതഞ്ജലി ആയുർവേദ ലിമിറ്റഡ് സഹ സ്ഥാപകനും സി.ഇ.ഒയുമായ ആചാര്യ ബാലകൃഷ്ണയാണ് ഈ അവകാശവാദവുമായി രംഗത്തെത്തിയത്. 'കൊറോണിൽ' എന്ന പേരിലാണ് പതഞ്ജലിയുടെ കോവിഡ് പ്രതിരോധ മരുന്ന് പുറത്തിറങ്ങുകയെന്നാണ് വിവരം.
ഈ മരുന്ന് ഉപയോഗിച്ചുകൊണ്ട് അഞ്ചു മുതൽ 14 ദിവസത്തിനുള്ളിൽ രോഗം ഭേദമാക്കാനാകുമെന്നും ബാലകൃഷ്ണ പറയുന്നു. ആയുർവേദത്തിലൂടെ കൊവിഡ് ചികിത്സിച്ചുമാറ്റാൻ കഴിയുമെന്നും ഒരാഴ്ചയ്ക്കുള്ളിൽ കമ്പനി ഇതുസംബന്ധിച്ച തെളിവുകൾ പുറത്തുവിടുമെന്നും ബാലകൃഷ്ണ പറയുന്നുണ്ട്.
ക്ലിനിക്കൽ പരിശോധന നടത്തിയതിന്റെഫലങ്ങൾ അടുത്തുതന്നെ പതഞ്ജലി പുറത്തുവിടുമെന്നും ആചാര്യ ബാലകൃഷ്ണ അറിയിച്ചു. സർക്കാർ നിർദേശങ്ങൾക്കനുസരിച്ചാണ് പരിശോധനകൾ നടത്തിയത്. പരീക്ഷണങ്ങൾ 80 ശതമാനം വിജയം കൈവരിച്ചു. ബാലകൃഷ്ണ പറഞ്ഞു. ബാലകൃഷ്ണയും ആത്മീയാചാര്യനും യോഗ ഗുരുവുമായ ബാബ രാംദേവവുമാണ് പതഞ്ജലി സ്ഥാപിച്ചത്.