rss-man

തലശേരി: കണ്ണൂർ മനേക്കരയിൽ സി.പി.എം പ്രവർത്തകനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ സി.ആർ.പി.എഫ് ജവാനായ ആർ.എസ്.എസ് പ്രവർത്തകൻ അറസ്റ്റിൽ. ആറുമാസം മുമ്പ് അവധിക്ക് നാട്ടിലെത്തിയ മാഹി പന്തക്കല്‍ വയലിൽപീടിക 'ശിവഗംഗ'യിൽ രാഹുലിനെയാണ്(30) ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ഇപ്പോൾ റിമാൻഡിലാണ്.

ഇയാൾ അവധി അവസാനിച്ച ശേഷവും നാട്ടിൽ തുടരുകയിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. കഴിഞ്ഞ ബുധനാഴ്ച രാത്രിയായിരുന്നു ഇയാളും സംഘവും ബൈക്കുകളിൽ എത്തി സി.പി.എം കിഴക്കെ മനേക്കര ബ്രാഞ്ചംഗം ചന്ദ്രനെ ആക്രമിക്കുന്നത്. ആയുധമേന്തിയ അക്രമികളിൽ നിന്നും രക്ഷപ്പെടാൻ ചന്ദ്രനെ സംഘം പിന്തുടർന്ന് വെട്ടുകയായിരുന്നു.

കാലിൽ ആഴത്തിൽ വെട്ടേറ്റ ചന്ദ്രൻ ഇപ്പോൾ തലശേരി സഹകരണാശുപത്രിയിൽ ചികിത്സയിലാണ്. ചന്ദ്രനോടൊപ്പമുണ്ടായിരുന്ന കുന്നുമ്മല്‍ ബ്രാഞ്ചംഗം വിജയനും ആക്രമണത്തിൽ പരിക്കേറ്റിരുന്നു. കണ്ണിപ്പൊയില്‍ ബാബുവിനെ കൊലപ്പെടുത്തിയ സംഘത്തില്‍ അംഗമായ ശരത്തി(27)ന്റെ ജ്യേഷ്ഠനാണ് ഇപ്പോൾ അറസ്റ്റിലായിരിക്കുന്ന രാഹുല്‍. കണ്ണൂരിലും മാഹിയിലുമായി നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയുമാണിയാൾ.