china

ജോഹന്നസ്ബർഗ്: മരുന്നിനും ആഭരണങ്ങൾക്കുമായി ദക്ഷിണാഫ്രിക്കയിൽ വൻതോതിൽ സിംഹങ്ങളെ കൊന്നൊടുക്കുന്നതായി വിവരം. രാജ്യ തലസ്ഥാനമായ ജോഹന്നസ്ബർഗിൽ ഇത്തരത്തിൽ 333 ഫാമുകൾ പ്രവർത്തിക്കുന്നതായി ബ്രിട്ടനിലെ രാഷ്ട്രീയ പാർട്ടിയായ കൺസർവേറ്റീവ് പാർട്ടിയുടെ മുൻ ഡെപ്യൂട്ടി ചെയർമാനായ ലോർഡ് ആഷ്‌ക്രോഫ്റ്റ്(മൈക്കൾ ആഷ്‌ക്രോഫ്റ്റ്) പറയുന്നു.

തന്റെ പുസ്തകമായ 'അൺഫെയർ ട്രേഡി'ലൂടെയാണ് ആഷ്‌ക്രോഫ്റ്റ് ഈ വെളിപ്പെടുത്തൽ നടത്തുന്നത്. 333 ഫാമുകളിലായി 12,000ത്തോളം സിംഹങ്ങളെ വളർത്തുന്നുണ്ടെന്നാണ് ആഷ്‌ക്രോഫ്റ്റ് പറയുന്നത്. അതേസമയം കാടുകളിൽ വെറും 3000ത്തോളം സിംഹങ്ങൾ മാത്രമാണ് ഉള്ളതെന്നാണ് വിവരം. എല്ലുകൾക്ക് വേണ്ടിയാണ് സിംഹങ്ങളെ ഫാം ഉടമകൾ വളർത്തുന്നത്.

'വലിയ പൂച്ചകളുടെ' എല്ലുകൾക്ക് തെക്ക് കിഴക്കൻ ഏഷ്യയിൽ കാര്യമായ ഡിമാന്റുണ്ട്.ചൈനയാണ് ഈ എല്ലുകൾ ഏറ്റവും കൂടുതലായി വാങ്ങുന്നതെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ആഭരണങ്ങൾ ഉണ്ടാക്കാനും അശാസ്ത്രീമായ ലൈംഗിക ഉത്തേജക മരുന്നുകൾ ഉണ്ടാക്കാനാണ് സിംഹത്തിന്റെ എല്ലുകൾ പ്രധാനമായും ഉപയോഗിക്കുന്നത്.

എന്നാൽ വൃത്തിഹീനമായ സാഹചര്യങ്ങളിൽ വളർത്തപ്പെടുന്ന ഈ സിംഹങ്ങൾ ഗുരുതര രോഗങ്ങൾ വരുത്തി വയ്ക്കാമെന്നും അത് കൊവിഡ് രോഗം പോലെത്തന്നെ ലോകമാകമാനം പടരാമെന്നും മുന്നറിയിപ്പ് നൽകുന്നു. മനുഷ്യരുടെ നാഡീവ്യൂഹത്തെ ബാധിക്കുന്ന ബോട്ടുലിസമാണ് ഇതിൽ ഏറ്റവും മാരകമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ഈ അസുഖം ബാധിച്ച് മരിച്ച മൃഗങ്ങളെ ഫാം ഉടമകൾ സംസ്കരിക്കാറില്ലെന്നും പകരം അവയുടെ എല്ലുകൾ കൂടി ശേഖരിക്കാറാണ് പതിവെന്നും അദ്ദേഹം പറയുന്നു. ചൈനയിലെ 'വെറ്റ് മാർക്കറ്റുകളിൽ' നിന്നും കൊവിഡ് രോഗം ഉദ്ഭവിച്ചത് പോലെ മറ്റൊരു ഭയാനകമായ മഹാമാരിയും പൊട്ടിപ്പുറപ്പെടാനുള്ള സാദ്ധ്യത വളരെ കൂടുതലാണെന്നും ലോർഡ് ആഷ്‌ക്രോഫ്റ്റ് പറയുന്നു.

മൃഗങ്ങളുടെ അങ്ങേയറ്റം ദുരിതപൂർണമായ അവസ്ഥയിലേക്കും അദ്ദേഹം വിരൽ ചൂണ്ടുന്നുണ്ട്. മോശം സാഹചര്യങ്ങളിൽ വളർത്തപ്പെടുന്ന സിംഹങ്ങളെ വൻ തോതിൽ പണമെറിഞ്ഞ് ചിലർ വിനോദത്തിനായി വേട്ടയാടാറുണ്ടെന്നും അദ്ദേഹം പറയുന്നു. എല്ലുകളുടെ വിൽപ്പന വഴിയും മറ്റും കോടിക്കണക്കിനു പണമാണ് ഈ ഫാമുകളിലേക്ക് ഒഴുകിയെത്തുന്നത്.