amit-shah

ന്യൂഡൽഹി: ഡൽഹിയിലെ കൊവിഡ് മൂലമുള്ള പ്രതിസന്ധികളെ നേരിടുന്നതിൽ ഡൽഹി സർക്കാർ പരാജയപ്പെട്ട സാഹചര്യത്തിൽ സംസ്ഥാനത്തിന്റെ കൊവിഡ് പ്രതിരോധ ചുമതലകൾ ഏറ്റെടുക്കാൻ കേന്ദ്ര സർക്കാർ. ഈ ഉദ്യമത്തിന്റെ ചുവടുപിടിച്ച് ഞായറാഴ്ച രണ്ടു യോഗങ്ങൾ വിളിച്ചുചേർത്ത കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തിങ്കളാഴ്ച സർവ കക്ഷിയോഗവും വിളിച്ചിട്ടുണ്ട്.

ഡൽഹിയിൽ കൊവിഡ് സാഹചര്യം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ആറ് ഐ.എ.എസ് ഉദ്യോഗസ്ഥരെ അടിയന്തരമായി ഡൽഹിയിലേക്ക് സ്ഥലം മാറ്റി നിയമിക്കാനും അമിത് ഷാ നിർദേശം നൽകിയിട്ടുണ്ട്. സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസം കൊവിഡ് പരിശോധനകൾ ഇരട്ടിയാക്കണമെന്നും ശേഷം രോഗപരിശോധന മൂന്നിരട്ടിയായി ഉയർത്താനും അമിത് ഷാ നിർദേശിച്ചിട്ടുണ്ട്.

തുടർന്ന്, റെയിൽവേയുമായി ബന്ധപ്പെട്ട് 500 ഐസൊലേഷൻ കോച്ചുകൾ ഡൽഹിയിൽ നിയോഗിക്കും. 10 മുതൽ 49 വരെ കിടക്കകളുള്ള എല്ലാ നഴ്സിങ് ഹോമുകളിലും കൊവിഡ് രോഗികൾക്ക് ചികിത്സ നൽകും. ഇതോടൊപ്പം രാധ സ്വാമി സത്സംഗ് മൈതാനം ചികിത്സയ്ക്കു വേണ്ടി ഏറ്റെടുക്കുന്നതിന് പരിശോധനയും നടത്തിയിട്ടുണ്ട്.

രോഗംബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങൾ പരിശോധനാ റിപ്പോർട്ടുകൾ വരുന്നതു വരെ കാത്തിരിക്കാതെ ബന്ധുക്കൾക്ക് വിട്ടു നൽകാനും കേന്ദ്ര ആഭ്യന്തര മന്ത്രി നിർദേശിച്ചിട്ടുണ്ട്. കൂടാതെ ഡൽഹി എയിംസിൽ പുതിയ കൊവിഡ് ഹെൽപ്‌ലൈനും സ്ഥാപിച്ചു.