ഡെറാഡൂണ്‍: കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഉത്തരാഖണ്ഡിലെ മുഴുവന്‍ ജനങ്ങളെയും പത്ത് ദിവസത്തിനകം കൊവിഡ് പരിശോധനയ്ക്ക് വിധേയരാക്കുമെന്ന് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത് അറിയിച്ചു. പത്ത് ദിവസത്തിനകം എല്ലാ ജില്ലകളിലെയും ജനങ്ങളെ പരിശോധനയ്ക്ക് വിധേയരാക്കാനുള്ള നിര്‍ദ്ദേശം ജില്ലാ കളക്ടർമാർക്ക് നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ആശ വര്‍ക്കര്‍മാരുടെയും അംഗൻവാടികളുടെയും സഹായത്തോടെയാവും ജനങ്ങളെ പരിശോധനയ്ക്ക് വിധേയരാക്കുക. ഏതെങ്കിലും കൊവിഡ് രോഗി ആശുപത്രിയില്‍ പ്രവേശിപ്പിച്ച് 24 മണിക്കൂറിനകം മരിച്ചാല്‍ അതിന്റെ ഉത്തരവാദിത്വം ജില്ലാകളക്ടർക്കായിരിക്കും. കൊവിഡ് ബാധിച്ച് മരിച്ചവരുടെ ശവസംസ്‌കാരം നടത്തുന്ന കാര്യത്തില്‍ ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാവും നടപടികള്‍ സ്വീകരിക്കുകയെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
ഉത്തരാഖണ്ഡില്‍ ഞായറാഴ്ച 31 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 1816 ആയി.