accidnet

തിരുവനന്തപുരം: ആറ്റിങ്ങലിൽ ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. കല്ലുവാതുക്കൽ സ്വദേശികളായ മനീഷ്,പ്രിൻസ്,അസീം എന്നിവരാണ് മരിച്ചത്. അപകടത്തിൽ അഞ്ച് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്ന് പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം.

ആറ്റിങ്ങൽ ദേശീയപാതയിൽ ടിബി ജംഗ്ഷന് സമീപമാണ് അപകടം നടന്നത്. തിരുവനന്തപുരത്ത് നിന്ന് കൊല്ലത്തേക്ക് പോകുകയായിരുന്ന കാറും, എതിർദിശയിൽ നിന്ന് വന്ന ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. എട്ട് പേരായിരുന്നു കാറിലുണ്ടായിരുന്നത്. പരിക്കേറ്റ അഞ്ചുപേരും തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

ആപകടത്തിൽ കാർ പൂർണമായും തകർന്നു.അഗ്നിശമന സേനയും നാട്ടുകാരും ചേർന്നാണ് പരിക്കേറ്റവരെ പുറത്തെടുത്തത്. ഇരുവാഹനങ്ങളും അമിതവേഗത്തിലായിരുന്നെന്ന് റിപ്പോർട്ടുണ്ട്. ബി.ജെ.പി ന്യൂനപക്ഷ മോർച്ച ചാത്തന്നൂർ നിയോജക മണ്ഡലം വൈസ് പ്രസിഡന്റാണ് അസീം. ന്യൂനപക്ഷ മോർച്ച കല്ലുവാതുക്കൽ പഞ്ചായത്ത് സമിതി അംഗം എന്ന നിലയിൽ പ്രവർത്തിച്ചിരുന്ന അസീം കഴിഞ്ഞമാസമാണ് ബി.ജെ.പി ന്യൂനപക്ഷ മോർച്ച ചാത്തന്നൂർ നിയോജക മണ്ഡലം വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്.