മുംബയ്: ബോളിവുഡ് നടൻ സുശാന്ത് സിംഗ് രാജ്പുട്ടിന്റെ മരണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം രംഗത്ത്. സംഭവം കൊലപാതകമെന്നാണ് ബന്ധുക്കളുടെ ആരോപണം. ഗൂഢാലോചന നടന്നുവെന്ന് മാതൃസഹോദരൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. സുശാന്ത് സിംഗ് രാജ്‍പുപുട്ടിന്റെ സംസ്കാരം ഇന്ന് മുംബയിൽ നടക്കാനിരിക്കെയാണ് ഗുരുതര ആരോപണവുമായി ബന്ധുക്കൾ രംഗത്തെത്തിയത്.
കൊവിഡ് പരിശോധനയ്ക്ക് ശേഷമാകും സംസ്‍കാരം നടക്കുക. ഇന്നലെ രാത്രി വൈകി പോസ്റ്റ്മാർട്ടം പൂർത്തിക്കിയ മൃതദേഹം അന്ധേരിയിലെ കൂപ്പർ ആശുപത്രിയിലാണ് സൂക്ഷിച്ചിരിക്കുന്നത്. കൊവിഡ് പശ്ചാത്തലത്തിൽ പൊതുദർശനമുണ്ടായിരിക്കില്ല. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമാകും ചടങ്ങുകളിൽ പങ്കെടുക്കുക.
നടന്റെ മരണവുമായി ബന്ധപ്പെട്ട് മുംബയ് പൊലീസ് അന്വേഷണം ആരംഭിച്ചു. സുശാന്തിന്റെ സാമ്പത്തിക ഇടപാടുകൾ പൊലീസ് പരിശോധിക്കുന്നുണ്ട്. മുൻ മാനേജറായിരുന്ന യുവതി ഒരാഴ്ച മുമ്പ് ആത്മഹത്യ ചെയ്‍തതും സുശാന്തിന്റെ മരണവുമായി ബന്ധമുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.