kseb

തിരുവനന്തപുരം: ലോക്ക്ഡൗൺ കാലത്ത് ജനത്തെ അമിത ബില്ലു നൽകി ഷോക്കടിപ്പിച്ച കെ.എസ്.ഇ.ബിയുടെ വക അടുത്ത ഇരുട്ടടി. ചട്ടങ്ങളും വ്യവസ്ഥകളും കാറ്റിൽപ്പറത്തി പിൻവാതിൽ വഴി ആയിരത്തിലേറെപ്പേരുടെ കരാർ നിയമനത്തിനാണ് ഒരുങ്ങുന്നത്. ഇതു സംബന്ധിച്ച വിവരങ്ങൾ കേരളകൗമുദി ദിനപ്പത്രം പുറത്തുവിട്ടു. 10000 ഹെൽപ്പർമാരുടെയും, 1500 ഡേറ്റാ എൻട്രി ഓപ്പറേറ്റർമാരുടെയും തൊഴിൽ ദിനങ്ങൾ ഇതിനായി സൃഷ്ടിക്കുന്നതിന് കെ.എസ്.ഇ.ബി. ഉത്തരവിറക്കിയിരിക്കുകയാണ്.

കെ.എസ്.ഇ.ബിയിൽ സ്ഥിരം നിയമനങ്ങൾ പി.എസ്.സിയും, താൽക്കാലിക നിയമനങ്ങൾ എംപ്‌ളോയ്‌മെന്റ് എക്സ്‌ചേഞ്ചിലൂടെയും മാത്രമേ നടത്താൻ പാടുള്ളുവെന്ന സർക്കാർ ഉത്തരവ് നിലനിൽക്കെയാണ് വഴിവിട്ട നിയമനനീക്കം. നിയമിക്കുന്നവരുടെ യോഗ്യത തീരുമാനിക്കുന്നത് കുടുംബശ്രീ എന്നതാണ് വിചിത്രമായ കാര്യം. നിയമിക്കപ്പെടുന്നവർക്ക് കുറഞ്ഞത് 17500 രൂപ പ്രതിമാസ വേതനം ഉറപ്പാക്കും. പ്രതിദിനം ഹെൽപ്പർക്ക് 645 രൂപയും,ഡേറ്റാ എൻട്രി ഓപ്പറേറ്റർമാർക്ക് 740 രൂപയും നൽകും. കെ.എസ്. ഇ.ബി. ആസ്ഥാനമായ വൈദ്യുതി ഭവനിലും, ബോർഡിന്റെ സംസ്ഥാനത്തെ വിവിധ ഓഫീസുകളിലുമാണ് നിയമനം.ഇതുസംബന്ധിച്ച ഉഭയകക്ഷി കരാറിൽ കുടുംബശ്രീമിഷനും കെ.എസ്.ഇ.ബിയും കഴിഞ്ഞ ദിവസം ഒപ്പുവച്ചു.

കെ.എസ്.ഇ.ബിയിലെ താത്കാലിക ഒഴിവുകൾ എംപ്‌ളോയ്‌മെന്റ്എക്സ്‌ചേഞ്ചുകളെയും അറിയിക്കണമെന്നാണ് ചട്ടം. എന്നാൽ ഇതെല്ലാം മറികടന്ന് ഇഷ്ടക്കാരെ പിൻവാതിലിലൂടെ കയറ്റുവാനുള്ള ശ്രമമാണ് നടക്കുന്നത്.


ജീവനക്കാർ അധികമെന്ന് റെഗുലേറ്ററി കമ്മിഷൻ

കെ.എസ്. ഇ.ബി.യിൽ നിലവിൽ 31000 ജീവനക്കാരുണ്ട്. ഇത് തന്നെ വളരെകൂടുതലാണെന്നാണ് സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷന്റെ നിഗമനം. സാമ്പത്തിക പ്രതിസന്ധിക്കിടെ ജീവനക്കാരുടെ ശമ്പളത്തിന് കൂടുതൽ തുക ചെലവഴിക്കുന്നതിന് കെ.എസ്.ഇ.ബി.യെ താക്കീത് ചെയ്തിരിക്കുകയാണ്.മാത്രമല്ല,ബോർഡിൽ ഏതു തരത്തിലുള്ള പുതിയ നിയമനങ്ങൾക്കും കമ്മിഷന്റെ അനുമതിയും ആവശ്യമാണ്.ഇതെല്ലാം ലംഘിച്ചാണ് കമ്മിഷൻ പോലുമറിയാതെ കൂട്ടത്തോടെ താൽക്കാലിക നിയമനത്തിന് ബോർഡ് ഒരുങ്ങുന്നത്.

36.25ലക്ഷം

സംസ്ഥാനത്തെ എംപ്‌ളോയ്‌മെന്റ് എക്സ്‌ചേഞ്ചുകളിൽ പേര് രജിസ്റ്റർ ചെയ്ത് ജോലിക്കായി കാത്തിരിക്കുന്നവർ 36.25 ലക്ഷം