ബയോപിക് ചിത്രങ്ങൾ ആരാധകർ ഏറേ ആവേശത്തോടെയാണ് ഏറ്റെടുക്കാറ്. നമ്മളാരാധിക്കുന്നവരെ സ്ക്രീനിൽ കാണുന്നത് തന്നെ ആളുകൾക്ക് ഇഷ്ടമാണ്. കായികതാരങ്ങളുടെ ചിത്രങ്ങൾക്ക് അൽപം ഇഷ്ടക്കൂടുതലുമുണ്ട്. എംഎസ് ധോണി,അസ്ഹറുദ്ദീൻ, കപിൽ ദേവ് ,മേരി കോം തുടങ്ങിയവരുടെ ജീവിതം സിനിമയായി.ഇപ്പോൾ ബയോപിക്കിനെക്കുറിച്ച് മനസുതുറക്കുകയാണ് ഇന്ത്യൻ ക്രിക്കറ്റ് താരം സുരേഷ് റെയ്ന.ട്വിറ്ററിലൂടെ ആരാധകരുമായി സംവദിക്കുമ്പോഴാണ് റെയ്ന ഇക്കാര്യം പറഞ്ഞത്.
റെയ്നയുടെ ജീവിതം സിനിമയാക്കിയാൽ ആരാണ് അഭിനയിക്കേണ്ടത് എന്ന ചോദ്യത്തിന് റെയ്ന പറഞ്ഞ മറുപടിയാണ് ശ്രദ്ധേയം.രണ്ട് പേരാണ് റെയ്ന പറഞ്ഞത്. ഒന്ന് ബോളിവുഡ് താരം ഷാഹിദ് കപൂർ. രണ്ടാമത്തെ പേര് മലയാളികളുടെ സ്വന്തം ദുൽഖർ സൽമാൻ. ദുൽഖർ അഭിനയിക്കണമെന്നാണ് ആരാധകരും പറയുന്നത്. മുമ്പൊരിക്കൽ റെയ്നയും ദുൽഖറും തമ്മിൽ കണ്ടത് വാർത്തയായിരുന്നു. താനൊരു ചെന്നൈ സൂപ്പർ കിംഗ്സ് ആരാധകനാണെന്നും ദുൽഖർ വെളിപ്പെടുത്തിയിരുന്നു.
ഷാഹിദ് കപൂർ ഇപ്പോൾ തെലുങ്ക് ചിത്രം ജഴ്സിയുടെ ഹിന്ദി റീമേക്കിൽ അഭിനയിക്കുകയാണ്.ദുൽഖർ നേരത്തേ സോയഫാക്ടർ എന്ന ബോളിവുഡ് സിനിമയിൽ ക്രിക്കറ്റ് താരമായി അഭിനയിച്ചിരുന്നു. അതുകൊണ്ട് തന്നെ മലയാളത്തിനുമാത്രമല്ല ബോളിവുഡിനും പ്രിയതാരമാണ് ദുൽഖർ. സോയാഫാക്ടറിൽ സോനം കപൂറായിരുന്നു ദുൽഖറിന് നായികയായത്.