കണ്ണൂർ: കണ്ണൂരിൽ സമ്പർക്കത്തിലൂടെ കൊവിഡ് പടർന്ന മൂന്ന് പേരുടെ രോഗത്തിന്റെ ഉറവിടം കണ്ടെത്തി. കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ച മാഹി സ്വദേശി പി.മെഹറൂഫ്, സബ് ജയിലിലെ റിമാൻഡ് പ്രതികളായ ചെറുപുഴ,ചെറുകുന്ന് സ്വദേശികൾ, അയ്യൻകുന്നിലെ ആദിവാസി യുവതി എന്നിവരുടെ രോഗത്തിന്റെ ഉറവിടം കണ്ടെത്തുന്നതിനാണ് ആരോഗ്യവകുപ്പ് വിദഗ്ദ്ധ സംഘത്തെ നിയോഗിച്ചത്.
അതേസമയം അയ്യൻകുന്ന് സ്വദേശിയായ ഗർഭിണിക്ക് കൊവിഡ് ബാധിച്ചത് എങ്ങനെയെന്ന് കണ്ടെത്താനായില്ല. ഇവരുടേതും ചെറുകുന്ന് സ്വദേശിയായ തടവുപുള്ളിയുടെയും രോഗപരിശോധനയിൽ വീഴ്ചയുണ്ടായോ എന്നും സംശയമുണ്ട്. ഇതു സംബന്ധിച്ച റിപ്പോർട്ട് ജില്ലാ മെഡിക്കൽ ഓഫീസർ റിപ്പോർട്ട് ആരോഗ്യവകുപ്പിന് കൈമാറി.
വിദേശത്ത് നിന്നെത്തിയ ബന്ധുവിൽ നിന്നാണ് മെഹ്റൂഫിന് കൊവിഡ് പകർന്നതെന്ന് അന്വേഷണങ്ങൾക്ക് ഒടുവിൽ ആരോഗ്യവകുപ്പ് സ്ഥീരീകരിക്കുന്നു. വീട്ടിലെത്തിയാണ് ബന്ധു മെഹ്റൂഫിനെ സന്ദർശിച്ചത്. ചെറുപുഴ സ്വദേശിയായ തടവുകാരൻ കർണാടകയിൽ ഒളിവിൽ കഴിഞ്ഞിരുന്നു. ഇവിടെ നിന്നാകാം ഇദേഹത്തിന് കൊവിഡ് ബാധിച്ചതെന്നാണ് പരിയാരത്തെ സർക്കാർ മെഡിക്കൽ കോളേജിലെ വിദഗദ്ധ ഡോക്ടർമാരടങ്ങിയ സംഘത്തിന്റെ നിഗമനം.
ചെറുകുന്ന് സ്വദേശിയായ റിമാൻഡ് പ്രതിക്ക് അന്യസംസ്ഥാന തൊഴിലാളികളുമായി സമ്പർക്കമുണ്ടായിരുന്നു, അങ്ങനെ രോഗം ബാധിച്ചിരിക്കാമെന്നാണ് കണ്ടെത്തൽ.അതേസമയം ഇദ്ദേഹവുമായി സമ്പർക്കമുണ്ടായിരുന്ന അന്യസംസ്ഥാന തൊഴിലാളികൾ നാട്ടിലേയ്ക്ക് മടങ്ങിയതിനാൽ ഇത് ഉറപ്പിക്കാൻ സാധിച്ചില്ല.