pic

കൊൽക്കത്ത: കൊൽക്കത്തയിലെ ബുരബസാറിൽ രണ്ട് വയസുകാരനെ നാലുനില കെട്ടിടത്തിന് മുകളിൽ നിന്ന് എറിഞ്ഞുകൊന്നു. രണ്ട് വയസുകാരനൊപ്പം ആറ് വയസായ കുട്ടിയേയും കെട്ടിടത്തിന് മുകളിൽ നിന്ന് വലിച്ചെറിഞ്ഞു. പരിക്കേറ്റ നിലയിൽ കണ്ടെത്തിയ ആറു വയസുകാരന്റെ നില അതീവ ഗുരുതരമാണ്. ആറു വയസുകാരൻ ഇപ്പോൾ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ്. സംഭവസ്ഥലത്ത് നിന്ന് രണ്ടുപേരെയും ആശുപത്രിയിലെത്തിച്ചെങ്കിലും രണ്ട് വയസുകാരൻ ആശുപത്രിയിൽ എത്തും മുമ്പെ മരിക്കുകയായിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് 55 വയസുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. നാലുനില കെട്ടിടത്തിന്റെ മുകളിൽ നിന്ന് കുട്ടികളെ താഴേക്ക് എറിഞ്ഞതാണെന്ന ബന്ധുക്കളുടെയും നാട്ടുകാരുടെയും പരാതിയിലാണ് 55 വയസുകാരനെ പൊലീസ് അറസ്റ്റ് ചെയ്തത്.

മരിച്ച കുട്ടിയും പരിക്കേറ്റ കുട്ടിയും തമ്മിലുള്ള ബന്ധം ഇതുവരെ വ്യക്തമായിട്ടില്ലെന്നാണ് ദേശിയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മരിച്ച കുട്ടിയുടെ അച്ഛനും അറസ്റ്റിലായ പ്രതിയും തമ്മിൽ നേരത്തെ ചില തർക്കങ്ങളുണ്ടായിരുന്നതായി പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇതാണോ കൃത്യത്തിലേക്ക് നയിച്ചതെന്ന കാര്യം പൊലീസ് പരിശോധിച്ചുവരികയാണ്. പ്രതിയെ ചോദ്യംചെയ്തുവരികയാണെന്നും പ്രതിക്കെതിരേ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും ജോയിന്റ് പൊലീസ് കമ്മീഷണർ മുരളീധർ ശർമ്മ മാദ്ധ്യമങ്ങളോട് പറഞ്ഞു.