accident-death

കൊല്ലം: ആറ്റിങ്ങലിൽ പാൽ ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്നുപേർ മരിച്ചു. അഞ്ച് പേരുടെ നില അതീവ ഗുരുതരം. കൊല്ലം കല്ലുവാതുക്കൽ നടയ്ക്കൽ പ്രിൻസിയത്തിൽ പ്രിൻസ്(33), കല്ലുവാതുക്കൽ സജീന മൻസിലിൽ അസീം(33), നടയ്ക്കൽ അടുതല മനേഷ് ഭവനിൽ മനേഷ്(28) എന്നിവരാണ് മരിച്ചത്. മൂവരും കൂട്ടുകാരായിരുന്നു.തിങ്കളാഴ്ച പുലർച്ചെയായിരുന്നു അപകടം.

തിരുവനന്തപുരത്ത് നിന്നും കൊല്ലത്തേക്ക് വരികയായിരുന്നു പ്രിൻസും സംഘവും. എതിർ ദിശയിൽ നിന്നും വന്ന ലോറിയുമായി ഇവരുടെ കാർ കൂട്ടിയിടിച്ചു. കാറിൽ എട്ടുപേർ ഉണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്ന സൂചനകൾ. വിവാഹം കഴിഞ്ഞ നവദമ്പതികളെ, വധുവിന്റെ വീട്ടിൽ കൊണ്ടാക്കിയ ശേഷം കല്ലുവാതുക്കലിലേക്ക് മടങ്ങിവരികയായിരുന്നു സംഘം. ഇടിയെ തുടർന്ന് കാർ റോഡിന്റെ വശത്തെ മൺതിട്ടയിൽ ഇടിച്ച് മറിഞ്ഞ് പൂർണമായും തകർന്നു. ആറ്റിങ്ങൽ നിന്നും ഫയർഫോഴ്സും ഹൈവെ പൊലീസും ആറ്റിങ്ങൽ പൊലീസും കല്ലമ്പലം പൊലീസും സ്ഥലത്തെത്തിയാണ് കാർ വെട്ടിപ്പൊളിച്ച് അകത്തുള്ളവരെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്.