pic

എറണാകുളം: ലോക്ക്ഡൗണിന് ശേഷം സംസ്ഥാനത്ത് സിനിമ ചിത്രീകരണം പുനരാരംഭിച്ചു. പത്ത് സിനിമകളുടെ ഇൻഡോർ ഷൂട്ടിംഗാണ് ആരംഭിച്ചത്. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് സംസ്ഥാനത്ത് സിനിമകളുടെ ചിത്രീകരണം ആരംഭിച്ചിരിക്കുന്നത്. നേരത്തെ ഇൻഡോർ ഷൂട്ടുകൾക്ക് സംസ്ഥാന സർക്കാർ അനുമതി നൽകിയിരുന്നു.

സിനിമ സെറ്റുകളിൽ ചിത്രീകരണസമയത്ത് അഭിനേതാക്കളും സാങ്കേതികപ്രവർത്തകരും അടക്കം 50 പേർക്കാണ് സർക്കാർ അനുമതി നൽകിയിരിക്കുന്നത്. സീരിയൽ ഷൂട്ടിംഗിന് ഇത് 25 പേരായി നിജപ്പെടുത്തിയിട്ടുണ്ട്. ഷൂട്ടിംഗ് പുനരാരംഭിക്കാൻ ഇപ്പോഴുള്ള ഇളവുകൾ മതിയാകില്ല എന്നായിരുന്നു ചലച്ചിത്ര പ്രവർത്തകർ സ്വീകരിച്ചിരുന്ന നിലപാട്.


കൊവിഡ് വലിയ സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കിയെന്ന നിലപാടിലാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ. താരങ്ങൾ പ്രതിഫലം കുറയ്ക്കുന്നതടക്കമുള്ള ചർച്ചകൾ അണിയറയിൽ പുരോഗമിക്കുകയാണ്. ഇൻഡോർ ഷൂട്ടിന് അനുമതി ലഭിച്ചതിന് പിന്നാലെ തന്നെ സീരിയലുകളുടെ ഷൂട്ടിംഗും സംസ്ഥാനത്ത് പുനരാരംഭിച്ചിരുന്നു.