india

ന്യൂഡൽഹി: കൊവിഡിന്റെ ഉറവിടം സംബന്ധിച്ച തർക്കത്തിൽ പ്രതിക്കൂട്ടിൽ നിൽക്കുന്ന ചൈനയ്ക്കെതിരായ ആഗോള വികാരം മുതലെടുത്ത്, ഏറെക്കാലമായി അവർ കൈയടക്കിവച്ച ഫ്രോസൻ ഫുഡ് (ശീതീകരിച്ച ഭക്ഷണം) വിപണിയിലേക്കും ഇരച്ചുകയറാൻ ഇന്ത്യയുടെ നീക്കം. ചൈനയ്ക്ക് പിന്നിലായി, ലോകത്ത് ഭക്ഷ്യോത്‌പാദനത്തിൽ രണ്ടാംസ്ഥാനം ഇന്ത്യക്കാണ്. എന്നാൽ, മൊത്തം ഉത്‌പാദനത്തിന്റെ 10 ശതമാനത്തോളം മാത്രമാണ് ഇന്ത്യ സംസ്കരിക്കുന്നത്. കോൾഡ് സ്‌റ്രോറേജ് അടക്കമുള്ള അടിസ്ഥാനസൗകര്യങ്ങളുടെ കുറവാണ് കാരണം.

കൂടുതൽ കോൾഡ് സ്റ്റോറേജ് സൗകര്യങ്ങളും ശീതീകരിച്ച കണ്ടെയ്‌നർ‌ (റീഫർ) വാഹനങ്ങളും ഒരുക്കാനായി എല്ലാവിധ പിന്തുണയും സർക്കാർ നൽകുമെന്ന് കേന്ദ്ര ഭക്ഷ്യമന്ത്രി ഹർസിമ്രത് കൗർ ബാദൽ പറഞ്ഞു. ഭക്ഷ്യസംസ്‌കരണ രംഗത്തെ സംരംഭകരുമായി സഹകരിച്ച് കൂടുതൽ മെഗാ ഫുഡ് പാർക്കുകളും സജ്ജമാക്കും.

2022ഓടെ കർഷകരുടെ വരുമാനം ഇരട്ടിയാക്കുകയെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷ്യവും ഇതുമായി സംയോജിപ്പിക്കും. ഇതുവഴി, കർഷകർക്ക് ഉത്‌പന്നങ്ങൾക്ക് ആഗോള വിപണിയും മികച്ച വിദേശനാണയ വരുമാനവും നേടാനാകുമെന്നും ബാദൽ പറഞ്ഞു. നിലവിൽ, ഇന്ത്യയുടെ മൊത്തം കാർഷിക കയറ്റുമതിയിൽ 25 ശതമാനം മാത്രമാണ് ഭക്ഷ്യസംസ്കരണ മേഖലയുടെ പങ്ക്.