dharavi

മുംബയ്:- കൊവിഡ് രാജ്യത്ത് കൊടുമ്പിരി കൊണ്ട സമയം അതിവേഗം രോഗം പടർന്നുപിടിച്ച വലിയ ചേരിപ്രദേശമാണ് ധാരാവി. എന്നാലിന്ന് രോഗത്തെ നിയന്ത്രണവിധേയമാക്കുന്നതിൽ പുതിയ മാതൃകയാകുകയാണ് ഇവിടം. മേയ് മാസത്തിൽ ആദ്യം പ്രതിദിനം 60 പേർ രോഗ ബാധിതരായെങ്കിൽ ഇപ്പോഴത് 20 പേരായി കുറഞ്ഞിട്ടുണ്ട്. 'സാമൂഹിക അകലം പാലിക്കുക എന്നത് തീർത്തും നടപ്പാകില്ല എന്ന് കരുതിയ കാര്യമാണിവിടെ.' ധാരാവിയുടെ ചുമതലയുള്ള മുംബയിലെ മുനിസിപ്പാലിറ്റി അസിസ്റ്റന്റ് കമ്മിഷണർ കിരൺ ദിഖാവ്കർ അഭിമാനത്തോടെ പറയുകയാണ്. വൈറസ് അതിവേഗം വ്യാപിക്കുന്ന ഹോട്ട്സ്‌പോട്ട് എന്നതിൽ നിന്നും മഹാ നഗരങ്ങൾക്ക് മാതൃകയാകുന്ന കൊവിഡ് പ്രതിരോധ പ്രവർത്തനം നടത്തിയ പ്രദേശം എന്ന ഖ്യാതിയിലേക്ക് മെല്ലെ അടുക്കുകയാണ് ധാരാവി.

രോഗം മൂർച്ഛിച്ചു തുടങ്ങിയ ഘട്ടത്തിൽ ഏപ്രിൽ മാസത്തിൽ ഈ ചേരിപ്രദേശത്തുള്ള 47,500 വീടുകളിൽ എത്തിയ നഗരാധികൃതർ ഇവിടെ താമസിക്കുന്ന ഏഴ് ലക്ഷം ജനങ്ങളെയും കൊവിഡ് പരിശോധനക്ക് വിധേയരാക്കി. തുടർന്ന് രോഗം ബാധിച്ചവരെ അടുത്തുള്ള സ്കൂളുകളിലും സ്‌പോർട്സ് ക്ളബുകളിലും സ്ഥാപിച്ച ക്വാറന്റൈൻ കേന്ദ്രങ്ങളിലേക്ക് മാറ്റി. പനി ക്ളിനിക്കുകൾ സ്ഥാപിച്ച് ജനങ്ങളുടെ ആരോഗ്യ സ്ഥിതി നിയന്ത്രണത്തിലാക്കി. മേയ് മാസം ആദ്യം രേഖപ്പെടുത്തിയ രോഗികളുടെ മൂന്നിലൊന്ന് എണ്ണം രോഗികൾ മാത്രമേ ഇപ്പോൾ പുതിയതായി ധാരാവിയിൽ ഉണ്ടാകുന്നുള്ളു. മരണ നിരക്കും ക്രമത്തിൽ കുറയ്‌ക്കാൻ കഴിഞ്ഞിട്ടുണ്ട് ഇവിടെ.

രാജ്യത്ത് ദിനവും രോഗികളുടെ എണ്ണവും മരണവും പുതിയ റെക്കോർഡുകൾ സ്ഥാപിക്കുമ്പോൾ എട്ട് പേർക്ക് ഒരു കുളിമുറി ഉള്ളത്ര പരിതാപമായ അവസ്ഥയിൽ ജനം കഴിയുന്ന, മതിയായ സാമൂഹിക അകലം പാലിക്കാൻ കഴിയാത്തതുമായ ഒരു വലിയ ചേരിയിൽ കൊവിഡിനെ വിട്ടുവീഴ്ചയില്ലാത്ത പ്രതിരോധത്തിലൂടെ നേരിട്ട രീതി ഇതുപോലെ നിരവധി ചേരികളുള‌ള രോഗം അതിവേഗം പടരുന്ന ബ്രസീലിലെയും ദക്ഷിണാഫ്രിക്കയിലെയും ഭരണകൂടങ്ങൾക്ക് മാതൃകയാക്കാവുന്നതാണ്.

രോഗികളുടെ എണ്ണം വർദ്ധിക്കുമ്പോഴും കിരൺ ദിഖാവ്കറിന്റെ നേതൃത്വത്തിലെ പരിശോധനാ സംഘം രോഗ പരിശോധനയും സ്ക്രീനിങ്ങും നിർത്തിയില്ല. ശക്തമായ ലോക്ഡൗണും ടെസ്‌റ്റിങ്ങും ഇവിടെ തുടർന്നു. മുംബയിൽ ആകെ രോഗത്തിൽ നിന്നും മുക്തിനേടിയവരുടെ നിരക്ക് 41 ശതമാനമായിരുന്നു. എന്നാൽ ധാരാവിയിൽ ഇത് 51 ശതമാനമാണ്. രാജ്യമാകമാനം ഈ സമയം പ്രതിദിനം രോഗികളുടെ എണ്ണം കുതിച്ചുയർന്ന് 11000 എത്തി നിൽക്കുകയാണെന്നും ഓർമ്മിക്കേണ്ടതുണ്ട്.

റംസാൻ കാലത്തും ക്വാറന്റൈൻ കേന്ദ്രങ്ങളിലുള‌ളവർക്ക് നല്ല സേവനം അധികൃതർക്ക് നൽകാനായി. ഇവർക്ക് നോമ്പുതുറ സമയത്ത് വേണ്ട ആഹാരമെത്തിക്കാൻ കഴിഞ്ഞു. ഇതിലൂടെ ധാരാവിയിലെ ജനങ്ങളുടെ വിശ്വാസം വലിയ തോതിൽ പിടിച്ചുപറ്റാനായി. രോഗം ബാധിച്ച് മരണം മാത്രം വഴിയായി കരുതി ബുദ്ധിമുട്ടിയവർക്കും തൊഴിൽ നഷ്ടമായി പ്രയാസപ്പെട്ടവർക്കും സൗജന്യ ചികിത്സയിലൂടെ സാന്ത്വനമേകി അധികൃതർ.

എണ്ണം കുറച്ച് കാട്ടാൻ യാതൊരു ശ്രമവും ധാരാവിയിൽ നിന്ന് ഉണ്ടായില്ല. ഭരണാധികാരികളെ വിശ്വാസം വന്നതോടുകൂടി ജനങ്ങൾ പനി, ചുമ പോലുള്ള ചെറിയ ലക്ഷണം കാണുമ്പോൾ തന്നെ ചികിത്സ തേടി വന്നു തുടങ്ങി. രോഗം ഭേദമായാലും എങ്ങനെ സുരക്ഷിതമായിരിക്കേണം എന്ന് ജനങ്ങൾ ഇപ്പോൾ മനസ്സിലാക്കുന്നുണ്ട് എന്നത് മുനിസിപ്പാലിറ്റി അധികൃതർക്ക് ആശ്വാസം നൽകുന്നു.

ഇങ്ങനെയൊക്കെയാണെങ്കിലും അവസാന രോഗിയുടെ അസുഖവും ഭേദമാകും വരെ വിശ്രമിക്കാറായിട്ടില്ല എന്ന ഉത്തമ ബോധ്യം അധികൃതർക്കുണ്ട്. അതിനുള്ള കഠിന ശ്രമം തുടരുക തന്നെയാണവർ.