കൊല്ലം: വീട്ടിൽ നിന്ന് ഫുട്ബാൾ കളിക്കാൻ പോയ പെരുമ്പുഴ ഷാജിർ മൻസിലിൽ ഷാജിറിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിലെ ദുരൂഹത അകറ്റാൻ ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും അടക്കം പരാതി നൽകാനൊരുങ്ങുകയാണ് കുടുംബം. നീതികിട്ടിയില്ലെങ്കിൽ കോടതിയെ സമീപിക്കാനാണ് തീരുമാനം.
2019 ജൂൺ ഒമ്പതിന് വൈകിട്ട് ഫുട്ബാൾ കളിക്കാൻ പോയ ഷാജിറിനെ കളിസ്ഥലത്തിന് സമീപത്തെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ കേസെടുത്ത പൊലീസ് മരണകാരണം ഹൃദയാഘാതമെന്ന് പറഞ്ഞ് അന്വേഷണം അവസാനിപ്പിക്കുകയായിരുന്നു. എന്നാൽ മകന്റെ മരണം കൊലപാതകമാണെന്നും ഒരു പ്രമുഖ രാഷ്ട്രീയപാർട്ടിയിലെ ഉന്നതരുടെ ഇടപെടൽ തുടക്കം മുതലേ കേസന്വേഷണത്തിൽ ഉണ്ടായിരുന്നതായും പിതാവ് സജീവ് പറയുന്നു.
ഫുട്ബാൾ കളിക്കാനായി സുഹൃത്താണ് ഷാജിറിനെ വീട്ടിൽ നിന്ന് വിളിച്ചുകൊണ്ട് പോയത്. മണിക്കൂറുകൾക്ക് ശേഷം മരണ വാർത്തയാണ് വീട്ടുകാർ അറിഞ്ഞത്. കുഴഞ്ഞുവീണ് മരിച്ചെന്നാണ് സുഹൃത്തുക്കൾ പറഞ്ഞത്. വിവരം അറിഞ്ഞ് പിതാവ് സജീവ് എത്തിയപ്പോൾ ഒരു തോർത്ത് മാത്രം ധരിപ്പിച്ച് ശരീരം കഴുകി കിടത്തിയിരിക്കുകയായിരുന്നു. ഷാജിർ ധരിച്ചിരുന്ന ഷർട്ടും പാന്റ്സും സമീപത്ത് കഴുകിയിട്ടിരുന്നു. അടിവസ്ത്രം ഉൾപ്പെടെ അഴിച്ചു മാറ്റിയ നിലയിലായിരുന്നു.
ഷാജിറിനോടൊപ്പം കളിസ്ഥലത്തുണ്ടായിരുന്ന ഏഴ് പേർക്കെതിരെയാണ് കുടുംബം പരാതി നൽകിയത്. എന്നാൽ പതിനഞ്ചോളാം പ്രതികളുണ്ടാകുമെന്നും ചിലരെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും അന്നത്തെ കുണ്ടറ സി.ഐ. ബിജുകുമാർ പറഞ്ഞിരുന്നുവെങ്കിലും, ദിവസങ്ങൾക്കകം സി.ഐ ബിജു കുമാറിനെ സ്ഥലം മാറ്റി. മകന്റെ അടിവസ്ത്രം കുഴിച്ചിട്ടിരിക്കുകയാണെന്നും അതു കണ്ടെത്തുമെന്നും പൊലീസ് പറഞ്ഞെങ്കിലും പിന്നീട് അത് കണ്ടെടുക്കാനോ ശാസ്ത്രീയ പരിശോധ നടത്താനോ പൊലീസ് തയ്യാറായില്ലെന്നും പിതാവ് പറയുന്നു.
പ്രദേശവാസികൾ രൂപീകരിച്ച ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് പൊലീസ് സ്റ്റേഷൻ മാർച്ചുൾപ്പെടെ സമരപരിപാടികൾ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഒരു രാഷ്ട്രീയ പാർട്ടിയുടെ പരിപാടികളിൽ പങ്കെടുക്കത്തതിന്റെ പേരിൽ മകനെ മർദ്ദിച്ചിരുന്നതായി പിതാവ് പറഞ്ഞു.