v

ഇടുക്കി: അടിമാലിയിൽ ആദിവാസി പെൺകുട്ടി തൂങ്ങിമരിച്ച സംഭവത്തിൽ ദുരൂഹതയേറുന്നു. കൂട്ടുകാരിയോടൊപ്പം വീടുവിട്ട പെൺകുട്ടി രണ്ടു ദിവസം എവിടെയായിരുന്നുവെന്ന് അറിവായിട്ടില്ല. പെൺകുട്ടിയുടെ മൊബൈൽ ഫോൺ കണ്ടെത്താനുമായിട്ടില്ല. അടിമാലി സി.ഐ അനിൽ ജോർ‌ജിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം വിപുലമാക്കി.

17കാരിയായ പെൺകുട്ടിയാണ് കഴിഞ്ഞദിവസം തൂങ്ങിമരിച്ചത്. കൂട്ടുകാരിയായ 21കാരി വിഷം ഉള്ളിൽചെന്ന് എറണാകുളത്ത് ഒരു ആശുപത്രിയിൽ ചികിത്സയിലാണ്. ഇരുവരും കഴിഞ്ഞ 11നാണ് വീടുകളിൽ നിന്നും കാണാതായത്. ആരോ ഫോണിൽ വിളിച്ചതിനെ തുടർന്ന് 17കാരി വീട്ടിൽ നിന്നും പോവുകയായിരുന്നുവെന്നാണ് വീട്ടുകാർ പൊലീസിനോട് പറഞ്ഞത്. അമ്മ ചോദിച്ചെങ്കിലും എങ്ങോട്ടാണെന്നോ ആരാണ് ഫോണിൽ വിളിച്ചതെന്നോ വെളുപ്പെടുത്തിയിരുന്നില്ല. പെൺകുട്ടിയുടെ മൊബൈൽ ഫോൺ കണ്ടെത്തിയാൽ ഇതിന് ഉത്തരം കിട്ടുമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

12ന് രാത്രി പെൺകുട്ടികൾ ബന്ധുവായ പഞ്ചായത്ത് പ്രസിഡന്റ് ദീപയുടെ വീട്ടിലെത്തിയിരുന്നു. തുടർന്ന് പിറ്റെദിവസം പൊലീസ് സ്റ്റേഷനിൽ പോയി പരാതി നൽകുവാൻ ദീപ ഉപദേശിച്ചിരുന്നു. എന്നാൽ പിറ്റെദിവസം രാവിലെ ദീപ കേൾക്കുന്നത് പെൺകുട്ടി ആത്മഹത്യ ചെയ്തുവെന്നാണ്. പെൺകുട്ടികൾക്ക് പ്രശ്നങ്ങൾ ഉണ്ടായിരുന്നതായും കൗൺസിലിംഗിന് വിധേയമാക്കാൻ ആലോചിച്ചിരുന്നതായും ദീപ പറയുന്നു.

ആരോ മൊബൈൽഫോൺ വാങ്ങിനല്കിയിരുന്നതായി വീട്ടുകാർ പൊലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. നിരന്തരം ഫോണിൽ സംസാരിച്ചിരുന്നതായും വീട്ടുകാർ പറയുന്നു. ഫോണിൽ സംസാരിച്ചിരുന്ന ആളാവാം കുട്ടികളെ വീട്ടിൽനിന്ന് ഇറക്കിക്കൊണ്ടു പോയതെന്നാണ് വീട്ടുകാരുടെ സംശയം.എന്നാൽ പെൺകുട്ടികൾ പഞ്ചായത്ത് പ്രസിഡന്റ് ദീപയോട് പറഞ്ഞത് അടുത്തുള്ള വീടിന്റെ ശൗചാലയത്തിലാണ് ഒളിച്ചിരുന്നതെന്നാണ്. പക്ഷേ, ഇത് പൊലീസ് വിശ്വസിക്കുന്നില്ല. എന്തിന് ഒളിച്ചിരിക്കണമെന്നാണ് പൊലീസിന്റെ സംശയം. ഇവരുടെ മൊബൈൽ നമ്പർ വച്ച് പരിശോധിച്ചാൽ 11, 12 തീയതികളിൽ കഴിഞ്ഞിരുന്നത് എവിടെയായിരുന്നുവെന്ന് കണ്ടെത്താനാവും.

ആശുപത്രിയിൽ കഴിയുന്ന 21കാരി അപകടനില തരണം ചെയ്തിട്ടുണ്ട്. ഇവരുടെ രഹസ്യമൊഴി മജിസ്ട്രേറ്റ് ഇന്നലെ രേഖപ്പെടുത്തിയിട്ടുണ്ട്. പൊലീസ് ഇന്നോ നാളെയോ ഇവരുടെ മൊഴി രേഖപ്പെടുത്തും. അതേസമയം 17കാരി തൂങ്ങിമരിച്ചതാണെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. കൈകളിൽ മൂന്നിടത്ത് ഉരഞ്ഞ പാടുകളുണ്ട്. പൊൺകുട്ടി പീഡനത്തിന് ഇരയായിട്ടില്ലെന്നും പോസ്റ്റുമോർട്ടം നടത്തി പ്രാഥമിക റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.