കണ്ണൂർ: കണ്ണൂർ കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ 40 ജീവനക്കാർ കൊവിഡ് നിരീക്ഷണത്തിലായി. കെ.എസ്.ആർ.ടി.സി ഡ്രൈവർക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ജീവനക്കാർ നിരീക്ഷണത്തിലായത്. ഇയാൾ വിമാനത്താവളത്തിലെത്തിയ പ്രവാസികളെ നിരീക്ഷണ കേന്ദ്രത്തിലേക്ക് കൊണ്ടുപോയ ബസിലെ ഡ്രൈവറാണ്. ഡ്രൈവർ കണ്ണൂർ ഡിപ്പോയിൽ ഡ്യൂട്ടിക്കിടെ വിശ്രമിക്കാനായി ഇരുന്നിരുന്നു. ഇതേ തുടർന്നാണ് ജീവനക്കാരും നിരീക്ഷണത്തിലായത്. സംഭവത്തെ തുടർന്ന് ഡ്രൈവർ ഡ്യൂട്ടി നോക്കിയ ബസും ഓഫീസും അണുവിമുക്തമാക്കി.
സംഭവവുമായി ബന്ധപ്പെട്ട് കെ.എസ്.ആർ.ടി.സിയിലെ രണ്ട് വെഹിക്കിൾ സൂപ്രവൈസർമാരും നിരീക്ഷണത്തിലാണുള്ളത്. കണ്ണൂരിൽ നാല് പേർക്കാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്. അതേസമയം കണ്ണൂരിൽ സമ്പർക്കത്തിലൂടെ കൊവിഡ് പടർന്ന മൂന്നു പേർക്ക് രോഗത്തിന്റെ ഉറവിടം കണ്ടെത്തി. എന്നാൽ അയ്യൻകുന്ന് സ്വദേശിയായ ഗർഭിണിക്ക് കൊവിഡ് ബാധിച്ചത് എങ്ങനെയെന്ന് കണ്ടെത്താനായില്ല. ഇതു സംബന്ധിച്ച റിപ്പോർട്ട് ജില്ലാ മെഡിക്കൽ ഓഫീസർ ആരോഗ്യവകുപ്പിന് കൈമാറി.