തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനും ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റും സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവുമായ പി.എ. മുഹമ്മദ് റിയാസും വിവാഹിതരായി. തിരുവനന്തപുരത്ത് ക്ലിഫ് ഹൗസില്‍ ലളിതമായ ചടങ്ങുകളോടെയാണ് ഇരുവരും വിവാഹ രജിസ്റ്ററിൽ ഒപ്പുവച്ചത്. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചു നടത്തിയ ചടങ്ങിൽ ഇരുവരുടെയും കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.
ഐടി ബിരുദധാരിയായ വീണ ആറു വർഷം ഓറക്കിളിൽ പ്രവർത്തിച്ച ശേഷം തിരുവനന്തപുരത്ത് ആർപി ടെക്സോഫ്റ്റ് ഇന്റർനാഷനലിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി. അബുദാബിയിൽ ഒരു ബാങ്കിൽ ജോലി ചെയ്യുന്ന വിവേക് കിരൺ സഹോദരനാണ്.
മുഹമ്മദ് റിയാസ് 2017-ലാണ് അഖിലേന്ത്യാ പ്രസിഡന്റായത്. 2009ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോഴിക്കോട്ട് നിന്ന് മത്സരിച്ചിരുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥനായി വിരമിച്ച പി.എം അബ്ദുൾഖാദറിന്റെ മകനാണ്.