തിരുവനന്തപുരം: അതിരപ്പിള്ളി പദ്ധതിയുമായി മുന്നോട്ട് പോകണമെന്ന പഴയ നിലപാട് തനിക്കില്ലെന്ന് മന്ത്രി എ.കെ. ബാലൻ. 25 വർഷത്തേക്ക് 850 മെഗാവാട്ട് വൈദ്യുതി പുറത്ത് നിന്നുവാങ്ങുന്ന ഒരു കരാർ നിലവിലുണ്ട്. കൂടംകുളത്ത് നിന്ന് 400 മെഗാവാട്ട് ഏത് സാഹചര്യത്തിലും ലഭിക്കും. കേരളത്തിന് മുന്നിൽ പഴയ വൈദ്യുതി പ്രതിസന്ധിയില്ല.
ഇനി പദ്ധതി യാഥാർത്ഥ്യമാകുമെന്നൊരു പ്രതീക്ഷ തനിക്കില്ല. പക്ഷേ നാടിന്റെ വികസനത്തിന് വേണ്ടി ഒരു നിലപാട് എടുക്കുമ്പോൾ വസ്തുതകൾ മനസിലാക്കാതെ, അതിന് മുതിരുന്നവരെല്ലാം കോർപ്പറേറ്റുകൾക്കായി നിലകൊളളുന്നവരാണെന്നും അഴിമതിക്കാരാണെന്നും ആക്ഷേപിക്കുന്നതിനോട് യോജിക്കാനാകില്ല. ഒരു പദ്ധതിക്ക് വേണ്ട വിവിധ അനുമതികൾ പരിശോധിക്കുന്ന വകുപ്പുകളുടെയും ഏജൻസികളുടെയും കേന്ദ്രസംസ്ഥാന സർക്കാരുകളുടെയും അഭിപ്രായത്തെക്കാൾ പ്രാധാന്യം രാഷ്ട്രീയ പാർട്ടികളുടെ നിലപാടിനാണെങ്കിൽ പിന്നെ ആ വകുപ്പുകളും ഏജൻസികളും പിരിച്ചുവിട്ടാൽ പോരെ.
അതിരപ്പിള്ളി പദ്ധതി ഒരു ആദിവാസിയെ പോലും ബാധിക്കില്ല. പദ്ധതി പ്രദേശത്ത് ഒരു ആദിവാസിയുമില്ല. എങ്ങനെ വെള്ളം ഉയർന്നാലും അവിടെ എത്തില്ല. എങ്കിലും കരുതലിന്റെ ഭാഗമായി ആവശ്യമെങ്കിൽ മാറ്റിപ്പാർപ്പിക്കാനും തൊഴിൽ നൽകാനും തീരുമാനിച്ചിരുന്നു. അവിടെയെത്തിയ എന്നെ തടയാനായി ആ ഊരുകളിലെ ഒറ്റ ആദിവാസിയെയും കിട്ടിയില്ല. വേറെ എവിടെ നിന്നോ കൂട്ടിക്കൊണ്ടുവന്നാണ് അത് ചെയ്തതെന്നും മന്ത്രി ആരോപിച്ചു.