കുട്ടനാട്: ആലപ്പുഴയിൽ പണി പൂർത്തിയായി മണിക്കൂറുകൾക്കുള്ളിൽ റോഡ് ആറ്റിൽ പതിച്ചു. പ്രദേശത്ത് ഫിഷറീസ് ഫാം വന്നതോടെയാണ് റോഡിനുള്ള അനുമതി ലഭിച്ചത്. ശേഷം നിർമാണം ആരംഭിച്ചു. സംരക്ഷണ ഭിത്തിയില്ലാത്ത പ്രദേശത്ത് നടക്കുന്ന റോഡ് നിർമ്മാണം അശാസ്ത്രീയമാണെന്ന് പല തവണ പ്രദേശവാസികൾ പരാതിപ്പെട്ടിരുന്നു. എന്നാൽ അധികൃതർ മുന്നറിയിപ്പുകൾ ചെവിക്കൊണ്ടില്ല.
കഴിഞ്ഞാഴ്ച ടാറിങ്ങ് നടത്തിയ പ്രദേശത്ത് വിള്ളൽ കണ്ടതിനെ തുടർന്ന്, ശനിയാഴ്ച്ച പതിനൊന്ന് മണിയോടെ റീടാറിങ്ങ് നടത്തി തൊഴിലാളികൾ പോയി. എന്നാൽ ഉച്ചയ്ക്ക് രണ്ടോടെ തന്നെ വീണ്ടും വിള്ളൽ വീണു. വൈകുന്നേരം മഴ ശക്തമായതോടെ രണ്ട് തെങ്ങ് ഉൾപ്പടെ റോഡിന്റെ ഒരു ഭാഗം പമ്പയാറിന്റെ ഭാഗമായ കൊച്ചാറിടലേയ്ക്ക് പതിച്ചു.
റോഡിന് വേണ്ടി എസ്റ്റിമേറ്റ് എടുത്തിരുന്ന സമയത്ത് സംരക്ഷണഭിത്തി ഉണ്ടായിരുന്നുവെന്നും, പ്രദേശത്ത് വ്യാപകമായി നടക്കുന്ന മണൽവാരൽ മൂലമാണ് റോഡിടിഞ്ഞത് എന്നാണ് കോൺട്രാക്ടറുടെ വാദം. 'വിള്ളൽ പ്രത്യക്ഷപ്പെട്ടതോടെ ടാറിങ്ങ് പൂർത്തിയാക്കാൻ കഴിയില്ലെന്ന് ഹാർബർ എൻജിനീയറിങ്ങ് വിഭാഗത്തെ അറിയിച്ചിരുന്നു. എന്നാൽ ടാറിങ്ങ് പൂർത്തിയാക്കണമെന്ന നാട്ടുകാരുടെ ആവശ്യം അംഗീകരിച്ച അധികാരികളുടെ നിർദ്ദേശമനുസരിച്ചാണ് പണി പുനരാരംഭിച്ചത്'- കോൺട്രാക്ടർ വ്യക്തമാക്കി.
കുട്ടനാട് പോലൊരു പരിസ്ഥിതി ദുർബല പ്രദേശത്ത് പാലിക്കേണ്ട യാതൊരു മുൻകരുതലുകളും റോഡ് പണിയിൽ പാലിച്ചിട്ടില്ല. 30 വർഷം മുമ്പ് കെട്ടിയ സംരക്ഷണഭിത്തിയുടെ ഏതാനും ചില ഭാഗങ്ങൾ മാത്രമാണ് അവശേഷിച്ചിരുന്നത്. ബാക്കിയുള്ള ഭാഗങ്ങൾ കൂടി നിലംപതിച്ചാൽ പ്രദേശത്തെ വീടുകളുടെ നിലനിൽപ്പിന് തന്നെ ഭീഷണിയാകുമെന്ന് പ്രദേശവാസികൾ പറയുന്നു. ഈ ദുരവസ്ഥ മനസിലാക്കി വേണ്ട നടപടികൾ കൈക്കൊള്ളണമെന്നാണ് അധികൃതരോട് നാട്ടുകാർക്ക് പറയാനുള്ളത്.