രാജക്കാട് : ഞങ്ങളുടെ നാട്ടിൽ നിന്നും വൈദ്യുതി എത്തിയാലെ കേരളം പ്രകാശിക്കൂ എന്ന സ്വകാര്യ അഹങ്കാരം പേറുന്നവരാണ് പൊതുവെ ഇടുക്കിക്കാർ. ഇതിനൊപ്പം സംസ്ഥാനത്തെ വൈദ്യുതി മന്ത്രികൂടി ഇടുക്കിക്കാരനായതോടെ ആ സന്തോഷം ഇരട്ടിച്ചു. എന്നാൽ ലോക്ഡൗണിനു ശേഷം കെ.എസ്.ഇ.ബി നൽകി കൊണ്ടിരിക്കുന്ന ഷോക്ക് ട്രീറ്റ്‌മെന്റിൽ നിന്നും ഇടുക്കികാർക്കും രക്ഷയില്ല എന്ന അവസ്ഥയാണ്.
മന്ത്രിയുടെ സ്വന്തം ജില്ലക്കാരിയായ രാജമ്മയുടെ വീട്ടിലുള്ളത് ആകെ രണ്ട് ബൾബുകളും ഒരു ടിവിയുമാണ്. അതിനാൽ തന്നെ സാധാരണയായി 292 രൂപയാണ് കഴിഞ്ഞ തവണയും നൽകിയത്. എന്നാൽ ലോക്ക് ഡൗണിൽ രാജമ്മയ്ക്ക് കിട്ടിയത് 11,359 രൂപയുടെ വൈദ്യുതി ബില്ലാണ്. മുൻ തവണയുമായി തട്ടിച്ചു നോക്കിയാൽ നാൽപ്പത് മടങ്ങ് വർദ്ധന. ദിവസവും കൃഷിപ്പണിക്ക് പോയില്ലെങ്കിൽ വീട് പട്ടിണിയാവുന്ന അവസ്ഥയാണ്. വീട്ടിൽ അധിക ഇലക്ട്രിക് ഉപകരണമൊന്നും കാണാത്തതിനാൻ വൈദ്യുത ചോർച്ചയെന്ന ന്യായമാണ് കെ.എസ്.ഇ.ബി പാവങ്ങളുടെ കാര്യത്തിൽ ഉയർത്തുന്നത്. ലോക്ക് ഡൗണിൽ മാത്രം വൈദ്യുത ചോർച്ച ഉണ്ടാകുമോ എന്ന് ചോദിക്കരുത്. വിലക്കയറ്റത്തിന്റെ ബില്ലിൽ കുടിലിനെയും കൊട്ടാരത്തെയും ഒഴിവാക്കാതെ സോഷ്യലിസം നടപ്പിലാക്കിയ കെ.എസ്.ഇ.ബി രാജമ്മയുടെ കണ്ണീര് കാണുമോ ? ബിൽ തുക കുറയ്ക്കുമോ ? അതോ പതിവ് രീതിയിൽ മനസിലാവാത്ത കണക്ക് പറഞ്ഞ് ഹരിച്ച് ഗുണിക്കുമോ ? കണ്ടറിയാം.