തിരുവനന്തപുരം: യുവാവിന്റെ മൃതദേഹം കെട്ടി തൂക്കിയ നിലയിൽ. തിരുവനന്തപുരം ശ്രീകാര്യം ജംഗ്ഷന് സമീപത്തെ ഐ.സി.ഐ.സി.ഐ ബാങ്കിന് പിന്‍വശത്ത് രണ്ട് കെട്ടിടങ്ങള്‍ക്കിടയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെ ബാങ്കിലെത്തിയവരാണ് മൃതദേഹം കണ്ടത്. മൃതദേഹം കാണപ്പെട്ട സ്ഥലത്തും പരിസരത്തും പലസ്ഥലത്തായി രക്തത്തുള്ളികൾ കട്ട പിടിച്ച നിലയിൽ കണ്ടെത്തിയിട്ടുണ്ട്.
എങ്ങനെയോ പരിക്ക് പറ്റി വന്നശേഷം ജീവനൊടുക്കിയതോ ആരെങ്കിലും അക്രമിച്ചശേഷം അപായപ്പെടുത്തിയതോ ആകാമെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. മൃതദേഹം താഴെയിറക്കി പരിശോധിച്ചാലേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂ. ഇതിനായി ഫയർ ഫോഴ്സിന്റെ സഹായം തേടിയതായി പൊലീസ് വെളിപ്പെടുത്തി. ശാസ്ത്രീയ തെളിവെടുപ്പിനായി ഫിംഗർ പ്രിന്റ് വിദഗദ്ധരും ഫോറൻസിക് സംഘവും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തിയിട്ടുണ്ട്.
ബാങ്കിൽ രാത്രി സെക്യൂരിറ്റി ജീവനക്കാരനുണ്ടായിരുന്നെങ്കിലും സംഭവത്തെപ്പറ്റി അറിയില്ലെന്നാണ് ഇയാൾ പൊലീസിനോട് വെളിപ്പെടുത്തിയിരിക്കുന്നത്. കഴക്കൂട്ടം അസി.കമ്മിഷണറുടെ നേതൃത്വത്തിൽ അന്വേഷണ നടപടികൾ ആരംഭിച്ചിട്ടുണ്ട്. കൊലപാതകമെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.