ബെയ്ജിംഗ്: ചൈനയിൽ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും കൊവിഡ് പിടിമുറുക്കുന്നു. 75 പേർക്കാണ് രാജ്യത്ത് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ബെയ്ജിംഗ് നഗരത്തിൽ സർക്കാർ നിയന്ത്രണങ്ങൾ ശക്തമാക്കി. ബെയ്ജിംഗിലെ പ്രമുഖ മൊത്തവ്യാപാര ഭക്ഷ്യ മാർക്കറ്റായ സിൻഫാദി മാർക്കറ്റ് ഉൾപ്പെടെയുള്ളവ അടച്ചിട്ടു.
ഇവിടെ നിന്നാണ് കൊവിഡ് വ്യാപനമുണ്ടായത്. തലസ്ഥാന നഗരിയിൽ പച്ചക്കറികളും ഇറച്ചികളും വിതരണം ചെയ്യപ്പെടുന്നത് ഈ മാർക്കറ്റിൽ നിന്നാണ്. ഇതിനു പുറമെ മറ്റ് ഒമ്പത് മാർക്കറ്റുകൾ കൂടി അടച്ചിട്ടുണ്ട്. വടക്കുപടിഞ്ഞാറൻ ഹെയ്ഡിയൻ ജില്ലയിലെ രണ്ടാമത്തെ വലിയ ഭക്ഷ്യ വിപണന കേന്ദ്രമായ സിൻഫാദി മാർക്കറ്റുമായി ബന്ധപ്പെട്ട് പുതിയ കേസുകൾ കണ്ടെത്തിയതായും ഇതേ തുടർന്ന് വിപണനകേന്ദ്രവും സമീപത്തെ സ്‌കൂളും ചുറ്റുമുള്ള പത്ത് പ്രദേശങ്ങളും അടച്ചിടുകയാണെന്നും ഉദ്യോഗസ്ഥർ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
അതേസമയം സിൻഫാദി മാർക്കറ്റ് ഉറവിട കേന്ദ്രമായി 75 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് ഗ്ലോബൽ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ മാർക്കറ്റുമായി ബന്ധപ്പെട്ട് ജോലിചെയ്യുന്ന 10,000 ത്തോളം പേരെ കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. ചൈനയിൽ തുടർച്ചയായി 50 ദിവസങ്ങളിൽ കേസുകളൊന്നും റിപ്പോർട്ട് ചെയ്തിരുന്നില്ല. എന്നാൽ ശനിയാഴ്ച മാത്രം 36 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ ചൈന വീണ്ടും വൈറസ് വ്യാപനത്തിന്റെ പിടിയിലാവുകയായിരുന്നു.