guruvayoor

തൃശൂർ : ലോക്ക്ഡൗണിൽ ക്ഷേത്രങ്ങൾ അടഞ്ഞു കിടന്നതു കാരണം തിരുവിതാംകൂർ ദേവസ്വം ബോർഡിനു കീഴിലുള്ളതുൾപ്പടെയുള്ള ക്ഷേത്രങ്ങൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. എന്നാൽ ഈ ക്ഷേത്രങ്ങളിൽ നിന്നും വ്യത്യസ്തമായ ഒരു പ്രശ്നമാണ് ഗുരുവായൂർ ക്ഷേത്ര ഭാരവാഹികൾ നേരിടുന്നത്. ക്ഷേത്രത്തിലെ ഭണ്ഡാരങ്ങളെല്ലാം നിറഞ്ഞു കവിഞ്ഞ നിലയിലാണ്. ലോക്ക് ഡൗണിൽ ക്ഷേത്രം അടഞ്ഞു കിടന്നതിനാൽ ഭണ്ഡാരത്തിലെ പണം തുറന്ന് എണ്ണിനോക്കാൻ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ നാലുമാസമായി ഈ പ്രവർത്തി മുടങ്ങിയിരിക്കുകയാണ്. ഭണ്ഡാരത്തിലുള്ള നോട്ടുകൾ പൂപ്പലുപിടിച്ച് നശിക്കുമോ എന്ന ആധിയിലാണ് ഉദ്യോഗസ്ഥർ.

ആകെയുള്ളത് 36 ഭണ്ഡാരങ്ങൾ
ഗുരുവായൂർ ക്ഷേത്രത്തിലെത്തുന്ന ഭക്തർക്ക് കാണിക്കയിടാനായി ആകെ 36 ഭണ്ഡാരങ്ങളാണ് സജ്ജീകരിച്ചിട്ടുള്ളത്. ഇതിൽ നിന്നും അവസാനമായി കാണിക്ക പുറത്തെടുത്ത് എണ്ണിയത് ഫെബ്രുവരി 15നാണ്. അതിനു ശേഷം നാലുമാസമായി പണം പുറത്തെടുത്തിട്ടില്ല. അവസാനം കാണിക്ക എണ്ണിയപ്പോൾ 3.48 കോടി രൂപയും 3.61 കിലോ സ്വർണവും പതിനൊന്ന് കിലോ വെള്ളിയും ലഭിച്ചു. ദേശസാൽകൃത ബാങ്കുകളിലെ ഉദ്യോഗസ്ഥരെത്തിയാണ് ഈ കാണിക്ക എണ്ണുന്നത്. സാധാരണയായി അൻപതോളം ആളുകൾ പന്ത്രണ്ടോളം ദിവസമെടുത്താണ് ഭണ്ഡാരങ്ങളിലെ കാണിക്ക എണ്ണിതീർക്കുന്നത്.

കൊവിഡ് നിയന്ത്രണങ്ങൾ പ്രാബല്യത്തിലായതോടെ മാർച്ച് 21 മുതൽ ക്ഷേത്രത്തിൽ ഭക്തരെ പ്രവേശിപ്പിക്കുന്നത് നിർത്തി വയ്ക്കുകയായിരുന്നു. മഴക്കാലം ആരംഭിച്ചതോടെ ഭണ്ഡാരത്തിലെ നോട്ടുകൾ പൂപ്പൽ പിടിച്ച് ഉപയോഗ ശൂന്യമാകുമോ എന്ന ആധിയിലാണ് ഉദ്യോഗസ്ഥരിപ്പോൾ.