മുംബയ്: അനിൽ അംബാനിയിൽ നിന്ന് 1200 കോടിയിലധികം രൂപയുടെ റിക്കവറിക്കായി എസ്.ബി.ഐ (സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ) നാഷണൽ കമ്പനി ലോ ട്രൈബ്യൂണലിനെ (എൻ.സി.എൽ.ടി) സമീപിച്ചു. പാപ്പർ നിയമത്തിലെ പേഴ്‌സണൽ ഗ്യാരണ്ടി വ്യവസ്ഥ പ്രകാരമാണ് അനിൽ അംബാനിക്കെതിരായ എസ്.ബി.ഐയുടെ നിയമ നടപടി. റിലയൻസ് കമ്മ്യൂണിക്കേഷൻസിനും റിലയൻസ് ഇൻഫ്രാടെല്ലിനും നൽകിയിരുന്ന ലോണുകൾക്ക് അനിൽ അംബാനി പേഴ്‌സണൽ ഗ്യാരണ്ടികൾ നൽകിയിരുന്നു. മറുപടി നൽകാൻ അനിൽ അംബാനിക്ക് ട്രൈബ്യൂണൽ ഒരാഴ്ചത്തെ സമയം അനുവദിച്ചു.
അതേസമയം റിലയൻസ് കമ്മ്യൂണിക്കേഷൻസും റിലയൻസ് ഇൻഫ്രാടെല്ലും എടുത്ത ലോണുകളുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് ഇതെന്നും അനിൽ അംബാനി വ്യക്തിപരമായി എടുത്ത ലോണല്ലെന്നും അദ്ദേഹത്തിന്റെ വക്താവ് മാദ്ധ്യമങ്ങളോട് പറഞ്ഞു. 2020 മാർച്ചിൽ ആർകോമിന്റേയും ആർ.ഐ.ടി.എല്ലിന്റേയും റെസൊലൂഷൻ പ്ലാനുകൾ അംഗീകരിച്ചിരുന്നു. ഈ റെസൊലൂഷൻ പ്ലാനുകൾക്ക് എൻ.സി.എൽ.ടിയുടെ അംഗീകാരം വേണ്ടതുണ്ട്. അനിൽ അംബാനി മറുപടി നൽകുമെന്നും എസ്.ബി.ഐയ്ക്ക് അനുകൂലമായി ഒന്നും എൻ.സി.എൽ.ടിയുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ലെന്നും പ്രസ്‌താവനയിൽ പറയുന്നു.