nucli

ന്യൂഡൽഹി:- ആണവായുധങ്ങൾ കൈവശമുള്ള ഒൻപത് രാജ്യങ്ങളിൽ ഇന്ത്യയെക്കാൾ ആണവായുധങ്ങൾ ചൈനയ‌്ക്കും പാകിസ്ഥാനുമാണുള്ളതെന്ന് പുതിയ വിവരം. യുദ്ധങ്ങളെയും യുദ്ധകാര്യങ്ങളെക്കുറിച്ചും ലോക രാജ്യങ്ങൾക്ക് വേണ്ട പഠന, ഉപദേശങ്ങൾ നൽകുന്ന സ്‌റ്റോക്ഹോം അന്താരാഷ്ട്ര സമാധാന ഗവേഷണ ഇൻസ്‌റ്റിറ്റ്യൂട്ടിലെ ഈ വർഷത്തെ ഇയർബുക്കിലാണ് ഈ വിവരമുള്ളത്. 2020 ജനുവരി വരെ ചൈനയുടെ കൈവശം 320 ആണവായുധങ്ങളാണുള‌ളത്. 160 ആയുധങ്ങളാണ് പാകിസ്ഥാന്റെ ആയുധപ്പുരയിലുള‌ളത്. ഇന്ത്യക്കോ 150 എണ്ണം മാത്രം. 2019 ആരംഭത്തിൽ ചൈനയ്ക്ക് 290 ആണവായുധങ്ങളുണ്ടായിരുന്നു. പാകിസ്ഥാന് 150-160 വരെയും ഇന്ത്യക്ക് 130-140 എണ്ണവുമാണ് ഉണ്ടായിരുന്നത്.

ചൈന അവരുടെ ആയുധങ്ങൾ സ്ഥിരമായി പരിഷ്കരിച്ച് തങ്ങളുടെ ആണവ ശക്തിയെ പരിപോഷിപ്പിച്ച് നിർത്തുന്നുണ്ട്. ഭൂമിയിൽ നിന്നും സമുദ്രത്തിൽ നിന്നും തൊടുക്കാവുന്ന തരം ആണവ മിസൈലുകൾ, ആണവ മിസൈലുകളെ വഹിക്കാൻ ശേഷിയുള‌ള വിമാനങ്ങൾ എന്നിവ ചൈന വികസിപ്പിച്ചിട്ടുണ്ട്. എന്നാൽ ഇന്ത്യയും പാകിസ്ഥാനും വളരെ മെല്ലെയാണ് തങ്ങളുടെ ആണവ ശേഷി വികസിപ്പിക്കുന്നത്. ഇന്ത്യയും ചൈനയും തമ്മിൽ ലഡാക്കിൽ നിലനിൽക്കുന്ന സംഘർഷത്തിന്റെ സമയത്ത് തന്നെയാണ് ഈ വിവരങ്ങൾ പുറത്ത് വരുന്നത് എന്നതും ശ്രദ്ധേയമാണ്. ഉത്തരാഖണ്ഡ്, സിക്കിം, അരുണാചൽ പ്രദേശ് എന്നിവിടങ്ങളിൽ ഇരു രാജ്യങ്ങളും സൈന്യത്തെ വിന്യസിച്ചിരുന്ന സമയവുമാണിത്.

ലോകത്ത് ആണവായുധങ്ങളുള‌ള എല്ലാ രാജ്യങ്ങളും അവയുടെ പരിഷ്‌കരണം 2019ൽ നടത്തിയിട്ടുണ്ടെന്ന് ഇൻസ്‌റ്റിറ്റ്യൂട്ട് നൽകുന്ന വിവരത്തിലുണ്ട്. അന്താരാഷ്ട്ര സുരക്ഷ, ആണവ നിരായുധീകരണം, നിലവിലെ ആണവ ആയുധങ്ങളുടെ അവസ്ഥകൾ എന്നിവയുടെയും മൂല്യനിർണ്ണയം നടത്തിയിട്ടുണ്ട്. 6375 ആണവായുധങ്ങളുള്ള റഷ്യ ഒന്നാമതും 5800 ആയുധശേഖരമുള‌ള അമേരിക്ക രണ്ടാമതുമാണ്. ഇവർ ഇരുവരും ചേർന്നാൽ തന്നെ ലോകത്തെ 90 ശതമാനം ആണവ ആയുധങ്ങളുമായി.

അമേരിക്ക, റഷ്യ, യു.കെ, ഫ്രാൻസ്, ചൈന, ഇന്ത്യ, പാകിസ്ഥാൻ, ഇസ്രായേൽ, ഉത്തര കൊറിയ എന്നിവയാണ് നിലവിലെ ആണവശക്തരായ രാജ്യങ്ങൾ. 2020 ജനുവരി വരെയുള‌ള കണക്കനുസരിച്ച് 13400 ആയുധങ്ങൾ ഇവയ്ക്ക് എല്ലാം ആകെയുണ്ട്. 2019ൽ 13,865 ആയുധങ്ങളാണ് ഉണ്ടായിരുന്നത്. സൈന്യത്തിന്റെ പക്കൽ 3720 ആയുധങ്ങളുണ്ട്.1800ഓളം എണ്ണം അടിയന്തിര ആവശ്യങ്ങൾക്കായി മാറ്രിവച്ചിരിക്കുന്നു. ചൈന നിരന്തരം ആണവശക്തി പ്രദർശിപ്പിക്കുന്നുണ്ടെങ്കിലും ഇവയെ കുറിച്ചുള‌ള കുറച്ച് മാത്രം വിവരങ്ങളാണ് നൽകുക. പാകിസ്ഥാനും ഇന്ത്യയും ആണവ മിസൈൽ പരീക്ഷണങ്ങൾ നിരന്തരം നടത്തുന്നെങ്കിലും അവയുടെ വിവരങ്ങളും നൽകിയിട്ടില്ലെന്ന് ഗവേഷണ ഇൻസ്‌റ്റിറ്റ്യൂട്ട് അറിയിക്കുന്നു.

2019ൽ കേന്ദ്രം പ്രതിരോധ ചിലവ് 6.8% ഉയർത്തി 71.1 ബില്യൺ ഡോളർ ആയി. ലോകത്ത് പ്രതിരോധത്തിന് ഏറ്രവുമധികം തുക വകയിരുത്തുന്ന മൂന്നാമത് രാജ്യമായിരുന്നു ഇന്ത്യ. അമേരിക്കയുടെയും ചൈനയുടെയും പിന്നിലായിരുന്നു ഇന്ത്യയുടെ സ്ഥാനം. ആദ്യമായാണ് രണ്ട് ഏഷ്യൻ രാജ്യങ്ങൾ പ്രതിരോധ ചിലവിന്റെ കണക്കിൽ ആദ്യ മൂന്ന് സ്ഥാനത്ത് വരുന്നത്.