ന്യൂഡൽഹി : ചൈനയുടെ രഹസ്യ പിന്തുണയോടെ സമാധാന കാംക്ഷിയായ ഇന്ത്യയെ പിണക്കി ഉത്തരാഖണ്ഡിന്റെ ഭാഗമായ ലിംപിയാധുര, കാലാപാനി, ലിപുലെഖ് തുടങ്ങിയ പ്രദേശങ്ങളെ ഉൾപ്പെടുത്തിയുള്ള ഭൂപടത്തിന് നേപ്പാൾ പാർലമെന്റ് കഴിഞ്ഞ ദിവസം അംഗീകാരം നൽകിയിരുന്നു. നീണ്ട മൗനമാണ് നേപ്പാളിന്റെ ഈ പ്രകോപന നടപടിക്കു നേരെ ഇന്ത്യ സ്വീകരിച്ചത്. ഇരു രാഷ്ട്രങ്ങളും തമ്മിൽ ചരിത്രാതീത കാലം മുതൽ തുടങ്ങിയ ബന്ധത്തിൽ വിള്ളൽ വീണ ദിവസം ഇന്ത്യയിൽ നടന്ന ഒരു ചടങ്ങ് ദേശീയ മാദ്ധ്യമങ്ങളിലടക്കം വാർത്തയായി. മൂന്ന് നേപ്പാൾ കേഡറ്റുകൾ ഇന്ത്യൻ മിലിട്ടറി അക്കാദമിയിൽ നിന്ന് ബിരുദം നേടിയ വാർത്തയായിരുന്നു അത്. നേപ്പാളിലെ ധീരൻമാർക്ക് ഇന്ത്യയെ സേവിക്കുവാനുള്ള അവസരം സൈന്യം നൽകുന്നുണ്ട്. ഇതിനായി ഗൂർഖാ റെജിമെന്റ് എന്ന പ്രത്യേക വിഭാഗം പ്രവർത്തിക്കുകയും ചെയ്യുന്നു.
ഇന്ത്യൻ ആർമിയിൽ ഓഫീസർമാരായി ചുമതലയേൽക്കുന്ന മൂന്ന് നേപ്പാളി കേഡറ്റുകളും ഇപ്പോഴത്തെ സംഭവ വികാസങ്ങളെ കുറിച്ച് പ്രതികരിച്ചില്ല. വെറും രാഷ്ട്രീയ വിവാദം എന്ന തലത്തിൽ മാത്രമാണ് അവർ ഇതു കാണുന്നത്. എന്നാൽ ഇന്ത്യയെ സേവിക്കുക എന്നതാണ് അന്തിമമായ ലക്ഷ്യമെന്നും അവർ കൂട്ടിച്ചേർത്തു. ഓഫീസർമാരായ മൂന്നു നേപ്പാളി കേഡറ്റുകളിൽ സൂരജ് റായി എന്ന നേപ്പാൾ സ്വദേശി കഴിഞ്ഞ ഏഴു വർഷമായി ഗൂർഖാ റെജിമെന്റിൽ സേവനം അനുഷ്ഠിക്കുകയാണ്. തന്റെ പിതാവും മുത്തച്ഛനും ഗൂർഖാ റെജിമെന്റിൽ സൈനികരായി സേവനം അനുഷ്ഠിച്ചവരാണ്. എന്നാൽ മിലിട്ടറി ഓഫീസർ എന്ന ഉയർന്ന പദവി കുടുംബത്തിൽ സ്വന്തമാക്കാൻ ഭാഗ്യം ലഭിച്ചത് തനിക്കാണെന്നും സൂരജ് റായ് അഭിമാനത്തോടെ പറയുന്നു.
സൂരജ് റായിയെ പോലെ നൂറുകണക്കിന് നേപ്പാളി യുവാക്കളാണ് ഇന്ത്യൻ സൈന്യത്തിന്റെ ഭാഗമാകാൻ കൊതിക്കുന്നത്. അവരുടെ കുടുംബത്തിൽ ഇന്ത്യയ്ക്ക് വേണ്ടി പോരാടിയ നിരവധിപേരുണ്ട് എന്നതാണ് അതിന് കാരണം. ഇന്ത്യൻ സൈന്യത്തിൽ ചേരുന്നതിന്റെ ഒരു നീണ്ട പാരമ്പര്യമാണ് നേപ്പാളിനുള്ളത് എന്നതു കൊണ്ടുതന്നെ ഇപ്പോഴത്തെ വിവാദങ്ങളിൽ സ്വന്തം രാജ്യത്തെ പഴിക്കുന്ന യുവത്വമാണ് അധികവും. സ്വാതന്ത്ര്യാനന്തര കാലത്ത് ഇന്ത്യയും നേപ്പാളും തമ്മിലുണ്ടാക്കിയ സമാധാന കരാർ പ്രകാരം ഏതൊരു ഇന്ത്യക്കാരനും നേപ്പാളിൽ സ്ഥിരതാമസമാക്കാനും ഏത് ജോലിയും ചെയ്യാനും കഴിയും തിരിച്ചും ഇതുപോലെ നേപ്പാളിലുള്ളവർക്കും ചെയ്യാം. ഈ കരാർ പ്രകാരമാണ് നേപ്പാളിലെ ജനങ്ങൾ ഇന്ത്യൻ സേനയിൽ ജവാനും ഉദ്യോഗസ്ഥരും ആകുന്നത്. ബ്രിട്ടീഷുകാരുടെ കാലം മുതൽക്കേ നേപ്പാളി ഗൂർഖകളുടെ ധൈര്യവും ആത്മാർത്ഥതയും അംഗീകരിക്കപ്പെട്ട് തുടങ്ങിയതാണ് ഗൂർഖ റെജിമെൻറ്.