kaumudy-news-headlines


1. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയും ഡിവൈ.എഫ്.ഐ ദേശീയ പ്രസിഡന്റ് മുഹമ്മദ് റിയാസും വിവാഹിതരായി. ക്ലിഫ് ഹൗസില്‍ കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ലളിതമായ ചടങ്ങിലാണ് വിവാഹം നടന്നത്.


2.തിരുവനന്തപുരം ശ്രീകാര്യത്ത് മൃതദേഹം കെട്ടിത്തൂക്കിയ നിലയില്‍ കണ്ടെത്തി. ആളൊഴിഞ്ഞ വീടിന് സമീപം സ്വകാര്യ ബാങ്കിന് പിന്നില്‍ കെട്ടി തൂക്കിയ നിലയിലാണ് പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്. മുഖത്തും ശരീരത്തിലും മുറിവുകള്‍ ഉണ്ട്. കൊലപാതകം എന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.
3.കണ്ണൂര്‍ കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലെ ജീവനക്കാരെ ക്വാറന്റീനില്‍ പ്രവേശിപ്പിച്ചു. വിമാന താവളത്തില്‍ എത്തിയ ആളുകളെ കൊണ്ടുവന്ന ഡ്രൈവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ആണ് നടപടി. ഈ ഡ്രൈവര്‍ കണ്ണൂരിലെ ഡിപ്പോയില്‍ വിശ്രമിച്ചിരുന്നു. 40 ജീവനക്കാരേയും രണ്ട് മെഡിക്കല്‍ സൂപ്പര്‍ വൈസര്‍മാരേയും ആണ് ക്വാറന്റീനില്‍ പ്രവേശിപ്പിച്ച് ഇരിക്കുന്നത്. ബസും ഓഫീസും അണുവിമുക്തം ആക്കിയിട്ടുണ്ട്. എടയൂര്‍ ഗ്രമപഞ്ചായത്ത് ഓഫീസും അടച്ചു. ഓഫീസിലെ ഒരു ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആണ് നടപടി. ഭരണസമിതി അംഗങ്ങളും ജീവനക്കാരും നിരീക്ഷണത്തില്‍ പോയി.
4. അതിനിടെ, സംസ്ഥാനത്ത് കൊവിഡ് സുരക്ഷയില്‍ വീണ്ടും വീഴ്ച. പാലക്കാട് ജില്ലയില്‍ നിന്നും കൊവിഡ് നീരിക്ഷണത്തില്‍ ഇരുന്ന ആള്‍ ചാടിപ്പോയി. പാലക്കാട് ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ കൊവിഡ് നിരീക്ഷണത്തില്‍ ഐസോലേഷന്‍ വാര്‍ഡില്‍ കഴിഞ്ഞ ആളാണ് രക്ഷപ്പെട്ടത്. ഇന്ന് പുലര്‍ച്ചെ ഒന്നേ കാലോടെ ആണ് ഇയാള്‍ ആശുപത്രിയില്‍ നിന്നും കടന്നത്. മൂന്നു ദിവസം മുന്‍പ് പഴനിയില്‍ നിന്ന് തിരിച്ചു വരും വഴി പത്തിരിപ്പാലയില്‍ വച്ചാണ് ഇയാളെ നിരീക്ഷണത്തില്‍ ആക്കിയത്. ഇയാള്‍ക്ക് കൊവിഡ് ലക്ഷണങ്ങള്‍ ഉണ്ടായിരുന്നു എന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.
5. അതേസമയം, കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് അടച്ചിട്ട തൃശൂര്‍ ചാവക്കാട് താലൂക്ക് ആശുപത്രി ഭാഗികമായി തുറന്നു. ആശുപത്രി ജീവനക്കാരില്‍ ഒന്‍പതുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് ആശുപത്രി അടച്ചത്. കൊവിഡ് പരിശോധന നടത്തിയ 117 ജീവനക്കാരില്‍ അധികം പേരുടെയും ഫലം നെഗറ്റീവയ സാഹചര്യത്തില്‍ ആണ് ആശുപത്രി വീണ്ടു തുറന്നത്. കണ്ണൂരില്‍ കൊവിഡ് പടര്‍ന്നത് എവിടെ നിന്നെന്ന് കണ്ടെത്താന്‍ ആകാതിരുന്ന മൂന്ന് രോഗികളുടെ രോഗത്തിന്റെ ഉറവിടം കണ്ടെത്തി. എന്നാല്‍ അയ്യന്‍കുന്ന് സ്വദേശിയായ ഗര്‍ഭിണിക്ക് കൊവിഡ് ബാധിച്ചത് എങ്ങനെയെന്ന് കണ്ടെത്താന്‍ ആയില്ല. ഇവരുടേതും ചെറുകുന്ന് സ്വദേശിയായ തടവു പുള്ളിയുടെയും രോഗ പരിശോധനയില്‍ വീഴ്ചയുണ്ടയോ എന്നും സംശയമുണ്ട്. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ റിപ്പോര്‍ട്ട് ആരോഗ്യവകുപ്പിന് കൈമാറി.
6. ലോക്ഡൗണ്‍ കാലത്തിന് ശേഷം സംസ്ഥാനത്ത് സിനിമാ ചിത്രീകരണം വീണ്ടും തുടങ്ങി. അവസാന ഘട്ടത്തിലെത്തിയ 10 സിനിമകളുടെ ഇന്‍ഡോര്‍ ചിത്രീകരണമാണ് നടക്കുന്നത്. സിനിമകളുടെ ഇന്‍ഡോര്‍ ഷൂട്ടിംഗിന് മാത്രമാണ് സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കി ഇരിക്കുന്നത്. സിനിമാ ചിത്രീകരണത്തിന് പരമാവധി അന്‍പത് പേര്‍മാത്രമേ പാടൂള്ളൂ. ടിവി സീരിയല്‍ ചിത്രീകരണത്തിന് പരമാവധി 25 പേര്‍ക്കാണ് അനുമതി നല്‍കി ഇരിക്കുന്നത്.
7. അതേസമയം, സിനിമ താരങ്ങളുടെ പ്രതിഫലം കുറയ്ക്കുന്നത് സംബന്ധിച്ച് അമ്മ സംഘടനയുടെ തീരുമാനം വൈകുന്നതില്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ അതൃപ്തി അറിയിച്ചു. കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ സിനിമ മേഖല വന്‍ സാമ്പത്തിക പ്രതിസന്ധിയില്‍ ആണെന്നും അതിനാല്‍ താരങ്ങള്‍ കുറഞ്ഞത് 25 ശതമാനമെങ്കിലും പ്രതിഫലം കുറക്കണം എന്നാണ് നിര്‍മ്മാതാക്കളുടെ ആവശ്യം. പ്രധാന സാങ്കേതിക പ്രവര്‍ത്തകരും പ്രതിഫലം കുറക്കണം എന്നും ആവശ്യമുണ്ട്. വിഷയത്തില്‍ ഫെഫ്ക ചര്‍ച്ച തുടങ്ങിയിട്ടും താരങ്ങളുടെ സംഘടനയായ അമ്മയുടെ ചര്‍ച്ചകള്‍ വൈകുകയാണ്. അമ്മ സംഘടനയുടെ തീരുമാനം വൈകാതെ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് നിര്‍മ്മാതാക്കളുടെ സംഘടന.